കേന്ദ്ര സർക്കാർ ഫെഡറലിസത്തിന്റെ ചുവട്ടിൽ കത്തിവെക്കുന്നു –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാർ ഫെഡറലിസത്തിന്റെ ചുവട്ടിൽ കത്തിവെക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ നീക്കങ്ങളുമുണ്ടാകുന്നു. നാനാത്വം ഇല്ലാതാക്കി രാജ്യത്തെ ഏകശിലാ രൂപമാക്കാനുള്ള ശ്രമം സംഘടിതമായുണ്ടാകുന്നത് ഗൗരവമായി കാണണം. കേരള പി.എസ്.സി എംപ്ലോയീസ് യൂനിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് ഭരണഘടന ഉറപ്പ് നൽകിയ അധികാരങ്ങളിൽ ഏകപക്ഷീയമായ കടന്നുകയറ്റമുണ്ടാകുന്നു. പരിമിതമായ അധികാരങ്ങൾ പോലും ഇല്ലാതാക്കാനാണ് ശ്രമം. സംസ്ഥാനത്തിനുമേൽ പ്രത്യേക രീതിയിലുള്ള സാമ്പത്തിക സമ്മർദം സൃഷ്ടിക്കാനുള്ള ശ്രമമുണ്ട്. റവന്യൂ ഗ്രാന്റിൽ 7000 കോടി രൂപയുടെ കുറവുണ്ടായി. 12,000 കോടി രൂപയാണ് ജി.എസ്.ടി കുടിശ്ശിക. വായ്പ പരിധിയും വെട്ടിക്കുറക്കുന്നു. കിഫ്ബി പോലുള്ള സ്ഥാപനങ്ങളിലൂടെ നാടിന് സഹായമുണ്ടാകരുതെന്ന നിലപാടും സ്വീകരിക്കുന്നു. സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനുള്ള നീക്കമാണുള്ളത്.
സമയ ബന്ധിതമായി പി.എസ്.സി നിയമനം നടത്താൻ ശാസ്ത്രീയ സംവിധാനമൊരുക്കും. കൃത്യമായ സംവിധാനമുണ്ടായാൽ വകുപ്പുകളിൽനിന്ന് റിപ്പോർട്ട് ചെയ്ത ശേഷം അപേക്ഷ വിളിക്കുന്ന രീതി ഒഴിവാക്കാം.
കഴിഞ്ഞ ആറു വർഷത്തിൽ രണ്ടു ലക്ഷത്തോളം നിയമന ഉത്തരവാണ് പി.എസ്.സി നൽകിയത്. 30,000 അധിക തസ്തികയും സൃഷ്ടിച്ചു. കോവിഡിനിടയിലും 29,000 നിയമനങ്ങൾ നൽകാനായി. പൊതുഖജനാവിൽനിന്ന് വേതനം പറ്റുന്ന തസ്തികകൾ പി.എസ്.സിക്ക് വിടണമെന്ന പൊതുവികാരം ഈ സംവിധാനത്തിന്റെ വിശ്വാസ്യതയാണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

