Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി...

പിണറായി അണിഞ്ഞിരിക്കുന്നത് ഒരു മുൾക്കിരീടം; കരങ്ങൾക്ക് ശക്തിപകരണം -ബാലചന്ദ്രമേനോൻ

text_fields
bookmark_border
balachandra menon
cancel

കോഴിക്കോട്: രണ്ടാം പിണറായി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ഇരിക്കെ പ്രതികരണവുമായി സംവിധായകൻ ബാലചന്ദ്ര മേനോൻ. പിണറായി വിജയൻ അണിഞ്ഞിരിക്കുന്നത് ഒരു മുൾകിരീടമാണെന്നും അദ്ദേഹത്തിന്‍റെ കരങ്ങൾക്ക് ശക്തിപകരണമെന്നും ബാലചന്ദ്രമേനോൻ ഫേസ്ബുക്കിൽ കുറിച്ചു. അറബിക്കടലിലെ ന്യൂനമർദം, കോവിഡ്, ഡെങ്കിപ്പനി, ബ്ലാക്ക് ഫംഗസ് അടക്കമുള്ളവയാണ് പിണറായി സർക്കാർ നേരിടാനുള്ളത്. മുഖ്യമന്ത്രിയുടെ കരങ്ങൾക്ക് ശക്തിപകരണം. ജനാധിപത്യത്തിന്‍റെ വിജയം ഭൂരിപക്ഷമായിരിക്കെ പിണറായി ജേതാവ് തന്നെയാണെന്നും ബാലന്ദ്രമേനോൻ കൂട്ടിച്ചേർത്തു.

ബാലചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ന് ഒരു നല്ല ദിവസം ആണ് ....

അത് അങ്ങിനെ തന്നെ ആകണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു...

എന്തെന്നാൽ, ഇന്ന് ശ്രീ പിണറായി വിജയൻ ചരിത്രം തിരുത്തി എഴുതിക്കൊണ്ടു, ഒരു തുടർഭരണത്തിന്‍റെ കപ്പിത്താനായി, കേരളാ മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുകയാണ്....

ഇനി പറയട്ടെ ....

ഈ എഴുത്തിന്‍റെ പിന്നിൽ യാതൊരു രാഷ്ട്രീയ ദുഷ്ടലാക്കുമില്ല. ഞങ്ങൾ തമ്മിൽ വ്യക്തിപരമായ ഒരു ഇടപെടലുകളും ഇന്നിത് വരെ ഉണ്ടായിട്ടില്ല. പിണറായി വിജയൻ എന്ന പേര് ഞൻ ആദ്യമായി പറഞ്ഞു കേൾക്കുന്നത് യുണിവേഴ്‌സിറ്റി കോളേജ് ചെയർമാൻ ആയിരിക്കെ യുണിറ്റ് സെക്രട്ടറി ആയിരുന്ന ലെനിൻ രാജേന്ദ്രൻ മുഖേനയാണ് (SFI യുടെ പിന്തുണയിൽ മത്സരിച്ചാണ് ഞാൻ അന്ന് ഐതിഹാസികമായ വിജയം നേടിയത് എന്ന് കൂടി സൂചിപ്പിക്കട്ടെ). കോളേജ് യൂണിയൻ ഉദ്ഘാടനത്തിന് പാർട്ടി സെക്രട്ടറിയായ പിണറായിയെ കിട്ടാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. എന്‍റെ കോളേജ് രാഷ്ട്രീയവും അവിടം കൊണ്ടു തീർന്നു.

പിന്നീട് വർഷങ്ങൾക്കു ശേഷം എന്‍റെ കൊല്ലം പട്ടത്താനുള്ള വീട്ടിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. എന്‍റെ അമ്മയുടെ പെട്ടന്നുള്ള ദേഹവിയോഗം കൊല്ലത്തു ഒരു പൊതു ചടങ്ങിൽ പങ്കെടുക്കാൻ വന്ന അദ്ദേഹം കേട്ടറിഞ്ഞു നടത്തിയ ഒരു സ്വാന്തന സന്ദർശനമായിരുന്നു അത്. അങ്ങിനെ 'സ്വന്തം എന്നൊരു' തോന്നൽ എന്‍റെ മനസ്സിലുണ്ടായത് സ്വാഭാവികം. എന്നാൽ പിന്നീട് ആ തോന്നൽ വർധിക്കാനുള്ള സംഗമങ്ങൾ ഒന്നും ഉണ്ടായില്ല എന്ന് പറഞ്ഞാൽ മതിയല്ലോ.

പിന്നീട് പിണറായിയെ ഞാൻ ദൂരെ നിന്ന് വീക്ഷിക്കുകയായിരുന്നു... പണ്ടേ വായ്നോട്ടം പ്രിയമുള്ള എനിക്ക് പിണറായിയെ നിരീക്ഷിക്കാൻ ഒരു പ്രത്യേക കൗതുകമുണ്ടായിരുന്നു... എന്നും വിവാദങ്ങളുമായി അഭിരമിക്കുന്നതിൽ അദ്ദേഹം ഉത്സുകനായി എനിക്ക് തോന്നിയിട്ടുണ്ട്... ഉപയോഗിക്കുന്ന പദപ്രയോഗങ്ങളിലും ശരീര ഭാഷയിലും ഒരു രാഷ്ട്രീയക്കാരന്‍റെ ഒതുക്കമോ മിതത്വമോ എന്തിന് നയപരമായ ഒരു കൗശലമോ കാണിക്കാൻ അദ്ദേഹം ശ്രമിച്ചില്ല... 'ഇതാണ് ഞാൻ' എന്ന സത്യസന്ധമായ ഒരു പ്രകടനമായിരുന്നു അദ്ദേഹം അവലംബിച്ചത്.... ധാർഷ്ട്യക്കാരൻ, തന്നിഷ്ടക്കാരൻ, എന്നെ നിലയിൽ അദ്ദേഹത്തെ നിരൂപിക്കാനുള്ള പ്രവണത പൊതുസമൂഹത്തിനുണ്ടായത് അങ്ങിനെ എന്നു തോന്നുന്നു. എന്നാൽ കാലത്തിനോത്ത് പിണറായി അത്യാവശ്യം മാറ്റങ്ങൾ ഉൾകൊള്ളാൻ തയ്യാറായി എന്ന് പറയാതെ വയ്യ. അടുക്കും ചിട്ടയുമോടെ സംസാരിക്കാനും അത്യാവശ്യം നർമ്മം വിളമ്പാനും എന്തിന്‌ ചിരിക്കാനും പൊട്ടിച്ചിരിക്കാനും വരെ സജ്ജമായി എന്നുള്ളത് എടുത്തു പറഞ്ഞെ പറ്റൂ.

ഇക്കുറി ശ്രീ പിണറായീ നേടിയ ചരിത്ര വിജയത്തിന്‍റെ പിന്നിലെ രഹസ്യം എന്തെന്ന് ഇനിയും എത്ര കവടി നിരത്തിയിട്ടും ആർക്കും മനസ്സിലാകുന്നില്ല. പക്ഷെ ആരെന്തു പറഞ്ഞാലും എന്തൊക്കെ വ്യഖ്യാനിച്ചാലും ജനാധിപത്യത്തിന്‍റെ വിജയം ഭൂരിപക്ഷം ആയിരിക്കെ പിണറായി ജേതാവ് തന്നെയാണ്. രാഷ്രീയ ഭാഷ കടമെടുത്താൽ "അർത്ഥശങ്കക്കിടയില്ലാത്തവണ്ണം ' അദ്ദേഹം വിജയശ്രീലാളിതനാണ് ."NOTHING SUCCEEDS LIKE SUCCESS' എന്ന സായിപ്പിന്‍റെ തീർപ്പു നമുക്കും അംഗീകരിച്ചുകൊണ്ട് ഈ നല്ല നാളിൽ ശ്രീ പിണറായീ വിജയനെയും അദ്ദേഹം തന്‍റേടത്തോടെ അവതരിപ്പിക്കുന്ന പുതുമുഖ മന്ത്രിമാരെയും സർവാന്മന സ്വാഗതം ചെയ്യാം....

ഇനിയാണ് എനിക്ക് ഒരു കാര്യം ശ്രദ്ധയിൽ പെടുത്താനുള്ളത്... അധികാരമേൽക്കുന്ന മുഖ്യമന്ത്രി ഈ നിമിഷം അണിഞ്ഞിരിക്കുന്നത് ഒരു മുൾക്കിരീടം തന്നെയാണ്...

കോവിഡിന്‍റെ പൂണ്ടടക്കമുള്ള ആക്രമണം ഒരു ഭാഗത്തു...

അറബിക്കടലിലെ ന്യൂനമർദ്ദം മറ്റൊരിടത്തു....

ഡിങ്കിപ്പനിയും ബ്ലാക്ക് ഫങ്കസും തൊട്ടു പിന്നാലെ....

ഈ ചുറ്റുപാടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മറന്ന് നമ്മുടെ കൊച്ചുകേരളത്തെ ഒന്ന് 'ഉഷാറായി' എടുക്കുന്നതിലേക്കു മുഖ്യമന്ത്രിയുടെ കരങ്ങൾക്കു ശക്തി പകരാനുള്ള ഒരു ബാധ്യത ഓരോ പൗരനുമുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.. ആരും പ്രതീക്ഷിക്കാത്ത ഒരു ദുർഘടസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്.. രാവിലെ ഷട്ടിൽ കളിക്കുന്ന നിലയിൽ കണ്ട ആളിനെ വൈകിട്ട് ശ്മശാനത്തിൽ ദഹനത്തിനുള്ള ജഡമായി കാണുന്ന വേഗതയിൽ മരണം ചുറ്റുപാടും താണ്ഡവ നൃത്തം നടത്തുന്നു.. റോഡിലോട്ടു ഇറങ്ങിയാൽ പോലീസ് പിടിക്കുമെന്ന്‌ പേടിച്ചു വായും പൊത്തി വീട്ടിനുള്ളിൽ കതകടച്ചിരിക്കേണ്ട ജയിൽ പുള്ളികളായി നാം മനസ്സ് കൊണ്ട് മാറിയിരിക്കുന്നു. ഇന്ന് അധികാരമേൽക്കുന്ന സർക്കാർ ആണ് നമുക്കു അവലംബം.

'സർക്കാരുണ്ടല്ലോ... ചെയ്യട്ടെ' എന്ന നിലപാട് നമുക്ക് വേണ്ട....

ഇത് നമ്മുടെ നാടിന്റെ പ്രശ്നമാണ്....

നമ്മുടെ പ്രശ്നമാണ്...

എത്രയും പെട്ടന്ന് ഈ കോവിഡ് മഹാമാരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളിൽ സർക്കാരിനുള്ള കൂട്ടായ പിന്തുണ നമുക്ക് നൽകാം. തൽക്കാലം പുര കത്തിക്കൊണ്ടിരിക്കുകയാണെന്നു നമുക്ക് എല്ലാവർക്കും അറിയാം. ഈ നേരം നോക്കി ആരും ഇല വെട്ടാൻ പോകരുത് എന്നാണു 'റോസസ് ദി ഫാമിലി ക്ലബ്ബ് ' എന്ന കുടുംബ കൂട്ടായ്മയുടെ പേരിൽ എനിക്ക് അഭ്യർത്ഥിക്കാനുള്ളത്....

ഈ സന്ധി ഒന്ന് താണ്ടിക്കഴിഞ്ഞാൽ നമുക്ക് വീണ്ടും രാഷ്ട്രീയം കളിക്കാം... രാഷ്ട്രീയത്തിൽ കളിയും കളിയിൽ രാഷ്ട്രീയവുമില്ലെങ്കിൽ പിന്നെ എന്ത് രസം... അല്ലെ ?

that's ALL your honour !

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldf govtBalachandra MenonPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi is wearing a crown of thorns; Strengthening tool for hands - Balachandra Menon
Next Story