അന്ന് ‘കുടുംബം നോക്കട്ടെ’, ഇന്ന് ‘പാർട്ടി നോക്കും’; ചർച്ചയായി രണ്ട് നിലപാട്
text_fieldsതിരുവനന്തപുരം: പിണറായി വിജയന്റെ മകൾക്കെതിരായ മാസപ്പടി കേസിൽ പാർട്ടി ഒന്നടങ്കം പ്രതിരോധമുയർത്തി രംഗത്തിറങ്ങിയിരിക്കെ, അഞ്ച് വർഷം മുമ്പ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനെതിരായ കേസിലെ പാർട്ടി നിലപാട് ചർച്ചയാകുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു അന്നത്തെ പാർട്ടി നിലപാട്. കേസുകൾ കുടുംബം നോക്കിക്കൊള്ളുമെന്ന നിലയിലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഇതേക്കുറിച്ച് വാർത്തസമ്മേളനത്തിലുയർന്ന ചോദ്യത്തിന് മറുപടി പറഞ്ഞതും.
അന്വേഷണ ഏജൻസിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യമാണിതെന്ന് അന്ന് പ്രതികരിച്ച പിണറായി, ഏജൻസിയുടെ കൈയിലുള്ളത് എന്തെന്നറിയാതെ അതേക്കുറിച്ച് ഒന്നും പറയാനാവില്ലെന്ന നിലപാടുമെടുത്തു. ‘എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ നാട്ടിൽ നിയമങ്ങളുണ്ട്. അതുമായി ബന്ധപ്പെട്ട നടപടികൾ സ്വാഭാവികമായും ആ കുടുംബം സ്വീകരിക്കും. അക്കാര്യത്തിൽ നമുക്കിപ്പോൾ ഉറപ്പിച്ചൊന്നും പറയാനാവില്ല. അന്വേഷണത്തിന്റെ ഭാഗമായാണ് ഏജൻസി ഇവിടെയെത്തിയത്. അവരുടെ കൈയിൽ എന്താണുള്ളതെന്ന് അറിയാതെ, അതിനെപ്പറ്റി അഭിപ്രായം പറയുന്നത് ശരിയാവില്ല’ എന്നും പിണറായി അന്ന് പറഞ്ഞു.
പിന്നാലെ മാസപ്പടി കേസിൽ പാർട്ടി പ്രതിരോധത്തിനിറങ്ങിയപ്പോൾ, ‘കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെയുണ്ടായ കേസും മുഖ്യമന്ത്രിയുടെ മകളുടെ കേസും രണ്ടായിട്ട് കണ്ടാൽ മതി’ എന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. കോടിയേരിയുടെ മകന്റെ കേസിൽ റെയ്ഡ് നടന്നപ്പോൾ വി. ശിവൻകുട്ടി മാത്രമാണ് മരുതംകുഴിയിലെ വീട്ടിലെത്തിയത്. എന്നാൽ പിണറായി വിജയന്റെ മകളെ ചോദ്യം ചെയ്യാൻ ഇ.ഡി സംഘമെത്തിയപ്പോൾ പാർട്ടിക്കെതിരായ കടന്നാക്രമണം എന്ന വിലയിരുത്തലിൽ പോളിറ്റ് ബ്യൂറോയും പാർട്ടി ജനറൽ സെക്രട്ടറിയുമടക്കം ബുധനാഴ്ച തെരുവിലിറങ്ങി. സംസ്ഥാന സെക്രട്ടറിയും സെക്രട്ടേറിയറ്റ് അംഗങ്ങളുമടക്കം ബേക്കറി ജങ്ഷനിലെ പിണറായിയുടെ വാടകവീടിന് മുന്നിൽ കുത്തിയിരിക്കുകയും ചെയ്തിരുന്നു.
ബിനീഷ് കോടിയേരി വ്യാഴാഴ്ചയിലെ പ്രതിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്നുവെന്നതും ശ്രദ്ധേയം. ആവർത്തിച്ച് അപേക്ഷ സമർപ്പിച്ചിട്ടും ബിനീഷിന്റെ അംഗത്വം പാർട്ടി പുതുക്കാത്ത ഘട്ടത്തിൽ കൂടിയാണിത്. 2001 മുതൽ പാർട്ടി അംഗമായിരുന്ന ബിനീഷിന് 2020ൽ ലഹരിക്കേസിൽ അറസ്റ്റിലായതോടെയാണ് മെമ്പർഷിപ്പ് നഷ്ടമാകുന്നത്. 2023ൽ കർണാടക ഹൈകോടതി കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്തതു മുതൽ പാർട്ടിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

