വി.സി നിയമനം ചട്ടവിരുദ്ധമെങ്കിൽ ഉത്തരവാദി ഗവർണർ -രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
text_fieldsമുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു
പാലക്കാട്: വൈസ് ചാൻസലർമാരുടെ രാജി തേടിയ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ഗവർണർ പദവി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജനാധിപത്യത്തിന്‍റെ അന്തസത്തയെ നിരാകരിക്കുന്ന രീതിയുമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഒമ്പത് സർവകലാശാല വി.സിമാരോട് രാജി തേടിയ സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകാൻ പാലക്കാട്ട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യു.ജി.സി ചട്ടങ്ങൾ പാലിക്കാതെയാണ് ഈ ഒൻപത് സർവകലാശാലകളിലും വി.സി നിയമനങ്ങൾ നടന്നതെന്നാണ് ഗവർണർ പറയുന്നത്. ഒൻപത് സർവകലാശാലകളിലും ഗവർണറാണ് നിയമന അധികാരി. വിസി നിയമനങ്ങൾ ചട്ടവിരുദ്ധമായാണ് നടന്നതെങ്കിൽ അതിന്റെ പ്രാഥമിക ഉത്തരവാദിത്വം നിയമനാധികാരിയായ ഗവർണർക്ക് തന്നെയല്ലേ. ഗവർണറുടെ തന്നെ ലോജിക് പ്രകാരം പദവിയിൽ നിന്ന് ഒഴിയേണ്ടത് വിസി മാരാണോ? അതും ആലോചിക്കുന്നത് നന്നാണ് -മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്‍റെയും അക്കാദമികമായി സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കേണ്ട സർവകലാശാലകളുടെയും അധികാരത്തിലുള്ള കടന്നുകയറ്റമാണത്. അക്കാദമിക മികവിന്‍റെ ഉയരങ്ങളിലേക്ക് മുന്നേറുന്ന കേരളത്തിലെ സർവകലാശാലകൾക്ക് നേരെ നശീകരണ ബുദ്ധിയോടെ യുദ്ധം നടത്തുകയാണ്.
ഉന്നതവിദ്യാഭ്യാസ രംഗത്തെ ഈ ഇടപെടലിൽ സ്വാഭാവിക നീതിയുടെ ലംഘനമുണ്ട്. വൈസ് ചാൻസലർമാരുടെ വാദം പോലും കേൾക്കാതെയാണ് ചാൻസലറുടെ ഭാഗത്തു നിന്നുള്ള ഏകപക്ഷീയമായ നീക്കം. ല്ലാത്ത അധികാരം പ്രയോഗിച്ചു കളയാം എന്ന് കരുതരുത്. ഉത്തരത്തെ പിടിച്ചു നിര്‍ത്തുന്നത് താനാണ് എന്ന് കരുതുന്നതു പോലത്തെ മൗഢ്യമാണത്.
ടെക്‌നോളജി യൂനിഴ്‌സിറ്റി വി.സിയുടെ കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റു സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവെക്കാൻ ചാൻസലർ എന്ന നിലയ്ക്ക് ഗവർണർക്ക് ആവശ്യപ്പെടാനാകില്ല. കാരണം, കോടതിയുടെ ഉത്തരവ് ആ വിസിക്ക് മാത്രമേ ബാധകമാകുന്നുള്ളൂ. ആ വിസിക്കെതിരെയായിരുന്നു ഹർജി സമർപ്പിക്കപ്പെട്ടത്. അതുകൊണ്ട് വിധി ഉണ്ടായത് ആ നിയമനവുമായി ബന്ധപ്പെട്ടു മാത്രമാണ്. പൊതു ഹർജിയാണെങ്കിൽ തീരുമാനം എല്ലാവർക്കും ബാധകമാണെന്ന് പറയാമായിരുന്നു. എന്നാൽ, ഇക്കാര്യം വ്യത്യസ്തമാണ്.
സർവകലാശാലയുടെ ഫണ്ട് ദുരുപയോഗം, മോശം പെരുമാറ്റം എന്നിങ്ങനെ രണ്ട് കാരണങ്ങളാൽ മാത്രമേ ഒരു വിസിയെ നീക്കം ചെയ്യാൻ കഴിയൂ. എന്നാൽ ഈ ആരോപണങ്ങൾ ഹൈക്കോടതി ജഡ്ജിയോ സുപ്രീം കോടതി ജഡ്ജിയോ അന്വേഷിക്കേണ്ടതുണ്ട്, കുറ്റം തെളിഞ്ഞാൽ മാത്രമേ വിസിയെ നീക്കാൻ കഴിയൂ. യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർക്ക് വിസിയെ പിരിച്ചുവിടാൻ വ്യവസ്ഥയില്ല.
യു.ജി.സി പ്രകാരമുള്ള അക്കാദമിക് യോഗ്യതകളിൽ ഒന്നിൽ പോലും വെള്ളം ചേർക്കാതെയാണ് ഇതുവരെയുള്ള എല്ലാ വൈസ് ചാൻസലർ നിയമനങ്ങളും സംസ്ഥാനത്ത് നടന്നത്. കാര്യങ്ങൾ ഇതായിരിക്കെ, സ്വാഭാവിക നീതിയുടെ തത്വങ്ങൾ പോലും പാലിക്കാതെയാണ് മികവിന്റെ കേന്ദ്രങ്ങളായ ഒൻപത് സർവകലാശാലാ വൈസ് ചാൻസലർമാരെ നീക്കം ചെയ്യാനുള്ള അസാധാരണ നടപടി ചാൻസലർ ആരംഭിച്ചത്.
നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് നിയമിച്ച വൈസ് ചാൻസലർമാർ ഇന്ന ദിവസം ഇത്ര മണിക്കകം രാജിവെച്ചു കൊള്ളണമെന്നു കല്പിക്കാൻ ആർക്കും അധികാരമില്ല. സാമാന്യ നീതി പോലും നിഷേധിക്കുന്ന അമിതാധികാര പ്രവണത അനുവദിച്ചു കൊടുക്കാനാവില്ല. സാമാന്യ നീതിപോലും വിസിമാർ അർഹിക്കുന്നില്ല എന്ന നിലപാട് സ്വേച്ചാധിപത്യപരമാണ്. അതിനെ ആ നിലയ്ക്കേ കാണാനാവൂ.
ജുഡീഷ്യറിയെ പോലും മറികടക്കുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്. ഒരു പ്രത്യേകവിഷയത്തിൽ സുപ്രിംകോടതി എടുത്ത തീർപ്പ് എല്ലാസർവകലാശാലകളിലും പ്രയോഗിക്കാൻ ശ്രമിക്കുന്നത് ജുഡീഷ്യറിയുടെ അധികാരങ്ങൾ സ്വയം കയ്യാളാനുള്ള ശ്രമമല്ലാതെ മറ്റെന്താണ്?
ചാൻസലർ നേരിട്ട് സംസ്ഥാന പൊലീസ് തലവന് നിർദേശങ്ങൾ നൽകുന്നതും കണ്ടു. അത്തരം അധികാരമൊന്നും ചാൻസലർക്കില്ല. കേരളത്തിന്റ ഭരണപരമായ ഒരു കാര്യങ്ങളിലും ചാർസലർക്ക് ഇടപെടാനാവില്ല.
ആദ്യം അധ്യാപകരെ നിയമിച്ചതിനെതിരെയായിരുന്നു. പിന്നീട് തെരഞ്ഞെടുക്കപ്പെട്ട സെനറ്റ്, സിൻഡിക്കേറ്റ് എന്നീ ജനാധിപത്യ സമിതികൾക്കു നേരേയായി. ഏറ്റവും ഒടുവിൽ വൈസ് ചാൻസലർ മാർക്കെതിരെയായി. സർവകലാശാലകളുടെ സ്വയം ഭരണാധികാരം തകർക്കലാണിതിനു പിന്നിലെ ലക്ഷ്യം.
സർവകലാശാലകളെ സ്തംഭിപ്പിക്കാനുള്ളതല്ല ചാൻസലർ സ്ഥാനം. സുപ്രീം കോടതിയുടെ മുമ്പാകെ ഇല്ലാത്ത കേസുകളിൽ സുപ്രീം കോടതി എടുക്കാനിടയുളള നിലപാട് ഇന്നവിധത്തിലായേക്കുമെന്ന് ഊഹിക്കാൻ എന്തു പ്രത്യേക സിദ്ധിയാണു ചാൻസലർക്കുള്ളത്? എന്തിന്റെ പേരിലായാലും ജനാധിപത്യമന്ത്രിസഭയെ നോക്കുകുത്തിയാക്കി പിൻവാതിൽ ഭരണം നടത്താമെന്ന് ആരും കരുതേണ്ടതില്ല. മോഹിക്കേണ്ടതില്ല -മുഖ്യമന്ത്രി വ്യക്തമാക്കി.
രാജിവെക്കേണ്ടതില്ലെന്ന് വി.സിമാർക്ക് അനൗദ്യോഗികമായി നിർദേശം
വൈസ് ചാൻസലർമാരുടെ രാജി തേടിയ ഗവർണറുടെ നടപടി തള്ളിയ സർക്കാർ, രാജിവെക്കേണ്ടതില്ലെന്ന് അനൗദ്യോഗികമായി നിർദേശം നൽകി. തിങ്കളാഴ്ച രാവിലെ പതിനൊന്നരക്കകം രാജി സമർപ്പിക്കാനാണ് ഗവർണറുടെ നിർദേശം. രാജി സമർപ്പിച്ചില്ലെങ്കിൽ വി.സിമാർക്കെതിരെ ഗവർണർ സ്വീകരിക്കുന്ന തുടർനടപടി എന്തായിരിക്കുമെന്നത് നിർണായകമാണ്. രാജി സമർപ്പിക്കാത്ത വി.സിമാരെ പദവിയിൽ നിന്ന് നീക്കി പകരം സീനിയർ പ്രഫസർമാർക്ക് ചുമതല നൽകാനുള്ള സാധ്യതയും രാജ്ഭവൻ തേടുന്നുണ്ട്.
കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, കുസാറ്റ് സർവകലാശാലകളിൽ നിന്ന് നേരത്തെ സീനിയർ പ്രഫസർമാരുടെ പട്ടിക ഗവർണർ തേടുകയും സർവകലാശാലകൾ നൽകുകയും ചെയ്തിരുന്നു. ഈ പട്ടികയിൽ നിന്ന് അതത് സർവകലാശാലകളിൽ പ്രഫസർമാർക്ക് വി.സിയുടെ ചുമതല നൽകുന്നതിന്റെ സാധ്യതയാണ് രാജ്ഭവൻ പരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

