ഇറാന് നേരെയുള്ള ആക്രമണം; കേന്ദ്രം രാജ്യത്തിന്റെ അന്തസ്സ് കളഞ്ഞുകുളിച്ചു -മുഖ്യമന്ത്രി
text_fieldsപിണറായി വിജയൻ
മലപ്പുറം: സാമ്രാജ്യത്വത്തോടുള്ള നിലപാടിൽ ബി.ജെ.പിയും കോൺഗ്രസും വ്യത്യസ്തരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുപാർട്ടികൾക്കും സാമ്രാജ്യത്വ അനുകൂല നിലപാടാണുള്ളതെന്നും ഇറാനെതിരായ ആക്രമണത്തിൽ മൗനംപാലിച്ച കേന്ദ്രസർക്കാർ രാജ്യത്തിന്റെ അന്തസ്സ് കളഞ്ഞുകുളിച്ചെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് സി.പി.എം ജില്ല കമ്മറ്റി ഓഫിസായ ‘ഇ.എം.എസ് മന്ദിരം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സ്വാതന്ത്ര്യം മുതൽ നമ്മുടെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യമായിരുന്നു സാമ്രാജ്യത്വ വിരുദ്ധ നിലപാട്. ലോകത്ത് ഇന്ത്യക്ക് അംഗീകാരം നൽകിയത് ആയുധശേഷിയോ സാമ്പത്തികശേഷിയോകൊണ്ടായിരുന്നില്ല. മറിച്ച് മൂന്നാംലോക രാജ്യങ്ങളോടൊപ്പംനിന്ന് സാമ്രാജ്യത്വവിരുദ്ധ നിലപാടെടുത്തതിനാലായിരുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മോടൊപ്പംനിന്ന രാജ്യമാണ് ഇറാൻ. നമ്മുടെ അതിഥികളായെത്തിയവരെപോലും ആക്രമിച്ചിട്ടും അതിനെ അപലപിക്കാൻ കേന്ദ്രസർക്കാർ തയാറായില്ല. റഷ്യയോട് ഇന്ധനം വാങ്ങാൻ അമേരിക്കയോട് കെഞ്ചേണ്ട അവസ്ഥയുണ്ടായത് ഇന്ത്യൻ പരമാധികാരത്തെ അടിയറവെക്കുന്നതാണ്. ഏറ്റവും കൂടുതൽ പ്രയാസം അനുഭവപ്പെടുന്ന അവസ്ഥയിലേക്ക് കേന്ദ്രസർക്കാർ രാജ്യത്തെ എത്തിച്ചു. ഇന്ധനക്ഷാമത്തിലൂടെ അടുക്കളയിൽവരെ പ്രശ്നങ്ങളെത്തി.
ഇതിനെതിരെ ജനങ്ങൾ പ്രതികരിച്ചുതുടങ്ങുമ്പോൾ വർഗീയാസ്വസ്ഥത സൃഷ്ടിച്ചും അപരമതവിദ്വേഷം പരത്തിയും ശ്രദ്ധ തിരിക്കുകയാണ് കേന്ദ്രം. വർഗീയ ശക്തികൾക്കെതിരെ ശക്തമായ നിലപാടെടുത്ത സർക്കാറാണ് എൽ.ഡി.എഫ്. അതിനാൽ കേരളത്തിൽ 10 വർഷം വർഗീയ കലാപമുണ്ടായില്ല. ഏറ്റവും വലിയ വർഗീയ ശക്തികൾ കേരളത്തിലുണ്ടായിട്ടും തലപൊക്കാൻ സർക്കാർ അനുവദിച്ചില്ലെന്നും പിണറായി പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി. അബദുറഹിമാൻ, കെ.ടി. ജലീൽ എം.എൽ.എ, പി. നന്ദകുമാർ എം.എൽ.എ, ടി.കെ. ഹംസ, നിലമ്പൂർ ആയിഷ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

