വിവരങ്ങൾ അന്വേഷിച്ചും ഡ്രൈവിങ് സീറ്റിലിരുന്നും മുഖ്യമന്ത്രിയുടെ മെട്രോ യാത്ര
text_fieldsകൊച്ചി: ഉദ്ഘാടനത്തിന് മുമ്പ് സജ്ജീകരണങ്ങൾ പരിശോധിക്കാൻ കൊച്ചി മെട്രോയിൽ മുഖ്യമന്ത്രിയുടെ കന്നി യാത്ര. ഉദ്ഘാടനത്തിന് 14 ദിവസം ബാക്കിനിൽക്കെയാണ് സംസ്ഥാനത്തിെൻറ സ്വപ്ന പദ്ധതിയായ മെട്രോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്തത്.ഉദ്ഘാടനത്തിന് സജ്ജമായി പ്രധാനമന്ത്രിയെ കാത്തിരിക്കുന്ന പാലാരിവട്ടം മുതൽ ആലുവ വരെയുള്ള സ്റ്റേഷനുകളെല്ലാം ഉൾപ്പെടുത്തിയായിരുന്നു യാത്ര. രാവിലെ 11.05ന് പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രിയെ കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജിെൻറ നേതൃത്വത്തിൽ സ്വീകരിച്ചു. സി.പി.എം. ജില്ല സെക്രട്ടറി പി. രാജീവും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കുള്ള യാത്ര ടിക്കറ്റുമായി ജീവനക്കാരെത്തി. ടിക്കറ്റ് പഞ്ച് െചയ്തശേഷം ഉദ്യോഗസ്ഥരോെടാപ്പം മുകളിലേക്ക് നടന്നു.
സ്റ്റേഷനിൽ മുഖ്യമന്ത്രിയെയും സംഘത്തെയും കാത്ത് ട്രെയിൻ കിടപ്പുണ്ടായിരുന്നു. ഏലിയാസ് ജോർജിനും മറ്റ് മെട്രോ അധികൃതർക്കും മാധ്യമപ്രവർത്തകർക്കും ഒപ്പം മുഖ്യമന്ത്രി ട്രെയിനിൽ കയറി. പ്രത്യേക യാത്രയായിരുന്നതിനാൽ ആലുവക്ക് ഇടക്കുള്ള മറ്റ് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തില്ല എന്ന അറിയിപ്പ് വന്ന് വാതിലുകൾ അടഞ്ഞു. 11.14ന് ട്രെയിൻ ആലുവ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഏലിയാസ് ജോർജിനും പി. രാജീവിനുമൊപ്പം മുഖ്യമന്ത്രി സീറ്റിലിരുന്നു. ശരവേഗത്തിൽ പായുന്ന മെട്രോയിലിരുന്ന് നഗരക്കാഴ്ചകൾ വീക്ഷിച്ച അദ്ദേഹത്തിന് മെട്രോയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏലിയാസ് ജോർജ് വിശദീകരിച്ചു കൊടുത്തു. അടുത്ത സ്റ്റേഷനുകളെ സംബന്ധിച്ച് അറിയിപ്പുകൾ ട്രെയിനിൽ യാന്ത്രികമായി വന്നുകൊണ്ടിരുന്നു. ചങ്ങമ്പുഴ പാർക്കും കടന്ന് 10 മിനിറ്റ് പോലും എടുക്കാതെ പത്തടിപ്പാലത്തെത്തിയപ്പോൾ എല്ലാവരിലും ആശ്ചര്യം. ട്രെയിനിലിരുന്ന് മറ്റ് സ്റ്റേഷനുകൾ വരുന്നത് വീക്ഷിച്ച മുഖ്യമന്ത്രി ഏലിയാസ് ജോർജിനോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. മുട്ടം യാർഡിന് സമീപത്തെത്തിയപ്പോൾ അവിടത്തെ സംവിധാനങ്ങൾ ഏലിയാസ് ജോർജ് കാണിച്ച് കൊടുത്തു. സമയം 11.30 കഴിഞ്ഞപ്പോൾ അവസാന സ്റ്റേഷനായ ആലുവ എത്തുന്നുവെന്ന അറിയിപ്പ് വന്നു. 11.34 ഓടെ ആലുവ സ് റ്റേഷനിലെത്തി ട്രെയിൻ നിന്നു. ആലുവയിലേക്ക് ട്രെയിൻ ഓടി എത്തിയത് വെറും 20 മിനിറ്റിൽ.
സ്റ്റേഷനിലിറങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി പോയത് ലോക്കോ പൈലറ്റിെൻറ കാബിനിലേക്ക്. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന േലാക്കോ പൈലറ്റ് അഞ്ജുവിനോട് സജ്ജീകരണങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഡ്രൈവിങ് സീറ്റിൽ ഇരുന്ന് എങ്ങനെയുണ്ടെന്ന് നോക്കാനും അദ്ദേഹം മടിച്ചില്ല. ആലുവയിൽ മെട്രോയോടനുബന്ധിച്ച സോളാർ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും എം.എൽ.എമാരെ അവഗണിച്ചതായി ആരോപണമുയർന്നതോടെ അത് ഒഴിവാക്കുകയായിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങളോടോ കെ.എം.ആർ.എൽ അധികൃതരോടോ പ്രതികരണം വ്യക്തമാക്കാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
