ട്രംപ് അധികാരത്തിൽ വന്ന പോലെയാണ് പിണറായി സർക്കാരും; മനുഷ്യർ ചെയ്യാൻ മടിക്കുന്ന ഭരണപരിഷ്കാരത്തിനും മടിയില്ല -കുഞ്ഞാലിക്കുട്ടി
text_fieldsതിരുവനന്തപുരം: അമേരിക്കയിൽ ട്രംപ് അധികാരത്തിൽ വന്ന പോലെയാണ് സംസ്ഥാനത്ത് പിണറായി സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. എസ്.ടി.യു സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രംപിനെപ്പോലെ സാധാരണ മനുഷ്യർ ചെയ്യാൻ മടിക്കുന്ന എന്ത് ഭരണ പരിഷ്കാരത്തിനും പിണറായി സർക്കാറും മടിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമരം ചെയ്ത് കെട്ടുകെട്ടിച്ച കൊക്കകോളയെക്കാൾ വെള്ളം ഊറ്റുന്ന ബ്രൂവറി പദ്ധതി കൊണ്ടു വരുന്നതിനെ പറ്റി ആർക്കെങ്കിലും ചിന്തിക്കാനാവുമോ? ഭരണത്തിന്‍റെ അവസാനമായതിനാൽ എന്തു വേണമെങ്കിലും ആകാമെന്ന വിചാരമാണ് സർക്കാറിന്. ബ്രൂവറി പദ്ധതി നടപ്പാക്കാനുള്ള സമയമൊന്നും ഈ സർക്കാറിന് കിട്ടില്ല. അത് നടപ്പാക്കാൻ അനുവദിക്കുകയുമില്ല.
സാധാരണക്കാരെയും തൊഴിലാളികളെയും ദ്രോഹിക്കുന്ന സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. ഒരുതരത്തിലും വരുമാനമുണ്ടാക്കാൻ അറിയാത്തവരും ഉള്ള പദ്ധതികൾ ശരിയായി നടപ്പാക്കാനും അറിയാത്ത, സർക്കാറിന്‍റെ തീരുമാനമെല്ലാം സാധാരണക്കാരനെതിരാണ്. സർക്കാറിനെതിരെ തൊഴിലാളികളുടെയും സാധാരണക്കാരുടെയും നേതൃത്വത്തിൽ കൂടുതൽ പ്രക്ഷോഭങ്ങളും സമരങ്ങളും ഉയർന്നുവരുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ഭരണമല്ല കേരളത്തില്‍ നടക്കുന്നതെന്നും പൊതുമേഖല സ്ഥാപനങ്ങളെല്ലാം പൂട്ടിക്കെട്ടി തൊഴിലാളികളുടെ പി.എഫ് അടക്കാതെ ദുരുപയോഗം ചെയ്യുന്നതായും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.
ക്ഷേമനിധി ബോര്‍ഡുകളിലേക്ക് അടക്കുന്ന തുകയെല്ലാം സര്‍ക്കാര്‍ തട്ടിയെടുക്കുകയാണ്. ഇതിന്റെ ഫലമായി തൊഴിലാളികളുടെ എല്ലാ ആനൂകൂല്യങ്ങളും തടസപ്പെട്ടിരിക്കുന്നു. എല്ലാ മേഖലയിലും ജനങ്ങള്‍ക്കുമേല്‍ സർക്കാർ അധികഭാരം അടിച്ചേല്‍പിക്കുകയാണ്. കിഫ്ബി റോഡുകളിലെ ടോള്‍ പിരിവ് ഇതില്‍ ഏറ്റവും ഒടുവിലത്തേതാണെന്നും പി.എം.എ. സലാം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.