രാമനവമി ദിനത്തിലെ സംഘ്പരിവാർ ആക്രമണം ഞെട്ടിപ്പിക്കുന്നത് -പിണറായി
text_fieldsfile photo
കൊച്ചി: രാജ്യത്ത് രാമനവമി ആഘോഷങ്ങൾ വർഗീയ സംഘർഷത്തിനും മറ്റ് മതവിഭാഗക്കാരെ ആക്രമിക്കാനുമുള്ള അവസരമാക്കി സംഘ്പരിവാർ ബോധപൂർവം മാറ്റുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
മധ്യപ്രദേശിലും ബിഹാറിലും മഹാരാഷ്ട്രയിലും ബംഗാളിലും ഝാർഖണ്ഡിലും ഇത്തരം ആക്രമണങ്ങൾ നടക്കുന്നു.മതനിരപേക്ഷത ഗൗരവമായി കാണുന്ന ആരിലും ഇത് ഞെട്ടലുളവാക്കും. അരക്ഷിത ബോധത്തിലേക്ക് ജനത്തെ ഇങ്ങനെ തള്ളിവിടരുത്. പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ ലക്ഷോപലക്ഷം പേർ ഉത്കണ്ഠയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ബി.ജെ.പി രാജ്യം ഭരിക്കുമ്പോഴാണ് അവർക്ക് നേതൃത്വം നൽകുന്ന ആർ.എസ്.എസ് വർഗീയ ആക്രമണങ്ങൾ വളർത്തുന്നത്. ഭരണാധികാരികൾ ആക്രമണങ്ങൾക്ക് മൗനത്തിലൂടെ പിന്തുണ നൽകുകയാണ്. പ്രധാനമന്ത്രിക്ക് അടക്കം ഇത്തരം സംഭവങ്ങൾ അപലപിക്കാൻ കഴിയുന്നില്ല.
അവരെല്ലാം സംഘ്പരിവാറിന്‍റെ അജണ്ടക്ക് ഒപ്പമാണ്. രാജ്യം എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഈ സന്ദർഭത്തിൽ മതനിരപേക്ഷതയുടെ സംരക്ഷണത്തിന് കരുത്തോടെയുള്ള ഇടപെടൽ ഡി.വൈ.എഫ്.ഐ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് ഡോ. പ്രിൻസി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. റെഡ് കെയർ സെന്‍റർ മന്ത്രി പി. രാജീവും ഭഗത് സിങ് സ്റ്റഡി സെന്‍റർ ആൻഡ് ലൈബ്രറി മന്ത്രി പി.എ. മുഹമ്മദ് റിയാസും സോഷ്യൽ മീഡിയ സെന്‍റർ എം. സ്വരാജും എ.പി. സ്മാരക ഹാൾ സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനനും ഉദ്ഘാടനം ചെയ്തു.
എ.പി. വർക്കിയുടെ ചിത്രം എസ്. ശർമ അനാച്ഛാദനം ചെയ്തു. മേയർ എം. അനിൽകുമാർ, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, പി.വി. ശ്രീനിജിൻ എം.എൽ.എ, കെ. ചന്ദ്രൻപിള്ള, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ്, ജില്ല സെക്രട്ടറി അഡ്വ. എ.എ. അൻഷാദ്, സി.എൻ. ദിനേശ് മണി, ഗോപി കോട്ടമുറിക്കൽ, ജോൺ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

