Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകായുക്തയെ എക്സിക്യൂട്ടീവിന്റെ വരുതിയിലാക്കാൻ യുഡിഎഫ് ശ്രമിക്കുന്നു; ഭരണഘടനാ ലംഘനമെന്ന് പിണറായി വിജയൻ

text_fields
bookmark_border
Opposition Leader Pinarayi Vijayan criticizing the UDF government over the high-level meeting convened with Lokayukta judges
cancel

തിരുവനന്തപുരം: സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ലോകായുക്ത സംവിധാനത്തെ എക്സിക്യൂട്ടീവിന്റെ വരുതിയിലാക്കാൻ യുഡിഎഫ് സർക്കാർ നടത്തുന്ന നീക്കം അങ്ങേയറ്റം തെറ്റായ കീഴ്വഴക്കവും കടുത്ത ഭരണഘടനാ ലംഘനവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ലോകായുക്ത, ഉപലോകായുക്തമാർ എന്നിവരുൾപ്പെടെ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത ഉന്നതതല യോഗം അത്യന്തം ഗൗരവകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അസഫ് അലി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. ഇന്ത്യൻ ഭരണഘടനയുടെയും 1999 ലെ കേരള ലോകായുക്ത നിയമത്തിന്റെയും അന്തസ്സത്തയെ പൂർണ്ണമായും അട്ടിമറിക്കുന്നതാണ് ഈ നടപടിയെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും തമ്മിൽ വേർതിരിക്കണമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വത്തിനും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനും നിരക്കാത്തതാണ് ഒരു മന്ത്രി നേരിട്ട് ലോകായുക്തയേയും ഉപലോകായുക്തമാരേയും വിളിച്ചു ചേർക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ സാമാജികരും ഉൾപ്പെടുന്ന പൊതുസേവകർക്കെതിരെയുള്ള അഴിമതിയും അധികാര ദുർവിനിയോഗവും അന്വേഷിക്കാൻ അധികാരമുള്ള സ്വതന്ത്ര സംവിധാനമാണ് ലോകായുക്ത. ലോകായുക്തയുടെ അന്വേഷണ പരിധിയിൽ വരുന്ന ആഭ്യന്തര മന്ത്രി തന്നെ ആ സ്ഥാപനത്തിന്റെ തലവന്മാരെ വിളിച്ചുവരുത്തി നിർദ്ദേശങ്ങൾ നൽകുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭയമോ പക്ഷപാതിത്വമോ പ്രീതിയോ കൂടാതെ പ്രവർത്തിക്കേണ്ട ജഡ്ജിമാരെ സർക്കാർ പ്രതിനിധികളുടെയും പ്രോസിക്യൂഷൻ മേധാവിയുടെയും സാന്നിധ്യത്തിൽ മന്ത്രി വിളിച്ചുകൂട്ടിയത് സ്ഥാപനത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് പൊതുജനങ്ങളിൽ സംശയം ജനിപ്പിക്കും.

പ്രതിപക്ഷത്തായിരുന്നപ്പോൾ ലോകായുക്തയുടെ സ്വയംഭരണാധികാരത്തെക്കുറിച്ച് വാതോരാതെ പ്രസംഗിച്ചവരാണ് യുഡിഎഫ് നേതാക്കൾ. എൽഡിഎഫ് സർക്കാർ ലോകായുക്ത നിയമഭേദഗതി ബിൽ കൊണ്ടുവന്നപ്പോൾ അത് അധികാരങ്ങൾ കവർന്നെടുക്കാനാണെന്ന് ആരോപിച്ച് ഗവർണർക്ക് നിവേദനം നൽകിയവരാണ് ഇന്നത്തെ ഭരണപക്ഷമെന്ന് പിണറായി ഓർമ്മിപ്പിച്ചു. മാത്രമല്ല, നിയമഭേദഗതിക്കെതിരെ ഹൈക്കോടതിയിൽ നേരിട്ട് ഹർജി നൽകിയ വ്യക്തിയാണ് ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെന്നും, ആ കേസ് ഹൈക്കോടതി തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിന്റെ അനുചിതമായ ഇടപെടൽ ലോകായുക്താ ന്യായാധിപരെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതാണ്. ലോകായുക്തയുടെ വിശ്വാസ്യത തകർക്കുന്ന ഈ നീക്കം സർക്കാരും മന്ത്രിമാരും ആവർത്തിക്കരുതെന്നും ഇത്തരം സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാർ എന്നിവരുള്‍പ്പെട്ട ഉന്നതതല യോഗം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തത് അത്യന്തം ഗൗരവകരവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അസഫ് അലി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇത്തരമൊരു യോഗം നടന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഒരു നീതിന്യായ സംവിധാനത്തെ എക്സിക്യൂട്ടീവിന്‍റെ വരുതിയിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം തെറ്റായ കീഴ്വഴക്കവും കടുത്ത ഭരണഘടനാ ലംഘനവുമാണ്.

ഇന്ത്യന്‍ ഭരണഘടനയുടെയും 1999 ലെ കേരള ലോകായുക്ത നിയമത്തിന്‍റെയും അന്തസ്സത്തയെ പൂര്‍ണ്ണമായും അട്ടിമറിക്കുന്നതാണ് ഈ നടപടി. ഒരു മന്ത്രി നേരിട്ട് ലോകായുക്തയേയും ഉപലോകായുക്തമാരേയും വിളിച്ചു ചേർക്കുന്നത്, എക്സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും തമ്മില്‍ വേര്‍തിരിക്കണമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വത്തിനും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനും നിരക്കാത്തതാണ്. കേരള ലോകായുക്ത നിയമപ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ സാമാജികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന പൊതുസേവകര്‍ക്കെതിരെയുള്ള അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം മുതലായവ അന്വേഷിക്കാന്‍ അധികാരമുള്ള സ്വതന്ത്ര സംവിധാനമാണ് ലോകായുക്ത. ലോകായുക്തയുടെ അന്വേഷണ പരിധിയില്‍ വരുന്ന ആഭ്യന്തര മന്ത്രി തന്നെ ആ സ്ഥാപനത്തിന്റെ തലവന്മാരെ വിളിച്ചുവരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് നിയമവിരുദ്ധമാണ്.

തെളിവുകള്‍ സ്വീകരിക്കാനും സാക്ഷികളെ വിളിച്ചുവരുത്താനും അന്വേഷണം നടത്തി പൊതുസേവകര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കാനും നിയമപരമായ അധികാരമുള്ള സംവിധാനമാണിത്. ഭയമോ പക്ഷപാതിത്വമോ പ്രീതിയോ കൂടാതെ പ്രവര്‍ത്തിക്കേണ്ട ജഡ്ജിമാരെ സര്‍ക്കാര്‍ പ്രതിനിധികളുടെയും പ്രോസിക്യൂഷന്‍ മേധാവിയുടെയും സാന്നിധ്യത്തില്‍ മന്ത്രി വിളിച്ചുകൂട്ടിയത് സ്ഥാപനത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് സംശയം ജനിപ്പിക്കാന്‍ ഇടയാക്കും.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ ലോകായുക്തയുടെ സ്വയംഭരണാധികാരത്തെയും നിഷ്പക്ഷതയെയും കുറിച്ച് വാതോരാതെ പ്രസംഗിച്ചവരാണ് യുഡിഎഫ് നേതാക്കള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ക്കും സ്വാഭാവിക നീതിക്കും അനുസൃതമായി ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ അത് ലോകായുക്തയുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനാണെന്ന് ആരോപിച്ച് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയവരാണ് ഇന്നത്തെ ഭരണപക്ഷം. മാത്രമല്ല, നിയമഭേദഗതി ലോകായുക്തയുടെ നീതിന്യായ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വാദിച്ച് ഹൈക്കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കിയ വ്യക്തിയാണ് ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആ കേസ് ഹൈക്കോടതി തള്ളുകയായിരുന്നു.

സര്‍ക്കാരിന്റെ അനുചിതമായ രീതിയിലുള്ള ഇടപെടലാണ് തിരുവനന്തപുരത്തു ചേർന്ന ഈ യോഗം. ലോകായുക്താ ന്യായാധിപരെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന നടപടി ഔചിത്യപൂര്‍വ്വമല്ല. ലോകായുക്തയുടെ വിശ്വാസ്യത തകര്‍ക്കുന്ന ഈ നീക്കം സർക്കാരും മന്ത്രിമാരും ആവര്‍ത്തിക്കരുത്. ഇത്തരം സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempt to Bring Lokayukta Under Executive Control is a Grave Constitutional Violation: Pinarayi Vijayan Criticizes UDF Government
Next Story