ജനങ്ങൾക്ക് ഗുണം ചെയ്യുന്നവരോടൊപ്പമാണ് അയ്യപ്പനും എല്ലാ ദേവഗണങ്ങളും -മുഖ്യമന്ത്രി
text_fieldsകണ്ണൂർ: എൽ.ഡി.എഫിന് ചരിത്ര വിജയമാണ് കേരളം സമ്മാനിക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളുടെ കരുത്താണ് ഈ തെരഞ്ഞെടുപ്പിൽ പ്രകടമാകുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങൾ നടന്നെങ്കിലും അതൊന്നും ജനങ്ങൾ മുഖവിലക്കെടുത്തിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതുപോലെ എല്ലാ അപവാദ പ്രചരണങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ശേഷം ഇതേവരെ സ്വീകരിച്ചിട്ടുള്ളത്. അതിൻെറ തുടർച്ചയായി അന്തിമ വിധിയാണ് ഇന്ന് ജനങ്ങൾ രേഖപ്പെടുത്തുക.
നേമത്തെ ബി.ജെ.പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യും. മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി അവർക്ക് വോട്ട് മറിച്ചുകൊടുക്കാൻ യു.ഡി.എഫ് നിശ്ചയിച്ചിട്ടുണ്ടോ എന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലമ്പുഴയിലൊന്നും ഒരു രക്ഷയും ബി.ജെ.പിക്ക് കിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം വ്യക്തമാക്കി.
തുടർഭരണമുണ്ടാകില്ലെന്നും ശബരിമലയുടെ ശാപമുണ്ടാകുമെന്നുമുള്ള സുകുമാരൻ നായരുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം അങ്ങനെ പറയാൻ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാരണം അദ്ദേഹം അയ്യപ്പ വിശ്വാസിയാണ്. മുഴുവൻ വിശ്വാസികളും ഈ സർക്കാറിനോടൊപ്പമാണ്, ജനങ്ങൾക്ക് ഗുണം ചെയ്യുന്നവരോടൊപ്പമാണ് എല്ലാ ദേവഗണങ്ങളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.