ഷുഹൈബ് വധം: പ്രതികളെ പിടിച്ചത് രാഷ്ട്രീയം പരിഗണിക്കാതെ, പരിശോധിച്ചത് ഒരുലക്ഷത്തിലേറെ ഫോൺ കോൾ -മുഖ്യമന്ത്രി
text_fieldsആകാശ് തില്ലങ്കേരി, ഷുഹൈബ്, പിണറായി വിജയൻ
തിരുവനന്തപുരം: മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ പൊലീസ് അന്വേഷണം നിഷ്പക്ഷവും സ്വതന്ത്രവും നീതിയുക്തവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുലക്ഷത്തിലേറെ ഫോൺ കോളുകൾ പരിശോധിച്ച്, രാഷ്ട്രീയ പശ്ചാത്തലം പരിഗണിക്കാതെയാണ് മുഴുവൻ കുറ്റവാളികളയും അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കേസിലെ മുഖ്യപ്രതിയും ക്വട്ടേഷൻ ഗുണ്ടാ തലവനുമായ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി. സിദ്ദീഖ് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ ഒന്നുമുതൽ 4 വരെ പ്രതികൾ ഒരുവർഷത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞവരാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവർക്ക് 2019 ഏപ്രിലിലാണ് ഹൈകോടതി കർശന വ്യവസ്ഥകളോടെ ജാമ്യം നൽകിയത്. എന്നാൽ, മറ്റൊരു കേസിൽ പ്രതിയാകരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച ഒന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 17ന് പൊലീസ് ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രമേയത്തിൽ പരാമർശിച്ച വിഷയം സുപ്രീംകോടതിയുടെയും തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയുടെയും പരിഗണനയിലാണെന്നും സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട ആവശ്യമേ ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മട്ടന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഒരുലക്ഷത്തിലേറെ ഫോൺ കോളുകൾ പരിശോധിച്ച് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 17 പ്രതികളെ പിടികൂടിയത്. കേസ് തലശ്ശേരി അഡീ. സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. അന്വേഷണത്തിനിടെ ഷുഹൈബിന്റെ മാതാപിതാക്കൾ കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ച് അവർക്ക് അനുകൂലമായി ഉത്തരവിട്ടു. എന്നാൽ, അന്വേഷണം നീതിയുക്തമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. ഇതിനെതിരെ മാതാപിതാക്കൾ സുപ്രീം കോടതിയിൽ പോയെങ്കിലും പിന്നീട് ഹരജി പിൻവലിച്ചു.
1 മുതൽ 11 വരെ പ്രതികൾക്കെതിരെ 2018 മേയ് 14ന് തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 12 മുതൽ 17 വരെയുള്ള പ്രതികൾക്കെതിരെ 2019 ജനുവരി 22നും കുറ്റപത്രം നൽകി. എന്നാൽ, ഇതിനിടെയാണ് 2018 മാർച്ച് ഏഴിന് കേസ് സി.ബി.ഐക്ക് വിട്ട് ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാർ നൽകിയ ഹരജിയിൽ 2019 ആഗസ്റ്റ് 2ന് ഡിവിഷൻ ബെഞ്ച് സി.ബി.ഐ അന്വേഷണം റദ്ദാക്കി. ഇതിനെതിരെ സുപ്രീം കോടതിയെ ഹരജിക്കാർ സമീപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

