വോട്ടർ അധികാർ യാത്രയെ കുറിച്ച് സംസാരിക്കാത്ത ഏക മുഖ്യമന്ത്രി; പിണറായിയുടെ നിശബ്ദത മനസിലാവുന്നില്ല -കെ.സി. വേണുഗോപാൽ
text_fieldsകെ.സി. വേണുഗോപാൽ
കോഴിക്കോട്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്രയെ കുറിച്ച് സംസാരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വോട്ടർ അധികാർ യാത്രയെ കുറിച്ച് സംസാരിക്കാത്ത ഏക മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് വേണുഗോപാൽ പറഞ്ഞു.
ജനങ്ങളുടെ ജനാധിപത്യാവകാശം പിടിച്ചു പറിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം പ്രതികരിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടക്കം മുതൽക്കുതന്നെ നമ്മുടെ ഉദ്യമങ്ങൾക്കൊപ്പമുണ്ട്, വോട്ടർ അധികാർ യാത്രയിലും അദ്ദേഹം പങ്കാളിയായി.
കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് പുറമെ ഹേമന്ദ് സോറനും മമത ബാനർജിയും പ്രതികരിച്ചു. എന്നാൽ, പ്രതിപക്ഷ നിരയിൽ നിന്ന് ഇതേക്കുറിച്ച് സംസാരിക്കാത്ത ഏക മുഖ്യമന്ത്രി പിണറായി വിജയനാണ്. ഈ വിഷയത്തിൽ ഏറ്റവും ശക്തമായി ശബ്ദമുയർത്തേണ്ടിയിരുന്ന അദ്ദേഹം ഇവ്വിധം നിശബ്ദത പുലർത്തുന്നതെന്തു കൊണ്ടാണ് എന്ന് മനസ്സിലാവുന്നില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
ബിഹാർ പോലുള്ള സംസ്ഥാനത്ത് 65 ലക്ഷത്തോളം വോട്ടുകൾ നീക്കം ചെയ്യാനൊരുമ്പെടുന്നത് കൃത്യമായ ഉന്നംവെച്ചാണ്. പട്ടികജാതിക്കാർ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിങ്ങനെ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യില്ലെന്ന് കണക്കാക്കപ്പെടുന്നവരുടെ വോട്ടുകളെല്ലാം കമീഷൻ വെട്ടിമാറ്റിക്കൊടുക്കുകയാണ്. ഇത്തരമൊരു വലിയ പ്രക്രിയ നടക്കുമ്പോൾ തീർച്ചയായും പങ്കെടുപ്പിക്കേണ്ടിയിരുന്ന രാഷ്ട്രീയ പാർട്ടികളെ അതിലേക്ക് അടുപ്പിച്ചതു പോലുമില്ല.
ഏകാധിപത്യ നിലപാടാണ് ഇലക്ഷൻ കമീഷൻ സ്വീകരിച്ചത്. അതിനെല്ലാമെതിരെയാണ് വോട്ടർ അധികാര യാത്രയുമായി മുന്നിട്ടിറങ്ങിയത്. വോട്ട് കൊള്ള നടക്കുന്നുവെന്ന് ബിഹാർ ജനതക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ജനങ്ങളിൽ നിന്ന് എടുത്തുകളയപ്പെട്ടാൽ അരാജകത്വമല്ലേ ഉണ്ടാവുകയെന്നും വേണുഗോപാൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

