പിണറായി നടത്തുന്നത് മോദിയുടെ വേട്ടയാടൽ രാഷ്ട്രീയം -താരിഖ് അൻവർ
text_fieldsതിരുവനന്തപുരം: നരേന്ദ്ര മോദിയുടെ വേട്ടയാടൽ രാഷ്ട്രീയം അതേപടി പിണറായി വിജയൻ കേരളത്തിൽ നടപ്പാക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കോണ്‍ഗ്രസ് നടത്തിയ ഡി.ജി.പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടുന്ന അതേ കരുത്തോടെ പിണറായിയുടെ പ്രതികാരരാഷ്ട്രീയത്തെയും കോണ്‍ഗ്രസ് നേരിടും.
കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എതിരായ കേസുകള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഈ ഗൂഢാലോചനയെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടും. സമാനതകളില്ലാത്ത മാധ്യമവേട്ടയാണ് കേരളത്തില്‍ നടക്കുന്നത്. ജനാധിപത്യത്തിന് നിരക്കാത്ത പ്രവൃത്തികളാണ് പിണറായി സര്‍ക്കാറിന്റേതെന്നും താരിഖ് കുറ്റപ്പെടുത്തി. രാവിലെ 11ന് മ്യൂസിയം ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഡി.ജി.പി ഓഫീസിനു സമീപം ബാരിക്കേഡ് കെട്ടി പോലീസ് മാര്‍ച്ച് തടഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷതവഹിച്ചു. എന്‍. ശക്തന്, ടി.യു. രാധാകൃഷ്ണന്, വി.ടി. ബല്‍റാം, മര്യാപുരം ശ്രീകുമാര്‍, ജി.എസ്. ബാബു, ജി. സുബോധന്‍, എം. വിന്‍സന്റ് എം.എല്‍.എ, വര്‍ക്കല കഹാര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വ്യാപകമായി എല്ലാ ജില്ലയിലും എസ്.പി ഓഫിസിലേക്കും മാർച്ച് നടത്തി. കൊല്ലത്തും കാസർകോടും മലപ്പുറത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ഏതാനും പേർക്ക് പരിക്കുണ്ട്.
സമാധാനപരമായി പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പലയിടത്തും പൊലീസ് തല്ലിച്ചതച്ചതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതിഷേധിച്ചു. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയും കള്ളക്കേസെടുത്തും കേരളത്തിലെ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും നിശ്ശബ്ദരാക്കാമെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും കരുതേണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

