പിണറായിയുടെ പിന്തുണയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അതൃപ്തി
text_fieldsതിരുവനന്തപുരം: ഡി.ജി.പിയുടെ മുന്നറിയിപ്പ് പോലും അവഗണിച്ചുള്ള പൊലീസ് അസോസിയേഷൻ നടപടികൾക്ക് മുഖ്യമന്ത്രി നൽകുന്ന പിന്തുണയിൽ ഉന്നത െഎ.പി.എസ് ഉദ്യോഗസ്ഥർക്ക് അസംതൃപ്തി. പൊലീസ് അസോസിയേഷൻ എംബ്ലം ഉൾപ്പെടെ ചുവപ്പ് നിറമാക്കിയെന്നത് പ്രചാരണം മാത്രമാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയുന്നു. നന്ദാവനം എ.ആർ ക്യാമ്പിന് സമീപത്തെ പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഒാഫിസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡിലും എംബ്ലം ചുവപ്പാക്കിയിരുന്നു. സംഭവം കൂടുതൽ വിവാദത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെ തിങ്കളാഴ്ച വൈകീട്ട് ആ ബോർഡ് ഒാഫിസിന് മുന്നിൽ നിന്ന് അപ്രത്യക്ഷമായി.
പൊലീസ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന് തേലദിവസം തന്നെ രക്തസാക്ഷി സ്തൂപം സ്ഥാപിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും സേനക്ക് ചേർന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി ലോക്നാഥ് ബെഹ്റ അസോസിയേഷൻ നേതാക്കൾക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, അത് കാര്യമാക്കേണ്ടെന്ന നിലപാടാണ് ഭാരവാഹികളുടെ യോഗം കൈക്കൊണ്ടത്. അതിനാൽതന്നെ രക്തസാക്ഷി സ്തൂപം സ്ഥാപിക്കലും മുദ്രാവാക്യംവിളിയുമെല്ലാം അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിെൻറ ഭാഗമായി നടക്കുകയും ചെയ്തു. ജില്ലസമ്മേളനങ്ങളിലെല്ലാംതന്നെ ഇത്തരത്തിൽ ‘ചുവപ്പ്’ കലർന്നുള്ള നടപടിയുണ്ടായെന്ന ഇൻറലിജൻസ് റിപ്പോർട്ടിെൻറ കൂടി അടിസ്ഥാനത്തിലായിരുന്നു ഡി.ജി.പി കത്ത് നൽകിയത്.
എന്നാൽ, ഡി.ജി.പിയുടെ ഇൗ കത്തിനെ തൃണവൽഗണിച്ച് അസോസിയേഷൻ കൈക്കൊണ്ട നടപടിയെ ന്യായീകരിക്കുന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊണ്ടത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ അസംതൃപ്തി പടർത്തിയിട്ടുണ്ട്. ഭരണം മാറുേമ്പാൾ പൊലീസ് അസോസിയേഷനിൽ രാഷ്ട്രീയമായ മാറ്റമുണ്ടാകും. എന്നാൽ, ഇത്രയധികം രാഷ്ട്രീയ അതിപ്രസരം മുെമ്പാരിക്കലും സേനയിൽ പ്രകടമായിട്ടില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. തികച്ചും രാഷ്ട്രീയക്കാരെ പോലെ അസോസിയേഷൻ ഭാരവാഹികളിൽ ചിലർ മാറിയെന്നും അവർ തങ്ങളെ ഭീഷണിപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നുവെന്നും പല ഉന്നത പൊലീസ് ഉേദ്യാഗസ്ഥരും പ്രതികരിച്ചു.
നീലയും വെള്ളയും നിറത്തിലുള്ളതാണ് അസോസിയേഷെൻറ ചിഹ്നം. 2015 ൽ പൊലീസ് മാന്വലിൽ ഭേദഗതി വരുത്തി അസോസിയേഷെൻറ കൊടി, ചിഹ്നം എന്നിവയിലെല്ലാം വ്യക്തതയും വരുത്തിയിരുന്നു. എന്നാൽ, ഇൗ സർക്കാർ അധികാരത്തിൽ വന്നശേഷം ചിഹ്നത്തിൽ നിന്ന് നീല മാറുകയും ചുവപ്പ് കടന്നുവരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
