സാമ്പത്തിക സംവരണമില്ല, മുന്നാക്കക്കാരിലെ പരമദരിദ്രർക്ക് സംവരണം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്ന ഒരു നടപടിയും സർക്കാറിൽനിന്നുണ്ടാകില്ലെന്നും നിലവിലെ സംവരണക്രമം നിലനിൽക്കണമെന്നതാണ് ഇടതുനിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
അതേസമയം, മുന്നാക്കക്കാരിലെ പരമദരിദ്രരായവർക്ക് സംവരണം ഏർപ്പെടുത്തണമെന്നും ഇതിനുവേണ്ടി ഭരണഘടന ഭേദഗതി ചെയ്യണമെന്നതും ഇടതുമുന്നണിയുടെ നേരത്തേയുള്ള നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോർഡിൽ ന്യൂനപക്ഷ സംവരണമില്ലാത്തതിനാൽ ഒഴിവ് വരുന്ന തസ്തികകളിൽ 10 ശതമാനം മുന്നാക്കക്കാരിലെ പാവങ്ങൾക്ക് നൽകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. നേരത്തേ സംവരണ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങൾക്കൊന്നും തസ്തിക നഷ്ടം വരുത്താതെയാണിത്.
ഇൗ വിഭാഗങ്ങൾക്കെല്ലാം നിശ്ചിത ശതമാനം സംവരണം വർധിപ്പിച്ചിട്ടുമുണ്ട്. നിലവിലെ സംവരണത്തെ തകർക്കുന്ന ഒരു നടപടിയും സർക്കാറിൽനിന്നുണ്ടാകില്ല. മറിച്ചുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഖഫ് ബോർഡിലേക്കുള്ള പി.എസ്.സി നിയമനങ്ങൾ പൂർണമായും മുസ്ലിംകൾക്ക് മാത്രമായി വ്യവസ്ഥ ചെയ്യും. ഇക്കാര്യത്തിൽ ഒരാശങ്കയും വേണ്ട. നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതോടെ നിയമനങ്ങൾ കൂടുതൽ സുതാര്യമാകും. ഏതാനും പേർ കൂടിയിരുന്ന് നിയമനം നടത്തുേമ്പാൾ പരിചയക്കാർ മാത്രമാകും തെരഞ്ഞെടുക്കപ്പെടുക. പുതിയ തീരുമാനത്തോടെ ഇതൊഴിവാകുകയും നിയമനങ്ങൾ കൂടുതൽ വിശാലമാകുകയും ചെയ്യും. നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ദേവസ്വം നിയമനങ്ങൾക്കായി നേരത്തേതന്നെ റിക്രൂട്ട്മെൻറ് ബോർഡുണ്ടായിരുന്നു.
ഇടക്കാലത്ത് ഇൗ സംവിധാനം ഇല്ലാതാവുകയും ഇപ്പോൾ വീണ്ടും പുനഃസംഘടിപ്പിക്കുകയുമാണ്. കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് നടപ്പാക്കുേമ്പാൾ നേരിട്ടുള്ള നിയമനങ്ങളിൽ മാത്രമാണ് സംവരണം നൽകാനാവുക. മറ്റ് രണ്ട് രീതികളിൽ നേരത്തേ സംവരണം ലഭിച്ചവരാണ് ഉൾപ്പെടുന്നത്. അവർക്ക് വീണ്ടും സംവരണം അനുവദിക്കാനാകില്ല.
കിഫ്ബി വഴി 15 വകുപ്പുകളിലായി 18938.95 കോടി രൂപയുടെ പദ്ധതികൾക്ക് ഇതുവരെ അനുമതി നൽകി. 331.95 കോടി രൂപ ഇതിനോടകം ചെലവഴിച്ചു. വൻകിട പദ്ധതികൾക്കുള്ള സ്വാഭാവിക താമസം മാത്രമാണ് നിലനിൽക്കുന്നത്. പദ്ധതികളുടെ ഒാൺലൈൻ മോണിറ്ററിങ് സംബന്ധിച്ച വിവരങ്ങൾ പൊതുജനത്തിനും ജനപ്രതിനിധികൾക്കും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
