'പിണറായി – ദ ലെജൻഡ്'; വാഴ്ത്തുപാട്ടിനു പിന്നാലെ മുഖ്യനെ പുകഴ്ത്തി ഡോക്യുമെന്ററിയും, ചെലവ് 15 ലക്ഷം
text_fieldsതിരുവനന്തപുരം: സി.പി.എമ്മിനകത്തെ വ്യക്തിപൂജാ വിവാദത്തിനു വീണ്ടും തിരികൊളുത്താൻ വാഴ്ത്തുപാട്ടിന് പിന്നാലെ ഡോക്യുമെന്ററിയും ഒരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചാണ് സെക്രട്ടേറിയറ്റിലെ സി.പി.ഐ.എം അനുകൂല സംഘടനയുടെ ഡോക്യുമെന്ററി. പിണറായി – ദ ലെജൻഡ് എന്നാണ് ഡോക്യുമെന്ററിയുടെ പേര്. തുടർഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന പിണറായിക്കുള്ള സമ്മാനമായാണ് സി.പി.എം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷന്റെ ഡോക്യുമെന്‍ററി.
15 ലക്ഷം രൂപയാണ് ഡോക്യുമെന്ററിയുടെ ചെലവെന്നാണ് വിവരം. സർക്കാറിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും. നേതാവിന്‍റെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവും ഉൾക്കൊള്ളുന്നതാണ് പ്രമേയം. സ്വിച്ച് ഓൺ കർമം മുഖ്യമന്ത്രി തന്നെ നിർവഹിക്കുമെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു. ഈ മാസം 21നാണ് ഡോക്യുമെന്ററിയുടെ നിർമാണം ഉദ്ഘാടനം ചെയ്യുക. ചെമ്പടയുടെ കാവലാൾ എന്ന വാഴ്ത്തുപാട്ട് ഒരുക്കിയതും സെക്രട്ടേറിയറ്റിലെ സി.പി.ഐ.എം സംഘടനയായ കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷനായിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്യുമെന്ററിയും ഒരുങ്ങുന്നത്.
നേമം സ്വദേശി അൽത്താഫ് ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ഇന്ന് ചേർന്ന അസോസിയേഷന്റെ കൗൺസിൽ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാസാക്കി.അതേസമയം ഇന്ന് ചേർന്ന സംഘടനാ കൗൺസിൽ യോഗത്തിൽ നിന്ന് ഒരു വിഭാഗം ഇറങ്ങിപ്പോയി. രണ്ട് വിഭാഗങ്ങളായി വലിയ തോതിലുള്ള തർക്കം നിലനിൽക്കുന്നുണ്ട്. ജനറൽ സെക്രട്ടറി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഇറങ്ങിപ്പോയത്. അശോക് കുമാറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. സംഘടനയുടെ പ്രസിഡന്റ് പി. ഹണി ഏകാധിപത്യ പരമായി പെരുമാറുന്നു എന്നാണ് വിമർശനം. സംഘടനയുമായി സഹകരിക്കാത്തത് കൊണ്ടാണ് അശോക് കുമാറിനെ പുറത്താക്കിയതെന്ന് പി ഹണി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

