മുഖ്യമന്ത്രിപദത്തിൽ പിണറായിക്ക് റെക്കോഡ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയെന്ന റെക്കോഡ് ഇനി പിണറായി വിജയന്. 2364 ദിവസം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍റെ റെക്കോഡാണ് പിണറായി മറികടന്നത്.
1970 ഒക്ടോബർ നാലു മുതൽ 1977 മാർച്ച് 25 വരെയാണ് അച്യുതമേനോൻ കേരളം ഭരിച്ചത്. 2016 മേയ് 25നാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റത്. അദ്ദേഹം തിങ്കളാഴ്ച 2364 ദിവസം പിന്നിട്ടു. അച്യുതമേനോൻ ഒരു മന്ത്രിസഭ കാലത്താണ് ഈ നേട്ടം കൈവരിച്ചത്. എന്നാൽ, പിണറായി വിജയൻ തടുർച്ചയായ രണ്ടു മന്ത്രിസഭയുടെ കാലത്താണ് ഈ നേട്ടം കൈവരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് നയിച്ച് വിജയിച്ചാണ് അദ്ദേഹം തുടർച്ചയായ രണ്ടു തവണ അധികാരമേറ്റത്. 17 ദിവസത്തെ കാവൽ മുഖ്യമന്ത്രി പദം കൂടി ഉൾപ്പെടെയാണിത്.
സി. അച്യുതമേനോന്‍റേതാണ് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മന്ത്രിസഭ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ രണ്ടു വർഷം കൂടി ആയുസ്സ് ലഭിച്ചു. 2016ൽ 91 സീറ്റുകളുമായാണ് പിണറായി വിജയൻ സർക്കാർ ആദ്യം അധികാരമേറ്റത്. 2021ൽ 99 സീറ്റ് എന്ന വമ്പൻ വിജയവുമായി ഭരണതുടർച്ച നേടി. കണ്ണൂർ ജില്ലയിലെ ധർമടത്തുനിന്നാണ് രണ്ടു തവണയും അദ്ദേഹം വിജയിച്ചത്. 2021ൽ അരലക്ഷം വോട്ടിലേറെ ഭൂരിപക്ഷവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

