പോറ്റിയെ ആദ്യം കയറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിൽ -മുഖ്യമന്ത്രി
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദത്തിൽ കോൺഗ്രസ് നേതാവും എം.പിയുമായ അടൂർ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ചോദിച്ചു.
‘പോറ്റിയെ കേറ്റിയേ എന്ന് പറഞ്ഞില്ലേ. ആ പോറ്റി ആദ്യം കയറിയത് അവിടെയാണ്. പോറ്റി ഒറ്റക്ക് ചെന്നതല്ല. ഒരുഭാഗത്ത് പോറ്റിയും മറുഭാഗത്ത് സ്വർണം വാങ്ങിയെന്ന് അന്വേഷണ സംഘം പറയുന്ന വ്യാപാരിയും. എങ്ങനെയാണ് രണ്ടുപേരും ഒന്നിച്ച് ഒരേസമയം സോണിയ ഗന്ധിയുടെ അടുത്തെത്തിയത്.
അടൂർ പ്രകാശിന്റെ പേര് പുറത്തുവന്നത് ഏത് ഘട്ടത്തിലാണ്. സോണിയ ഗാന്ധിയും അടൂർ പ്രകാശും കേസിൽ പ്രധാന പ്രതിയും ഉൾപ്പെട്ട ചിത്രം പുറത്തുവന്നപ്പോഴല്ലേ. അതിൽ തനിക്ക് പങ്കില്ലെന്ന് അടൂർ പ്രകാശ് പറഞ്ഞിട്ടുണ്ട്. വിളിച്ചപ്പോൾ പോയതാണെന്നാണ് പറയുന്നത്. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അദ്ദേഹം. ഇവരെല്ലാം എങ്ങനെയാണ് ഒരുമിച്ചെത്തിയത്. എങ്ങനെയാണ് മഹാതട്ടിപ്പുകാർക്ക് സോണിയ ഗാന്ധിയെപ്പോലുള്ള അതീവ സുരക്ഷയുള്ള രാഷ്ട്രീയ നേതാവിന്റെ അടുത്തേക്ക് എത്താനായത്. അതിൽ ഇവരുടെ പങ്കെന്താണ്. അല്ലെങ്കിൽ ആരാണ് പങ്കുവഹിച്ചത്. അതിനല്ലേ ആദ്യം മറുപടി പറയേണ്ടത്. യഥാർഥ പ്രശ്നം അതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
അടൂർ പ്രകാശിന്റേത് ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വരുമ്പോഴുള്ള ആക്ഷേപം
തിരുവനന്തപുരം: ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ വരുമ്പോൾ ആവശ്യമില്ലാതെ ആക്ഷേപങ്ങൾ ഉന്നയിക്കുകയാണ് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയത്തിൽ അന്വേഷണം നടക്കുന്നത് ഹൈകോടതിയുടെ നിരീക്ഷണത്തിലാണ്. എസ്.ഐ.ടി നല്ലനിലയിൽ കേസ് അന്വേഷിക്കുന്നമുണ്ട്. പ്രത്യേക അന്വേഷണ സംഘം വേണമെന്നും ഹൈകോടതിയുടെ മേൽനോട്ടത്തിലാകട്ടെയെന്നുമുള്ള നിർദേശം സർക്കാർ മുന്നോട്ടുവെച്ചതാണ്. അന്വേഷണത്തിൽ മുഖ്യമന്ത്രിയോ ഓഫിസോ ഇടപെടുന്നില്ല. ചില കാര്യങ്ങളുണ്ടാകുമ്പോൾ അതിൽ കൃത്യമായി മറുപടി പറയാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിനുനേരെ ആരോപണം ഉന്നയിച്ച് രക്ഷപ്പെടാമെന്നാണ് ചിലർ കരുതുന്നത്. കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് എസ്.ഐ.ടി അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ ഒരുങ്ങിയത്. തനിക്കതിൽ ഒരു ബന്ധവുമില്ലെന്നും വിളിച്ചപ്പോൾ പോയതാണെന്നുമാണ് അദ്ദേഹം ആദ്യം പറഞ്ഞത്. വെറുതേ വിളിച്ചാൽ കയറിപ്പോകേണ്ട ആളാണോ അടൂർ പ്രകാശ്. സോണിയ ഗാന്ധിയുടെ വീട്ടിൽ തട്ടിപ്പുകാരായ പോറ്റിയെത്തിയതിനെ കുറിച്ച് മറുപടി പറയാൻ കഴിയാത്തപ്പോൾ കൊഞ്ഞനം കുത്തലാണോ വേണ്ടത്. എന്നാപിന്നെയിരിക്കട്ടെ ആക്ഷേപം മുഖ്യമന്ത്രിയുടെ ഓഫിസിന് എന്നാണ് ചിലരുടെ രീതി. അന്വേഷണം കൃത്യമായി നടക്കട്ടെയെന്നും ഒരുതരത്തിലും അത് തടസ്സപ്പെടുത്താൻ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

