പി.എ. മുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
text_fieldsതിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് പി.എ. മുഹമ്മദിന് ആദരാഞ്ജലികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദര്‍ശങ്ങളില്‍ അടിയുറച്ചു നിന്നു തന്റെ നാടിന്റേയും ജനതയുടേയും വിമോചനത്തിനും ഉന്നതിയ്ക്കുമായി പോരാടാന്‍ ദൃഢനിശ്ചയം ചെയ്ത സഖാവായിരുന്നു പി.എ. മുഹമ്മദ് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
സുധീരവും ത്യാഗോജ്ജ്വലവുമായ രാഷ്ട്രീയ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതം കമ്മ്യൂണിസ്റ്റുകാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും എക്കാലവും മാതൃകയായിരിക്കും. സഖാവിന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണ് -മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:
വയനാട്ടിൽ സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതൽ ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന് ശേഷം കാൽനൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് പി.എ മുഹമ്മദ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. സുധീരവും ത്യാഗോജ്ജ്വലവുമായ രാഷ്ട്രീയ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.
ആദർശങ്ങളിൽ അടിയുറച്ചു നിന്നു തൻ്റെ നാടിൻ്റേയും ജനതയുടേയും വിമോചനത്തിനും ഉന്നതിയ്ക്കുമായി പോരാടാൻ ദൃഢനിശ്ചയം ചെയ്ത സഖാവ് പി.എ വെല്ലുവിളികൾക്കു മുന്നിൽ പതറാതെ കമ്യൂണിസ്‌റ്റ് ആശയങ്ങൾ മുറുകെപ്പിടിച്ച് മുന്നോട്ടു പോയി. പുസ്തകങ്ങളിലൂടെയും സംവാദങ്ങളിലൂടെയും തൻ്റെ അറിവുകളേയും രാഷ്ട്രീയബോധ്യങ്ങളേയും നിരന്തരമായി പുതുക്കാൻ പി.എ എന്നും ഉത്സാഹിച്ചു.
വയനാട്ടിലെ നിരവധി കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സഖാവ് വയനാട്ടിലെ കർഷകസംഘത്തിൻ്റെ വളർച്ചയിലും വലിയ പങ്കു വഹിച്ചു. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, ദേശാഭിമാനി ഡയരക്ടർ ബോർഡംഗം എന്നിങ്ങനെ നിരവധി ഉത്തരവാദിത്തങ്ങൾ സ്തുത്യർഹമാം വിധം നിർവഹിച്ചു.
2017ൽ ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവാകും വരെ സംസ്ഥാന സമിതി അംഗമായിരുന്നു. അടിയന്തരാവസ്ഥ കാലത്തും തൊഴിലാളികളുടേയും കർഷകരുടേയും അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിലും നിരവധി തവണ ജയിൽ വാസം അനുഭവിച്ച സഖാവ് പി.എ മുഹമ്മദിൻ്റെ ജീവിതം കമ്മ്യൂണിസ്റ്റുകാർക്കും പൊതുപ്രവർത്തകർക്കും എക്കാലവും മാതൃകയായിരിക്കും. സഖാവിൻ്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണ്. അദ്ദേഹത്തിൻ്റെ ഉറ്റവരുടേയും സഖാക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. സഖാവ് പി.എ മുഹമ്മദിൻ്റെ സ്‌മരണകൾക്കു മുൻപിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ആദരാഞ്ജലികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

