പുഴുക്കുത്തുകൾക്ക് പൊലീസിൽ സ്ഥാനമില്ല -മുഖ്യമന്ത്രി
text_fieldsകേളകം (കണ്ണൂർ): കേരള പൊലീസിൽ പുഴുക്കുത്തുകൾക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെയും സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ കേളകത്ത് നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സാങ്കേതികത്വത്തിൽ വലിയ ജ്ഞാനമുള്ള വിദ്യാസമ്പന്നരായ ആളുകൾ പൊലീസ് സേനയിലേക്ക് കൂടുതലായി വരുന്നത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്.
ക്രമസമാധാന പാലനത്തിൽ രാജ്യത്തെ മികച്ച സംഘമാകാൻ കേരള പൊലീസിനായി. എന്നാൽ ഇത്തരം മാതൃകാപരമായ പ്രവർത്തനത്തിന് വിപരീതമായി പ്രവർത്തിക്കുന്നവരെയും കാണാനായി. അത്തരക്കാരെ പുറത്താക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. കുറ്റക്കാർക്ക് ജാതിയുടെയോ മതത്തിന്റെയോ പേരിൽ കേരള പൊലീസ് പ്രത്യേക പരിരക്ഷ നൽകാത്തതാണ് സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങൾ ഇല്ലാത്തതിന്റെ പ്രധാന കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേരളം സ്വീകരിക്കുന്നത്. പ്രത്യേക വിഭാഗക്കാരായതുകൊണ്ട് കുറ്റക്കാർക്ക് കേരളത്തിലെ പൊലീസ് പ്രത്യേക പരിരക്ഷ നൽകാറില്ല.
സേനയിൽ വലിയ മാറ്റമാണ് ഉണ്ടായത്. കുറ്റാന്വേഷണ മികവ് വിമർശകർക്ക് പോലും അംഗീകരിക്കേണ്ടി വരുന്നു. ഭയപ്പാടോടെ കണ്ടിരുന്ന സേനയെ ജനങ്ങൾ ഇപ്പോൾ ആശ്രയകേന്ദ്രമായി കാണുന്നു. സംസ്ഥാനത്തെ സ്റ്റേഷനുകൾ സ്ത്രീ സൗഹൃദവും ജനമൈത്രിയുമാകുന്നു-മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

