‘കോടാലിക്കൈയെന്ന് വിളിച്ചാൽ പോരാ, വസ്തുതാപരമായി മറുപടി പറയണം, പയ്യന്നൂരിലെ ജനങ്ങളെ പിണറായി പരിഹസിക്കുന്നു; വി. കുഞ്ഞികൃഷ്ണൻ
text_fieldsവി.കുഞ്ഞികൃഷ്ണന്‍, പിണറായി വിജയന്‍
കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയൻ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. തനിക്ക് വോട്ട് നൽകി വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പ്രതിപക്ഷ നേതാവ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പിഴവുകൾ സംഭവിച്ചുവെന്ന് കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ നിഷേധിച്ചുകൊണ്ടുള്ള ഒരു പൊളിറ്റ് ബ്യൂറോ അംഗത്തിന്റെ നിലപാട് ശരിയാണോ എന്ന് ആ പാർട്ടിയുടെ നേതൃത്വം തീരുമാനിക്കണമെന്നും കുഞ്ഞികൃഷ്ണൻ അറിയിച്ചു. കോടാലിക്കൈ, വർഗവഞ്ചകൻ എന്നൊക്കെ വിളിക്കുകയല്ലാതെ താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് വസ്തുതാപരമായ മറുപടി പിണറായി വിജയനോ പാർട്ടിയുടെ കണ്ണൂർ ജില്ലാ നേതൃത്വമോ നൽകുന്നുണ്ടോ എന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു.
എല്ലാവരെയും എല്ലാ കാലത്തേക്കും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു. 50,000ത്തോളം ഭൂരിപക്ഷം നേടി വിജയിച്ച സ്ഥാനാർഥിയെ മറികടന്ന് ഏഴായിരത്തിൽപ്പരം വോട്ടിനാണ് താൻ ജയിച്ചത്. പിണറായിയുടെ ഈ നിലപാട് പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്നതാണ്. പിണറായിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ എന്തെങ്കിലും വിശദീകരണം ജനങ്ങൾക്ക് നൽകാൻ അദ്ദേഹം തയ്യാറാകുന്നുണ്ടോ എന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു.
പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേർപ്പെട്ടതു മുതൽ തനിക്ക് നേരെ അക്രമം നടക്കുന്നുണ്ട്. ഇത് എല്ലാക്കാലത്തും വിലപ്പോകില്ലെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു. ആര് ആരെ ഇല്ലാതാക്കാൻ ശ്രമിച്ചാലും കേരളത്തിലെ ജനങ്ങൾക്ക് ഒരു നിലപാടുണ്ട്. അക്രമഭീഷണി പേടിച്ച് അതിൽ നിന്ന് താൻ ഒളിച്ചോടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ ഇടതുപക്ഷത്തിന് ശേഷിയുള്ള മണ്ഡലമാണ് പയ്യന്നൂരെന്നും, എന്നാൽ ഇത്തവണ പാർട്ടിക്ക് തിരിച്ചടിയുണ്ടായതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് മാത്തയിൽ നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. പാർട്ടിവിരുദ്ധ വികാരം സൃഷ്ടിക്കാനും നേതൃത്വത്തെ തകർക്കാനും ചിലർ ബോധപൂർവ്വം ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒരു കമ്മ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ മണ്ഡലത്തിലുണ്ടായി. പാർട്ടി ശത്രുക്കളെ ഉപയോഗിച്ച് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ് ചെയ്തത്. പാർട്ടി പറഞ്ഞതിൽ യാതൊരു കാപട്യവുമില്ലെന്നും വഴിതെറ്റിപ്പോയവർ തിരികെ പാർട്ടിക്ക് ഒപ്പം നിൽക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. വഖഫ് വിഷയത്തിലും വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിലും സംസ്ഥാന സർക്കാരിനും കോൺഗ്രസിനുമെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

