ആരവങ്ങളില്ലാതെ പിണറായി വിജയന്റെ പിറന്നാൾ
text_fieldsതിരുവനന്തപുരം: ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാൾ ദിനം. 2021ല്‍ രണ്ടാംവട്ടം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അദ്ദേഹത്തിന്റെ 76ാം പിറന്നാള്‍ ദിനത്തിലായിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവരുടെ ജന്മദിനാശംസകള് ഏറ്റുവാങ്ങി. ഇന്ന് 81ാം പിറന്നാളിലെത്തുമ്പോൾ മുഖ്യമന്ത്രി പദത്തിൽ നിന്ന് പ്രതിക്ഷ നേതാവിലേക്ക് മാറി. മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ടി. പത്മനാഭൻ, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ നേരിൽ വിളിച്ച് ആശംസകൾ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും നിരവധി പ്രമുഖ വ്യക്തികൾ പിറന്നാൾ ആശംസിച്ചു. ‘ബഹുമാനപ്പെട്ട ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ 10 വര്‍ഷം കേരളത്തെ മുന്നോട്ട് നയിച്ച, ഇപ്പോള്‍ പ്രതിപക്ഷ നേതാവെന്ന ദൗത്യം ഏറ്റെടുത്ത പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതം ആറ് പതിറ്റാണ്ട് പിന്നിടുകയാണ്. 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സി.പി.എം രൂപംകൊണ്ട വര്‍ഷമാണ് പിണറായി വിജയന് പാര്‍ട്ടി അംഗത്വത്തിലേക്ക് വരുന്നത്. തലശേരി ബ്രണ്ണന്‍ കോളജില്‍ ബിരുദ വിദ്യാർഥിയായിരിക്കെ കെ.എസ്.എഫിന്റെ ജില്ല സെക്രട്ടറിയായാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. 26ാമത്തെ വയസിൽ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് പാര്‍ട്ടി ജില്ല സെക്രട്ടറി, മന്ത്രി, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത പിണറായി വിജയൻ പൂർവാധികം ശക്തിയോടെ തിരിച്ചുവരവ് നടത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

