'നിയമം അതിന്റെ വഴിക്ക് നടക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു'; ഹൈക്കോടതി ഉത്തരവിൽ പിണറായി
text_fieldsതിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എല്ലാ ഘട്ടത്തിലും രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച ആളാണ് താനെന്നും അതുകൊണ്ട് നിയമം അതിന്റെ വഴിക്ക് നടക്കുമെന്ന് വിശ്വാസം ഉണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായുള്ള വിധിയാണ് ഇന്ന് ഹൈകോടതി പുറത്തുവിട്ടതെന്നും പിണറായി വിജയൻ പറഞ്ഞു.
പിണറായിക്കെതിരായ കൈക്കൂലി കേസും പി.എ. മുഹമ്മദ് റിയാസ് എം.എൽ.എക്കെതിരായ ഹവാല കേസും രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പ്രകാരമുള്ള എല്ലാ തുടർനടപടികളും ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിനു പിന്നാലെയാണ് പ്രതികരണം. സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ പിണറായി വിജയൻ സമർപ്പിച്ച അപ്പീൽ ഫയൽ സ്വീകരിച്ചാണ് നടപടി. അപ്പീലിൽ വധം പൂർത്തിയാകുന്നതുവരെ എഫ് .ഐ.ആറിൽ തുടർനടപടികൾ സ്വീകരിക്കരുതെന്നും ഹൈകോടതി നിർദേശിച്ചു. വിജിലന്‍സിനും ഇ.ഡിക്കും കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. നാലാഴ്ചക്കകം ഇ.ഡിയും വിജിലൻസും മറുപടി നൽകണമെന്നാണ് നിർദേശം. ഇടപാടുകൾ കമ്പനികൾ തമ്മിലുള്ളതാണെന്നും അതിന്റെ പേരിൽ മാത്രം പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസിൽ ഉൾപ്പെടുത്താനാവില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഹൈകോടതി അപ്പീലുകളിൽ അന്തിമ തീരുമാനം എടുക്കുന്നതുവരെ എഫ്.ഐ.ആറും തുടർനടപടികളും മുന്നോട്ടുപോകില്ല.
ചേരാനല്ലൂർ അപകടത്തിന് പിന്നാലെ കുടുംബത്തെ സന്ദർശിച്ചതിനെ കുറിച്ചും പിണറായി വിജയൻ മാധ്യമങ്ങളോട് സംസാരിച്ചു. കുടുംബം നടപടികളിൽ തൃപ്തരല്ലെന്നും പ്രതികൾക്ക് എളുപ്പത്തിൽ നിയമ നടപടികളിൽ നിന്ന് ഊരിപ്പോകാൻ കഴിയുമെന്ന് കുടുംബം ആശങ്ക പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

