പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; തീരുമാനം സി.പി.എം സംസ്ഥാന സമിതിയിൽ
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. എം.എ ബേബി, എ. വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്ത സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
പിണറായി വിജയൻ പ്രതിപക്ഷ നേതാവാകാൻ തയാറായില്ലെങ്കിൽ കെ.എൻ ബാലഗോപാലിനെ തൽസ്ഥാനത്തേക്ക് പരിഗണിക്കാനായിരുന്നു ചർച്ചകൾ നടന്നിരുന്നത്. പ്രതിപക്ഷത്ത് 35 അംഗങ്ങളുള്ളതിൽ പരിചയസമ്പന്നരായ എം.എൽ.എമാർ കുറവാണ്. ആ സാഹചര്യത്തിൽ ശക്തമായ ഭരണപക്ഷത്തെ നേരിടാൻ പിണറായി തന്നെ പ്രതിപക്ഷനേതാവായി വന്നാൽ മതിയെന്ന തീരുമാനത്തിൽ സി.പി.എം സംസ്ഥാന സമിതി എത്തുകയായിരുന്നു.
കഴിഞ്ഞ ഭരണകാലയളവിൽ പിണറായി വിജയൻ മുഖ്യമന്ത്രിയും വി.ഡി സതീശൻ പ്രതിപക്ഷ നേതാവുമായിരുന്നു. നിലവിൽ ഇത് നേരെ തിരിയുന്നു എന്നുള്ളതാണ് ശ്രദ്ധേയം. ഇ.എം.എസ് നമ്പൂതിരിപ്പാടിനു ശേഷം മുഖ്യമന്ത്രി ആയ ശേഷം പ്രതിപക്ഷ നേതാവാകുന്ന ആദ്യ സി.പി.എം നേതാവാണ് പിണറായി വിജയൻ. ധർമടത്ത് നിന്നാണ് അദ്ദേഹം നിയമ സഭാംഗമായി വിജയിച്ചത്.
2011 ലെ ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്ത് പ്രതിപക്ഷ നേതാവായി വി.എസ്. അച്യുതാനന്ദൻ എത്തുമ്പോൾ പ്രതിപക്ഷത്ത് ശക്തമായ അംഗബലവും പരിചയ സമ്പന്നരായ എം.എൽ.എമാരുമുണ്ടായിരുന്നു. 68 അംഗങ്ങളുമായി 72 അംഗ ഭരണപക്ഷത്തെ നേരിടുകയായിരുന്നു വി.എസ്. ചെയ്തത്. എന്നാൽ ഇന്ന് ആ സാഹചര്യമല്ലെന്നത് പിണറായിക്ക് മുന്നിൽവെല്ലുവിളിയാണ്. കസേരകൾ മാറിയെങ്കിലും കഴിഞ്ഞ വർഷങ്ങളിലേതിന് സമാനമായ വാഗ്വാദങ്ങൾക്കാകും ഇനിയും നിയമസഭ സാക്ഷ്യം വഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

