പ്രതിപക്ഷ നേതാവ് ബി.ജെ.പി തന്ത്രത്തിനു കൂട്ടുനിൽക്കുമ്പോഴും ലീഗ് നേതാക്കൾ വേറിട്ട് നിൽക്കുന്നു -മുഖ്യമന്ത്രി
text_fieldsപാലക്കാട്: സർവകലാശാല വൈസ് ചാൻസലർമാരുടെ രാജി തേടിയ ഗവർണർക്കെതിരെ മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവിനും വിമർശനം. പ്രതിപക്ഷ നേതാവ് ബി.ജെ.പിയുടെ തന്ത്രത്തിനു കൂട്ടുനിൽക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കളങ്ങളായി സർവകലാശാലകളെ മാറ്റിക്കൊടുക്കലാണു ഗവർണറുടെ ലക്ഷ്യം. ഇതു കാണാൻ കഴിയുന്നവർ യു.ഡി.എഫിൽ പോലുമുണ്ട്. പ്രതിപക്ഷ നേതാവ് ബി.ജെ.പിയുടെ ഈ തന്ത്രത്തിനു കൂട്ടുനിൽക്കുമ്പോഴും ലീഗ് നേതാക്കൾ വേറിട്ട ശബ്ദത്തിൽ സംസാരിക്കുന്നത് അവർ ഈ ആപത്തു തിരിച്ചറിയുന്നതു കൊണ്ടാവണം -മുഖ്യമന്ത്രി പറഞ്ഞു.
ജെ.എൻ.യുവിലും ഹൈദരബാദ് സർവകലാശാലയിലും ഒക്കെ സംഘപരിവാർ ഇടപെട്ടതു നമ്മൾ കണ്ടതാണ്. അതുമായി ചേർത്തു വായിക്കേണ്ടതുണ്ട് ഇവിടെ സർവകലാശാലകൾക്കുനേർക്കുനടക്കുന്ന ആക്രമണങ്ങളെയും. ഇതു കൂട്ടിവായിക്കാത്തവർ വലിയ രാഷ്ട്രീയ അബദ്ധത്തിലേക്കാണ് എടുത്തു ചാടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊളാണിയൽ ഭരണകാലത്തിന്റെ നീക്കിയിരിപ്പായി കൈ വന്നിട്ടുള്ള അധികാരത്തിനു ജനാധിപത്യത്തിലുള്ള പരിമിതി മനസ്സിലാക്കണം. ചാൻസലർ സ്ഥാനം ജനാധിപത്യ വ്യവസ്ഥ കനിഞ്ഞു നൽകിയ ഉദാരതയാണ്. ആ വ്യവസ്ഥയ്ക്ക് എപ്പോഴും തിരിച്ചെടുക്കാവുന്നതേയുള്ളു അത്. തുടരെ ജനാധിപത്യത്തിനും സർവകലാശാലയുടെ സ്വയംഭരണാധികാരത്തിനും നേർക്കു കടന്നുകയറിയിട്ടും അതു തിരിച്ചെടുക്കാതിരിക്കുന്നെങ്കിൽ അത് ഉയർന്ന ഉദാര മാനാഭാവം കൊണ്ടു മാത്രമാണ്. ഭയം കൊണ്ടല്ല. കടന്നുകയറ്റശ്രമങ്ങളെ അക്കാദമിക് സമൂഹവും പൊതു ജനാധിപത്യ സമൂഹവും നേരിടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

