Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർഗീയ ശക്തികൾ ജാതിയും...

വർഗീയ ശക്തികൾ ജാതിയും മതവും പറഞ്ഞ് ഇന്ത്യയെ ഛിദ്രമാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തുന്നു -മുഖ്യമന്ത്രി

text_fields
bookmark_border
വർഗീയ ശക്തികൾ ജാതിയും മതവും പറഞ്ഞ് ഇന്ത്യയെ ഛിദ്രമാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തുന്നു -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: രാജ്യത്തിന്റെ പരമാധികാരത്തിനുനേർക്ക് പുറമെനിന്നു സാമ്രാജ്യത്വ ഭീഷണി ഉയരുന്ന ഘട്ടത്തിൽത്തന്നെ, ജനങ്ങളുടെ ഒരുമയെ ഛിദ്രമാക്കാൻ പോരുന്ന വിപൽക്കരമായ ഭീഷണികൾ അകമേനിന്നും ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിന പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വർഗീയതയുടെ ശക്തികൾ ജാതി പറഞ്ഞും മതം പറഞ്ഞും 'ഇന്ത്യ എന്ന വികാര'ത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിവരുന്നു. ഇതിനെ എല്ലാ വേർതിരിവുകൾക്കും അതീതമായി ഒറ്റമനസ്സായി ചെറുത്തുതോൽപ്പിക്കാൻ കഴിയണം. ഇതിനുവേണ്ട പ്രതിജ്ഞ എടുക്കേണ്ട സന്ദർഭം കൂടിയാണിത്.

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 78 വർഷമാവുകയാണ്. സ്വാതന്ത്ര്യത്തിന്റെ എട്ടാം പതിറ്റാണ്ടിലേക്ക് നാം മെല്ലെ നീങ്ങുകയാണ്. ഇത് തീരെ ചെറിയ ഒരു കാലയളവല്ല. ഒരു രാഷ്ട്രത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിൽപ്പോലും രാഷ്ട്രീയ ഇച്ഛാശക്തിക്കനുസരിച്ച് മാറ്റിയെടുക്കാൻ മതിയായ കാലയളവാണത്.

ഒരുപാടു കാര്യങ്ങളിൽ മുമ്പോട്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. പല മേഖലകളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളാകെ അഭിമാനം കൊള്ളാറുണ്ട്. അതു വേണ്ടതാണുതാനും. എന്നാൽ ആ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോഴും ഇന്ത്യൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ മറ്റ് തലങ്ങളെക്കുറിച്ചു നാം വിസ്മരിച്ചുകൂടാ. അവയെക്കുറിച്ച് ചിന്തിക്കാൻ കൂടി പ്രേരകമാവണം സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങ്.

സമഗ്രവും പൂർണവും പുരോഗമനോന്മുഖവുമായി രാഷ്ട്രത്തെ മാറ്റുക എന്ന സ്വപ്‌നം സഫലമായോ? അങ്ങനെ കൂടി ചിന്തിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വരും പതിറ്റാണ്ടുകളെ എങ്ങനെ സമീപിക്കാമെന്ന ആലോചനകൾക്കു തെളിച്ചം കിട്ടുന്നത്. ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു രക്തസാക്ഷിത്വം വരിച്ചവരുണ്ട്. ഒരുപാട് വേദനകൾ സഹിച്ച് ത്യാഗപൂർവം ജീവച്ഛവങ്ങളായി ജീവിച്ചുമരിച്ചവരുണ്ട്. അവരുടെയൊക്കെ സ്വപ്‌നങ്ങളിൽ ഒരു ഇന്ത്യയുണ്ടായിരുന്നു. അവരുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ടോ?

ദാരിദ്ര്യമില്ലാത്ത, പട്ടിണിമരണമില്ലാത്ത, ബാലവേലയില്ലാത്ത, നിരക്ഷരരില്ലാത്ത, ജാതിവിവേചനമില്ലാത്ത, മതവിദ്വേഷമിലാത്ത, ജീവിതായോധനത്തിനുള്ള ഉപാധികൾ നിഷേധിക്കപ്പെടാത്ത, തൊഴിലില്ലായ്മയില്ലാത്ത ഒരു ഇന്ത്യ. ആ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഇല്ല എന്നതാണു സത്യം. അതുകൊണ്ടുതന്നെ അതൊക്കെ യാഥാർത്ഥ്യമാക്കിയെടുക്കുന്നതിനു പുനരർപ്പണം ചെയ്യുക എന്നുള്ളതാണ് ഈ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ നമുക്കു കരണീയമായിട്ടുള്ളത്.

ഇവിടെ നമുക്ക് ഒരു മാതൃകയുണ്ട്. അത് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി തന്നെയാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ വർണ്ണപ്പൊലിമകളെല്ലാം നഗരങ്ങളിൽ അതിഗംഭീരമായി നടന്നുകൊണ്ടിരിക്കെ അതിലൊന്നും പങ്കെടുക്കാതെ, നഗരത്തിന്റെ മറുപുറത്തെ ഇരുളടഞ്ഞ ഗലികളിലേക്ക്, ചേരികളിലേക്ക്, അവരിലൊരാളായി കഴിയാൻവേണ്ടി നടന്നകന്ന മഹാത്മാഗാന്ധി.

ഉപരിതലത്തിലെ ആഘോഷങ്ങളിൽ മതിമയങ്ങിയാൽ ആന്തരതലത്തിലെ നീറ്റലറിയാതെ പോകും എന്ന സന്ദേശമുണ്ട് മഹാത്മജിയുടെ ആ പ്രവൃത്തിയിൽ. അതിലെ മനുഷ്യസ്‌നേഹപരവും ദേശാഭിമാനപരവുമായ സന്ദേശം ഉൾക്കൊള്ളാൻ കഴിയുന്ന ഏതൊരാൾക്കും, ഏറ്റെടുക്കാനുള്ള പുതിയ ദൗത്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ട ഘട്ടമായിക്കൂടിയേ സ്വാതന്ത്ര്യ ദിനാഘോഷത്തെ വരവേൽക്കാനാവൂ.

കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം ഒരു ചെറിയ ഇടവേളയിലൊഴികെ പൊതുവേ ഇക്കാലത്താകെ ഈ രാജ്യത്ത് ജനാധിപത്യം നിലനിർത്താൻ നമുക്കു കഴിഞ്ഞു എന്നതാണ്. ഇതൊരു ചെറിയ കാര്യമല്ല. നമ്മുടെ അയൽ രാജ്യങ്ങൾ പലതും ഇടയ്ക്കിടെ ജനാധിപത്യം അട്ടിമറിക്കപ്പെട്ട് പട്ടാളഭരണത്തിലേക്കു വഴുതിവീഴുന്നതു നാം കണ്ടു. ജനാധിപത്യത്തെ കൈയ്യൊഴിഞ്ഞ് മതാധിപത്യ ഭരണത്തിനുവേണ്ടിയുള്ള മുറവിളികൾ അവിടങ്ങളിൽ ചിലയിടങ്ങളിലെങ്കിലും ശക്തമാവുന്നതു നമ്മൾ കണ്ടു. സാമ്രാജ്യത്വത്തിന്റെ പാവ ഭരണങ്ങളാൽ ജനാധിപത്യ സർക്കാരുകൾ പകരംവെക്കപ്പെടുന്നതും നമ്മൾ കണ്ടു.

എന്തൊക്കെ പോരായ്മകൾ ഏതൊക്കെ തലത്തിലുണ്ടായാലും ജനാധിപത്യം ആത്യന്തികമായി ധ്വംസിക്കപ്പെടരുത് എന്ന കാര്യത്തിൽ ഭരണഘടനാ നിർമ്മാതാക്കൾ വെച്ച നിഷ്‌കർഷ ഭരണഘടനയിൽ പ്രതിഫലിച്ചു കാണാം. അതിനെ പരിരക്ഷിക്കേണ്ടതുണ്ട്.

ഭരണഘടന അതിന്റെ പ്രിയാംബിളിൽ തന്നെ ഉയർത്തിപ്പിടിച്ചിട്ടുണ്ട് ഇന്ത്യൻ റിപ്പബ്ലിക്കിനുള്ള ചില വിശേഷണങ്ങൾ. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കൽപം തുടങ്ങിയ മൂല്യങ്ങളാണവ. അവ ഭരണഘടനാമൂല്യങ്ങളാണ്. നിർബന്ധമായും നടപ്പാക്കിയെടുക്കാനുള്ളതാണ്; ചർച്ചയ്ക്കു വിഷയമാക്കാനുള്ളതല്ല. ആ നിലയ്ക്കുള്ള ബോധ്യത്തോടെ

ഭരണഘടനാ മൂല്യങ്ങൾക്കായി നമ്മൾ നമ്മളെത്തന്നെ പുനരർപ്പിക്കുക എന്നതാണ് സ്വാതന്ത്ര്യദിനത്തിൽ ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം.

ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവർത്തിക്കാനുള്ള ദൗത്യം നാം ഏറ്റെടുത്തിരിക്കുന്ന ഘട്ടമാണിത്. നവവിജ്ഞാനാധിഷ്ഠിത സമ്പൽഘടനയിൽ പടുത്തുയർത്തപ്പെടുന്ന കേരളം. നമ്മുടെ വരും തലമുറകളുടെ ഭാവിഭാഗധേയം ഭദ്രമാക്കുന്നതിന് ആവിഷ്‌ക്കരിച്ചിട്ടുള്ളതാണിത്.

ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും ഒരുപോലെ ശക്തിപ്പെടുത്തിയാണ് നാം മുമ്പോട്ടുപോകുന്നത്. ഒരുവശത്ത് അതിദാരിദ്ര്യ നിർമ്മാർജ്ജനം അടക്കമുള്ളവ. മറുവശത്ത് ഭാവി കേരളം കെട്ടിപ്പടുക്കൽ. ഇവയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തും എന്നു പ്രതിജ്ഞ ചെയ്യേണ്ട സന്ദർഭം കൂടിയാണിത്. ഡിജിറ്റൽ സാക്ഷരതയടക്കമുള്ളവ കൈവരിച്ചുകൊണ്ട് പുതിയ കാലത്തിലൂടെ മുന്നേറുകയാണ് നമ്മൾ. എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടുള്ള സമഗ്രമായ മുന്നേറ്റമാണിത്.

ജാതി - മതാദി വേർതിരിവുകൾക്കെല്ലാം അതീതമായ മനുഷ്യമനസ്സുകളുടെ ഒരുമയാണ് ഇന്ത്യ എന്ന വികാരത്തിന്റെ അടിത്തറ. അതും മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളും പരിരക്ഷിച്ചു ശക്തിപ്പെടുത്തി നാം മുമ്പോട്ടുപോകും. കേരളമെന്നു കേൾക്കുമ്പോൾ അന്തരംഗം അഭിമാനപൂരിതമാവുകയും ഇന്ത്യ എന്നു കേൾക്കുമ്പോൾ ജനതയുടെ ഐക്യം ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയ്ക്കായി പ്രതിബദ്ധതയോടെ നിലകൊള്ളും. ഇതാവട്ടെ ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രതിജ്ഞ -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence dayIndependence Day SpeechPinarayi Vijayan
News Summary - pinarayi vijayan independence day speech
Next Story