എത്രപ്രാവശ്യം നിരപരാധിത്വം തെളിയിക്കണം: പിണറായി
text_fieldsപ്രതിപക്ഷ നേതാവ് പിണറായി വിജയൻ
കണ്ണൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പരിപാടിയാണ് കേരളത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവ്യക്തി എത്ര പ്രാവശ്യം നിരപരാധിത്വം തെളിയിക്കണം? രാഷ്ട്രീയമായി തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. രാഷ്ട്രീയ തിരക്കഥ തയാറാക്കിയാൽ തെളിവ് വേണം, വസ്തുതയും സത്യവും വേണം. എത്രതന്നെ കടുത്ത ആക്രമണം നടത്തിയാലും തളരുകയോ തകരുകയോ ചെയ്യുകയില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
തന്നെ ആക്രമിക്കുന്നതിലൂടെ സി.പി.എമ്മിനെ തകർക്കാൻ കഴിയുമോയെന്നാണ് നോക്കുന്നത്. ‘മഹാമാരിഘട്ടത്തിൽ എല്ലാവരും ഒരുമിച്ചുനിന്ന് പോരാടുകയും മുൻകരുതൽ നടപടി സ്വീകരിക്കുകയും ചെയ്യുമ്പോഴായിരുന്നു ഡേറ്റ ചോർത്തുന്നു എന്നുപറഞ്ഞ് വിവാദമുണ്ടാക്കിയത്. പിന്നെ ബിരിയാണിച്ചെമ്പിൽ സ്വർണം കടത്തിയെന്ന് പറഞ്ഞു. എന്നാൽ, ഇതൊന്നും നിയമത്തിന് മുന്നിൽ നിന്നില്ല. മാത്രമല്ല, ജനങ്ങൾ അതിനെയൊക്കെ ചവിട്ടിക്കൂട്ടി ചവറ്റുകൊട്ടയിൽ ഇടുകയും 2021ൽ ചരിത്രത്തിലാദ്യമായി തുടർഭരണം കിട്ടുകയും ചെയ്തു.
ഇ.ഡിയുടെ പ്രവർത്തനം സി.എം.ആർ.എൽ വിഷയത്തിൽ രാഷ്ട്രീയലക്ഷ്യത്തോടെ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയാണ്. മാധ്യമങ്ങൾ നൽകിയ വിവരമനുസരിച്ച് 25 പേജുള്ള റിപ്പോർട്ടാണ് ഇ.ഡി നൽകിയിരിക്കുന്നത് എന്നാണ് മനസ്സിലായത്. എന്നാൽ, ഇതുസംബന്ധിച്ച് എനിക്കൊരു കത്തും അറിയിപ്പും ലഭിച്ചിട്ടില്ല. ഇ.ഡി മുമ്പ് പറഞ്ഞിരുന്നത് സേവനം ലഭിക്കാതെ പണം കൈപ്പറ്റി എന്നാണ്. ഇപ്പോൾ പറയുന്നത് എനിക്കുള്ള കൈക്കൂലിയാണെന്നും വഴിവിട്ട് നൽകിയ നേട്ടത്തിന്റെ പ്രതിഫലമെന്നുമാണ്.
അങ്ങനെ വഴിവിട്ട് നൽകിയതിന്റെ തെളിവായി എന്താണ് ഇ.ഡിയുടെ കൈവശമുള്ളത്. ഏതിലെങ്കിലും ഒന്നിൽ ഉറച്ചുനിൽക്കേണ്ടതല്ലേ ഇ.ഡി. ഞാൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വഴിവിട്ട് ഒരാനുകൂല്യവും സി.എം.ആർ.എല്ലിന് നൽകിയിട്ടില്ല. അത് തെളിയിക്കാനുള്ള ഒരുരേഖയും ഇ.ഡിയുടെ കൈവശവുമില്ല. മൂന്ന് ആരോപണങ്ങളാണ് കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ എനിക്കെതിരെ ഉന്നയിച്ചത്. എന്നാൽ, ആരോപണങ്ങളെല്ലാംതന്നെ പരമോന്നത കോടതിയടക്കം തള്ളിയതാണെന്നും പിണറായി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

