ഓപറേഷൻ തൂഫാൻ മുന്നേറുമ്പോൾ എം.ഡി.എം.എ വാർത്ത സർക്കാർ മറച്ചുവെക്കുന്നത് എന്തിനെന്ന് പിണറായി
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: മാധ്യമ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാറിന്റെ പാതയിലാണ് കേരളത്തിലെ യു.ഡി.എഫ് സർക്കാർ സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായവരെ സർക്കാർ സംരക്ഷിക്കുകയാണ്. ലഹരിക്കെതിരായ ഓപറേഷൻ തൂഫാൻ നടപടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററെ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഫേസ്ബുക്കിൽനിന്ന് നീക്കം ചെയ്യപ്പെടുകയാണ്. സംസ്ഥാന സർക്കാർ ഇടപെട്ടിട്ടാണ് ഇവ നീക്കുന്നതെന്നും പിണറായി വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഈ വാർത്ത സോഷ്യൽ മീഡിയയിൽ വരാൻപാടില്ല എന്ന് എന്തുകൊണ്ടാണ് സർക്കാർ നിലപാടെടുത്തതെന്ന് വ്യക്തമാക്കണം. സെൻസർഷിപ്പ് ഏർപ്പെടുത്തുന്നത് ഏകാധിപത്യ നടപടിയാണ്. കേന്ദ്രസർക്കാർ മെറ്റയെ ഉപയോഗിച്ച് സ്വീകരിക്കുന്ന നടപടികളിൽ വ്യാപകവിമർശനം പൊതുവെ ഉയർന്നിട്ടുണ്ട്. ഡൽഹി ജന്തർ മന്തറിലെ യുവജന പ്രക്ഷോഭത്തിന് ശേഷം സമരവുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്കും റീലുകൾക്കും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും മെറ്റ നിയന്ത്രണം ഏർപ്പെടുത്തി.
അതേനിലയിലുള്ള നീക്കമാണ് കേരളത്തിൽ യു.ഡി.എഫ് സർക്കാറും നടത്തുന്നത്. ബി.ജെ.പി സർക്കാറിന്റെ പരോക്ഷമായ സഹായം യു.ഡി.എഫ് സർക്കാറിന് ലഭിക്കുന്നുണ്ട്. ഓപറേഷൻ തൂഫാൻ നല്ലനിലയിൽ മുന്നോട്ടു പോകുന്നുവെന്ന് സർക്കാർ തന്നെ അവകാശപ്പെടുമ്പോഴാണ് അതിന്റെ ഭാഗമായി നടന്ന അറസ്റ്റ് സർക്കാർ തന്നെ പൂഴ്ത്തിവെക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എം.ഡി.എം.എ കടത്തിയ കേസിൽ കാസർകോട്ട് പിടിയിലായ പ്രതികൾ മുഖ്യമന്ത്രി വി.ഡി. സതീശന് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ മുഹമ്മദ് ഹുസൈൻ മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്ഥിരം സന്ദർശകനാണെന്നും, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടവർ തന്നെ ഇത്തരത്തിൽ ലഹരിക്കടത്ത് കേസുകളിൽ പിടിയിലാകുന്നത് ഞെട്ടിക്കുന്നതാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

