ദാമോദരനെ ഒാർത്ത് വേദനിച്ച്, വിധിയിൽ ആനന്ദചിത്തനായി...
text_fieldsതിരുവനന്തപുരം: വർഷങ്ങളായി തന്നെ വ്യക്തിപരമായി വേട്ടയാടിയ ലാവലിൻ കേസിൽ അനുകൂല വിധിയുണ്ടായതിലെ സന്തോഷത്തിനിടയിലും തെൻറ നിരപരാധിത്തം തെളിയിക്കാനുള്ള നിയമപോരാട്ടത്തിൽ മുന്നിൽനിന്ന അഡ്വ. എം.കെ. ദാമോദരെൻറ ഒാർമകളിൽ ദുഃഖം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിധിയെന്താകുമെന്ന ആശങ്കയായിരുന്നു രാവിലെ പിണറായി വിജയനും പാർട്ടി നേതൃത്വത്തിനും പ്രവർത്തകർക്കുമെല്ലാം. രാവിലെ നിയമസഭയിലെത്തിയ മുഖ്യമന്ത്രി ഉച്ചയോടെ തന്നെ ക്ലിഫ്ഹൗസിലേക്ക് മടങ്ങി. ഉച്ചക്ക് ഒന്നേമുക്കാലോടെ ലാവലിൻ കേസ് വിധി വരുമെന്ന ഫ്ലാഷ് വാർത്ത ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെൻററിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ നേതാക്കൾ വിധി കേൾക്കാനായി ടെലിവിഷന് മുന്നിലുണ്ടായിരുന്നു. ഒന്നേകാലോടെ ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്ലിഫ് ഹൗസിൽ എത്തി. ഡി.ജി.പിയുടെ സന്ദർശനം എന്തിനാണെന്ന ആശങ്കയുമുണ്ടായി. ഇരുവരും തമ്മിൽ കുറേനേരം ചർച്ച നടന്നു. അതിനിടെ ഹൈകോടതി വാർത്തകൾ ടി.വിയിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഒടുവിൽ ആശ്വാസം നൽകുന്ന വിധി എത്തിയതോടെ പിണറായിയുടെ മുഖവും പ്രസന്നമായി.
ഇതിനിടെ മന്ത്രി ജി. സുധാകരൻ, എം.എൽ.എമാരായ എ.എൻ. ഷംസീർ, സുരേഷ് കുറുപ്പ്, വി.എസ്. ജോയ്, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ എന്നിവർ ക്ലിഫ്ഹൗസിലേക്ക് എത്തി. വിധിയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ആരാഞ്ഞ് മാധ്യമപ്രവർത്തകരും തടിച്ചുകൂടി. മൂന്നരയോടെ സെക്രേട്ടറിയറ്റിലെത്തുന്ന മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിക്കുമെന്ന അറിയിപ്പും എത്തി. മൂന്നുമണി കഴിഞ്ഞപ്പോൾ പ്രസന്നവദനനായി മാധ്യമപ്രവർത്തകരെ ഉൾപ്പെടെ കൈകാണിച്ച് മുഖ്യമന്ത്രി വസതിയിൽനിന്ന് പുറത്തിറങ്ങി. പതിവിൽനിന്ന് വ്യത്യസ്തമായി കാറിെൻറ ഗ്ലാസ് താഴ്ത്തിയിട്ടായിരുന്നു അദ്ദേഹം കാറിൽ ഇരുന്നതും. മൂന്നേകാലോടെ മുഖ്യമന്ത്രി സെക്രേട്ടറിയറ്റിൽ എത്തി. ഫോേട്ടാഗ്രാഫർമാർ ഉൾപ്പെടെ വലിയ മാധ്യമപ്പടയും ജീവനക്കാരും മുഖ്യമന്ത്രിയെ പ്രതീക്ഷിച്ച് അവിടെയുണ്ടായിരുന്നു. മാധ്യമപ്രവർത്തകരോട് ചിരിച്ചുകൊണ്ട് ഹാളിലേക്ക് പ്രവേശിച്ച മുഖ്യമന്ത്രി വാർത്തസമ്മേളനം തുടങ്ങിയതും വ്യത്യസ്തമായിട്ടായിരുന്നു.