Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നന്ദകുമാറിന്റെ വർഗീയ പ്രസംഗത്തെ ന്യായീകരിച്ച് പിണറായി

text_fields
bookmark_border
Opposition Leader Pinarayi Vijayan addressing the public meeting and defending P Nandakumar
cancel

മലപ്പുറം: മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി. നന്ദകുമാറിന്റെ മലപ്പുറത്തെ കുറിച്ചുള്ള വർഗീയ പ്രസംഗത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മലപ്പുറം എന്നത് മതസൗഹാർദ്ദം എന്നും ശക്തമായി നിലനിൽക്കുന്ന പ്രദേശമാണെന്നും, എന്നാൽ ഈ അന്തരീക്ഷം തകർക്കാൻ വർഗീയ ശക്തികളും മതമൗലികവാദികളും ശ്രമിക്കുന്നുണ്ടെന്നും , അതിനെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് നന്ദകുമാർ തന്റെ പ്രസംഗത്തിലൂടെ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചതെന്നും പിണറായി പറഞ്ഞു. രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തിന്റെ പ്രസംഗം ബോധപൂർവ്വം വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് നടന്ന സി.പി.എം വിശാല ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് അധികാരത്തിൽ വന്നതുമുതൽ ആർ.എസ്.എസ് അജണ്ടകൾ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. വന്ദേമാതരം പൂർണ്ണമായി ചൊല്ലിയതും, കേന്ദ്രത്തിന്റെ വഖഫ് ബോർഡ് പരിഷ്കരണങ്ങളോടുള്ള സർക്കാരിന്റെ നിലപാടും ഇതിന് ഉദാഹരണമായി അദ്ദേഹം എടുത്തുപറഞ്ഞു. കേന്ദ്രം വഖഫ് ബോർഡിൽ അമുസ്‌ലീങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ചപ്പോൾ എൽ.ഡി.എഫ് അതിനെതിരെ കോടതിയെ സമീപിച്ചുവെന്നും, എന്നാൽ ലീഗ് മന്ത്രിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ബോർഡ് പിരിച്ചുവിടാനാണ് കോടതിയിൽ ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ 'പി.എം ശ്രീ' പദ്ധതി നടപ്പിലാക്കില്ലെന്ന ഉറച്ച നിലപാടിൽ നിന്നും യു.ഡി.എഫ് ഇപ്പോൾ പിന്നോക്കം പോയി കള്ളക്കളി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപമുണ്ടായ സംഘർഷത്തിൽ പൊലീസിനും യൂത്ത് കോൺഗ്രസിനുമെതിരെ പിണറായി വിജയൻ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. സാധാരണയായി പ്രതിഷേധങ്ങൾ രക്തസാക്ഷി സ്ക്വയറിലോ ആശാൻ സ്ക്വയറിലോ ആണ് ആരംഭിക്കാറുള്ളതെങ്കിലും, ഇത്തവണ മനഃപൂർവ്വം യൂണിവേഴ്സിറ്റി ഹോസ്റ്റൽ ലക്ഷ്യമാക്കിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. ഹോസ്റ്റലിലേക്ക് തീപ്പന്തവും കല്ലുകളും എറിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചേർന്ന്, ആക്രമണം തടയേണ്ട പൊലീസ് ഹോസ്റ്റലിനകത്ത് അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയാണുണ്ടായത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ അടക്കം തല തല്ലിപ്പൊളിച്ച പൊലീസ് നടപടിയെ അദ്ദേഹം അപലപിച്ചു.

യൂത്ത് കോൺഗ്രസ് അധ്യക്ഷനായ മന്ത്രിയുടെ നേതൃത്വത്തിലാണ് ഇത്തരം അക്രമങ്ങൾ അരങ്ങേറിയതെന്നും, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയ ആംബുലൻസുകൾ പോലും സമരക്കാർ തടഞ്ഞുവെന്നും പിണറായി കുറ്റപ്പെടുത്തി. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്നതിൽ പൊലീസ് പൂർണ്ണമായും പരാജയപ്പെട്ടുവെന്നും, യു.ഡി.എഫ് ഭരണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണ് സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Opposition Leader Pinarayi Vijayan Defends P Nandakumar's Malappuram Remark, Slams UDF Government and Police
Next Story