പൊലീസിനെ പണവും സ്വാധീനവും ഉള്ളവരുടെ അകമ്പടിക്കാരായി അധ:പതിപ്പിക്കരുത്: പിണറായി വിജയൻ
text_fieldsപിണറായി വിജയൻ
കൊച്ചി: ചേരാനെല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ച സംഭവത്തിൽ പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയതിൽ പൊലീസിനെയും സർക്കാറിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയൻ. മൃതദേഹം വിട്ടുകിട്ടുന്നതിനു മുമ്പ്തന്നെ പ്രതിക്ക് ജാമ്യം അനുവദിച്ച പൊലീസ് നടപടിക്കെതിരെ ജയബാലകൃഷ്ണന്റെ മക്കൾ സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വിമർശന കുറിപ്പ് പിണറായി വിജയൻ പങ്കുവെച്ചത്.
റോഡിൽ മനുഷ്യരക്തം വീഴ്ത്തുന്നവർക്ക് പണവും സ്വാധീനവുമുണ്ടെങ്കിൽ പ്രത്യേക ആനുകൂല്യവും പരിഗണനയും ലഭിക്കുന്നത് എന്തുതരം നിയമപാലനമാണ്? എന്ന ചോദ്യം ഉന്നയിച്ചാണ് പിണറായി വിജയൻ കുറിപ്പ് തുടങ്ങുന്നത്. എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കേണ്ട പൊലീസിനെ പണവും സ്വാധീനവും ഉള്ളവരുടെ അകമ്പടി സേവകരായി അധ:പതിപ്പിക്കരുതെന്നും കുറിപ്പിൽ പറയുന്നുണ്ട്.
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ രക്ഷിക്കാനായി പൊലീസ് നടത്തിയ അതേശ്രമമാണ് ഇന്നലെ ചേരാനല്ലൂരും ആവർത്തിച്ചിരിക്കുന്നത്. വാഹനമോടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത, ലൈസൻസില്ലാത്ത പതിനേഴുകാരൻ ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പൊലീസിന് ആരാണ് അധികാരം കൊടുത്തത്? എഫ്.ഐ.ആറിൽ പ്രതിയുടെ പേര് മറച്ചുവെച്ച് 'അൺനോൺ' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, അപകട ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരുടെ ഫോണുകൾ പിടിച്ചുവാങ്ങി തെളിവ് നശിപ്പിക്കാൻ പൊലീസ് ശ്രമിച്ചു. ഉന്നതരുടെ മക്കൾ എന്ത് നിയമലംഘനം നടത്തിയാലും അത് മൂടിവെക്കാൻ പൊലീസുണ്ട് എന്ന അഹങ്കാരത്തിനാണ് സർക്കാർ കുടപിടിക്കുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നത് ജനാധിപത്യ സമൂഹത്തിന് അപമാനമാണ്. തെറ്റായ സ്വാധീനമുപയോഗിച്ച് കേസ് തേച്ചുമായ്ച്ചു കളയാമെന്ന് യുഡിഎഫ് സർക്കാറും പൊലീസും കരുതേണ്ട. നീതിക്കായുള്ള ആ കുടുംബത്തിന്റെ പോരാട്ടത്തിൽ ഈ നാട് ഒറ്റക്കെട്ടായി അവർക്കൊപ്പമുണ്ടാകുമെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് ജഡ്ജിയുടെ പതിനേഴുകാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ചാണ് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ ഇന്നലെ പുലർച്ചെ മരിച്ചത്. പ്രതിയെ ജാമ്യത്തിൽ വിട്ടയച്ച ശേഷം വീണ്ടും കസ്റ്റഡിയിലെടുക്കണമെന്നും മൈനറാണെങ്കിൽ ഉത്തരവാദിയായ പിതാവിനെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ പിതാവ് റെനോ ഫ്രാൻസിസ് സേവ്യറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, മാതാപിതാക്കൾ അറിയാതെയാണ് ഫ്ലാറ്റിൽനിന്ന് കാർ എടുത്തതെന്നാണ് പതിനേഴുകാരൻ പൊലീസിന് നൽകിയ മൊഴി.

