സംസ്ഥാനത്ത് 29 പേർക്ക് കൂടി കോവിഡ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 29 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം 6, തൃശ്ശൂർ 4, തിരുവനന്തപുരത്തും കണ്ണൂരും 3 വീതം, പത്തനംതിട്ടയിലും ആലപ്പുഴയിലും കോട്ടയത്തും കോഴിക്കോട്ടും കാസർകോട്ടും രണ്ട് വീതം, എറണാകുളത്തും പാലക്കാട്ടും മലപ്പുറത്തും ഒന്നു വീതം പേർക്കുമാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ആർക്കും രോഗം ഭേദമായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
21 പേർ വിദേശ രാജ്യങ്ങളിൽനിന്നും ഏഴ് പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. കണ്ണൂരിൽ ആരോഗ്യപ്രവർത്തകന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു. 127 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 630 ആയി. 130 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 67789 പേരാണ് നിരീക്ഷണത്തിലുള്ളത്. 473 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്.
ബാർബർ ഷോപ്പിൽ നേരത്തെ ബുക്ക് ചെയ്യാം; ടവൽ കൈയിൽ കരുതാം
നാലാംഘട്ട ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി ബാർബർ ഷോപ്പുകൾക്ക് ഹെയർ കട്ടിങ്, ഹെയർ ഡ്രസിങ്, ഷേവിങ് ജോലികൾക്ക് മാത്രമായി പ്രവർത്തിക്കാം.
ഒരേ സമയം രണ്ടിൽ കൂടുതൽ ആളുകൾ ബാർബർ ഷോപ്പുകളിൽ കാത്തുനിൽക്കാൻ പാടില്ല. ഫോണിൽ വിളിച്ച് നേരത്തെ സമയം ബുക്ക് ചെയ്യാവുന്നതാണ്.
ഒരേ ടവൽ പലർക്കായി ഉപയോഗിക്കാൻ പാടില്ല. കസ്റ്റമർ തന്നെ ടവൽ കൊണ്ടുവരുന്നതാണ് ഏറ്റവും നല്ലത്. എയർകണ്ടീഷൻ ഒഴിവാക്കണം.
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല
സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതി പ്രകാരം നടക്കും. മേയ് 26 മുതൽ 30 വരെ അവശേഷിക്കുന്ന പത്താം ക്ലാസ്, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ നടത്തും.
മുൻ നിശ്ചയിച്ച ടൈംടേബിൾ പ്രകാരം തന്നെയായിരിക്കും പരീക്ഷകൾ. സ്കൂൾ ബസുകൾ ഉൾപ്പെടെ ഉപയോഗിച്ച് ആവശ്യമായ ഗതാഗത സൗകര്യം ഒരുക്കും.
സമീപ ജില്ലകളിലെ യാത്രകൾക്ക് പാസ് ആവശ്യമില്ല
രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴുവരെ സമീപ ജില്ലകളിലെ യാത്രകൾക്ക് പ്രത്യേക പാസ് ആവശ്യമില്ല. തിരിച്ചറിയൽ കാർഡ് സൂക്ഷിച്ചാൽ മതി. സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് പൊലീസ് സ്റ്റേഷനിൽനിന്നോ ജില്ല കലക്ടറിൽനിന്നോ അനുമതി േനടണം. അവശ്യസർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇത് ബാധകമല്ല.
കണ്ടെയിൻമെന്‍റ് സോണിന് അകത്തേക്കും പുറത്തേക്കും യാത്ര അനുവദിക്കില്ല. കണ്ടെയിൻമെന്‍റ് സോണുകളിലെ പ്രവേശനത്തിന് കൂടുതൽ ശക്തമായ നിരീക്ഷണം ഉണ്ടാകും.
ഇരുചക്ര വാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ മാത്രം പിൻസീറ്റ് യാത്ര അനുവദിക്കും.
ആറ് ഹോട്സ്പോട്ടുകൾ കൂടി
ഹോട്സ്പോട്ടുകളുടെ എണ്ണം 29 ആയി. പാലക്കാട് അഞ്ചും കൊല്ലത്ത് ഒന്നുമാണ് പുതുതായി വന്നത്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍, പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം, മുതുതല, കാരക്കുറുശി, കോട്ടായി, മുതലമട എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകള്.
‘എല്ലാം അടച്ചിട്ട് ദീർഘകാലം ജീവിക്കാനാകില്ല’
ജനം കോവിഡിനൊപ്പം ജീവിക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, ദീർഘകാലം എല്ലാം അടച്ചിട്ട് ജീവിക്കാൻ എല്ലാ കാലവും കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രോഗത്തെ എങ്ങനെ നേരിടാം എന്ന് ശരിക്കും അവബോധം വന്നു. ചില ബന്ധങ്ങൾ ഇല്ലാതിരുന്നാൽ രോഗം തടയാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗവാഹകനായ ആളുമായി സമ്പർക്കം ഒഴിവാക്കണം. പുറത്തുനിന്ന് ആളുകൾ വരുേമ്പാൾ രോഗബാധയുണ്ടോ എന്ന് പരിശോധിക്കാൻ ജാഗ്രതയോടെ നിരീക്ഷണത്തിൽ കഴിയണം. 14 ദിവസവും ജാഗ്രതക്കുറവ് ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനാകണം. സർക്കാർ ആവുന്നത് ചെയ്യും, ജനങ്ങളും പ്രാദേശികസമിതികളും അതിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കണം. നാട്ടുകാരും അയൽക്കാരും ശ്രദ്ധിക്കണം. അത്തരം നടപടികളിലൂടെ മാത്രമേ വ്യാപനം തടയാനാകൂ. സാനിെറ്റെസറും മാസ്കും തുടർന്നും ഉപയോഗിക്കണം. ഒരാളെ കണ്ടാൽ ഉടൻ കൈകൊടുക്കുന്ന രീതി, കെട്ടിപ്പിടിക്കുന്ന രീതി എന്നിവ മാറ്റണം. ശാരീരിക അകലം പാലിക്കണം. ശരിയായി നേരിട്ടാൽ ദുർഘടത്തെ മറികടക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
