തിരുവനന്തപുരം: മലപ്പുറം ജില്ലാ കലക്ടർക്കും പൊലീസ് സൂപ്രണ്ടിനും കോവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്കപട്ടികയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ.
കരിപ്പൂർ വിമാനാപകടസ്ഥലം സന്ദർശിച്ചപ്പോഴായിരുന്നു മലപ്പുറം കലക്ടർ കെ. ഗോപാലകൃഷ്ണൻ, പൊലീസ് സൂപ്രണ്ട് യു. അബ്ദുൽ കരീം എന്നിവരുമായുള്ള സമ്പർക്കം. മുഖ്യമന്ത്രിക്ക് പുറമെ സംഘത്തിലുണ്ടായിരുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, എ.സി. മൊയ്തീൻ, ഡോ.കെ.ടി. ജലീൽ, വി.എസ്. സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ എന്നിവരും നിരീക്ഷണത്തിൽ പോയി. ഇതോടെ ശനിയാഴ്ച തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി പെങ്കടുക്കില്ല. പകരം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരിക്കും ദേശീയപതാക ഉയർത്തുക.
എന്നാൽ, സ്ഥലം സന്ദർശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരീക്ഷണത്തിൽ പോകില്ല. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവരും സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ട്. മുഖ്യമന്ത്രി, മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി മൊയ്തീൻ, വി.എസ്. സുനിൽകുമാർ, ഇ.പി. ജയരാജൻ തുടങ്ങിയവരുടെ പരിശോധനഫലം നെഗറ്റീവായി. എന്നാൽ ഇവരെല്ലാം നിരീക്ഷണത്തിൽ തുടരണമെന്ന് അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വാർത്തസമ്മേളനങ്ങൾ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.