‘ടി.ജി. മോഹൻദാസിലൂടെ വ്യക്തമാവുന്നത് വൃത്തികെട്ട മനോഭാവം’-ആർ.എസ്.എസിനെതിരെ പിണറായി; യു.ഡി.എഫ് ആർ.എസ്.എസ് ബാന്ധവത്തിലെന്നും വിമർശനം
text_fieldsസി.പി.എം കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് അവരെ വെടിവെച്ചു കൊല്ലുമായിരുന്നുവെന്ന് പറഞ്ഞ ആർ.എസ്.എസ് നേതാവ് ടി.ജി. മോഹൻദാസിലൂടെ വ്യക്തമാവുന്നത്, ഫാഷിസ്റ്റ് ആശയം പിന്തുടരുന്നവരുടെ വൃത്തികെട്ട മനോഭാവമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമരം ചെയ്യുന്ന വിദ്യാർഥികളെ കുറിച്ച് പറഞ്ഞത് മറ്റൊരാൾക്ക് പറയാൻ കഴിയാത്ത വൃത്തികെട്ട കാര്യങ്ങളാണ്. പഴയ ഹിറ്റ്ലറിന്റെ ആധുനിക രീതിയാണ് ആർ.എസ്.എസിന്. ഹിറ്റ്‌ലറിനെ പിന്തങ്ങിയവരാണവർ. ആർ.എസ്.എസ് അവരുടെ തനിരൂപം പ്രകടിപ്പിക്കുന്നു. അതുകൊണ്ടാണ് സംസ്കാരഹീനമായി സംസാരിക്കാനാവുന്നതെന്നും പിണറായി പറഞ്ഞു.
ആർ.എസ്.എസിന്റെ കൊലവിളി രാഷ്ട്രീയത്തിനും ക്ഷേത്രക്കൊള്ളക്കുമെതിരെ സി.പി.എം കാസർകോട് ജില്ല കമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘സംസ്ഥാന സർക്കാർ മറയില്ലാതെ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കുകയാണ്. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതു മുതൽ സംഘപരിവാർ സ്വാധീനം കാണാൻ കഴിയും. പിന്നീട് കേന്ദ്ര സർക്കാറിനെതിരെ ഒരക്ഷരം പറയാത്ത ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും അത് ദൃശ്യമായി. വഖഫ് ബോർഡിൽ അമുസ്‍ലിംകളെ ഉൾപ്പെടുത്താമെന്ന് കേന്ദ്രത്തോട് യു.ഡി.എഫ് സർക്കാർ അങ്ങോട്ട് ആവശ്യപ്പെട്ടു. വഖഫ് ബോർഡിൽ അമുസ്‍ലിം പ്രതിനിധി വേണ്ട എന്നാണ് എൽ.ഡി.എഫ് തീരുമാനിച്ചത്. അമുസ്‍ലിം പ്രതിനിധി ഇല്ലാതെ തന്നെ പ്രവർത്തിച്ചിരുന്ന വഖഫ് ബോർഡിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചു. എന്നാൽ, അമുസ്‍ലിം പ്രതിനിധിയെ ഉൾപ്പെടുത്തുക എന്നതാണ് സർക്കാർ നിലപാടെന്ന് പ്രഖ്യാപിച്ചു. ഇതിലൂടെ ആർ.എസ്.എസ് നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടത്’ -പിണറായി പറഞ്ഞു.
പി.എം ശ്രീ പദ്ധതിയിലെ എം.ഒ.യു എൽ.ഡി.എഫ് സർക്കാർ ഒപ്പിട്ടിരുന്നുവെന്നും, കാവിവത്കരണമാണെന്നൊരു ചർച്ച ഉണ്ടായപ്പോൾ അതിൽ നിന്ന് പിന്‍മാറുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പി.എം ശ്രീയിൽ നിന്ന് പിൻവാങ്ങുന്നതിന് ഒരു തടസ്സവുമില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടും അത് തുടരുന്ന നിലപാടാണ് യു.ഡി.എഫ് സർക്കാറിന്.
പി.എം ശ്രീ അറബിക്കടലിൽ എന്ന് പറഞ്ഞവർ അധികാരത്തിൽ വന്നപ്പോൾ പദ്ധതി നടപ്പിലാക്കുന്ന തിരക്കിലാണ്. സ്കൂളുകളിൽ വിദ്യാഭ്യാസം കാവി വത്കരിക്കപ്പെടുമെന്ന് കണ്ടാണ് എൽ.ഡി.എഫ് പി.എം ശ്രീ വേണ്ടെന്ന് വെച്ചത്. ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാനാണ് യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.
ആർ.എസ്.എസുമായുള്ള യു.ഡി.എഫിന്റെ ബാന്ധവം ഒരു മറയുമില്ലാതെ ഓരോ ദിവസം കഴിയുമ്പോഴും പുറത്തുവരികയാണ്. ഇതിനെതിരെ മതനിരപേക്ഷ മനസ്സുള്ള മുഴുവൻ പേരും മുന്നോട്ടുവരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

