പ്രതിപ്പട്ടികയുടെ വക്കിൽ പിണറായി, പിടിവള്ളിയില്ലാതെ സി.പി.എം
text_fieldsതിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ അന്വേഷണം റദ്ദാക്കിയും നേരിട്ട് കേസെടുക്കാൻ നിർദേശം നൽകിയുമുള്ള നിർണായക ഹൈകോടതി നീക്കം സി.പി.എമ്മിന് മുന്നിലുയർത്തുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി.
പാർട്ടിയിലെ അവസാനവാക്കും ചോദ്യം ചെയ്യപ്പെടാത്ത നേതാവുമായ പിണറായി വിജയൻ അഴിമതിക്കേസിൽ പ്രതിയാകുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ സാരമായി ബാധിക്കും. മാസപ്പടി കേസും ഇടതുപക്ഷ രാഷ്ട്രീയവും രണ്ടും രണ്ടാണെന്ന് ആവർത്തിച്ച് മുന്നണിക്കുള്ളിൽ സി.പി.ഐ പോലും മുഖം തിരിച്ച് നിൽക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
നേതാവിന്റെ മകൾക്കെതിരായ കേസ് പാർട്ടിക്കെതിരായ രാഷ്ട്രീയനീക്കമായി വ്യാഖ്യാനിക്കുന്നതിൽ സി.പി.എമ്മിനുള്ളിൽ തന്നെ മുറുമുറുപ്പുണ്ട്. കോടതി നിർദേശമായതിനാൽ ഇ.ഡി നീക്കത്തിന് സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന രാഷ്ട്രീയ ആരോപണം പോലും ഉന്നയിക്കാനാകാത്ത സ്ഥിതിയായി. വിജിലൻസ് അന്വേഷണം സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലാണെങ്കിലും വിജിലൻസ് കേസെടുക്കുന്നതോടെ ഇ.ഡിക്ക് സമാന്തരമായി പുതിയ ഇ.സി.ഐ.ആർ (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്യാൻ കഴിയും. ഇതാണ് സി.പി.എമ്മിന് മുന്നിലെ മറ്റൊരു വെല്ലുവിളി.
എക്സാലോജിക്കുമായി ബന്ധപ്പെട്ട നിലവിലെ കേസ് തന്നെ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും മാനസികമായി പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും രേഖപ്പെടുത്തിയ തെറ്റായ മൊഴിയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും പിന്നീട് ഈ ഉദ്യോഗസ്ഥർ കോടതിയിൽ മൊഴികൾ പിൻവലിച്ച് സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര ഏജൻസി നൽകിയ വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധന പോലുമില്ലാതെ നേരിട്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ നിർദേശിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചേക്കും. നിയമപോരാട്ടത്തിനൊപ്പം തന്നെ ശക്തമായ രാഷ്ട്രീയ പ്രതിരോധവും സി.പി.എം തീർക്കും.
റിയാസിന്റെ നിർദേശ പ്രകാരം കോടികൾ വിദേശത്തേക്ക് കടത്തിയെന്ന് മൊഴിയുള്ളതായി ഇ.ഡി
കൊച്ചി: മുഹമ്മദ് റിയാസ് നിർദേശിച്ചത് പ്രകാരം കോടിക്കണക്കിന് രൂപ ഹവാല മാർഗത്തിലൂടെ ദുബൈയിലേക്ക് കടത്തിയതായി സഹായികൾ മൊഴി നൽകിയതായി ഇ.ഡി ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2024 -25 കാലയളവിൽ 1.2 കോടി രൂപ ഇത്തരത്തിൽ കൈമാറി. വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിദേശ കറൻസി ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറിയും ഇ.ഡി പിടിച്ചെടുത്തു.
ദുബൈയിൽ ബിസിനസ് തുടങ്ങാനായി 2024 മേയ് മാസത്തിൽ റിയാസും വീണയും നടത്തിയ യാത്രയിൽ ഹവാല ഇടപാടുകാരും ഒപ്പമുണ്ടായിരുന്നു. തിരിച്ചറിയാതിരിക്കാൻ സ്വന്തം പേരിലല്ലാത്ത സിം കാർഡാണ് റിയാസ് ഉപയോഗിച്ചിരുന്നത്. ഹവാല ഇടപാടുകൾക്കായി വാട്സാപ് ഗ്രൂപ്പുകൾ വഴി ആശയവിനിമയം നടത്തിയതിനും ഇ.ഡിക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
റിയാസിന്റെയും വീണയുടേയും ഒപ്പമുണ്ടായിരുന്നവരുടെ ഫോണുകൾ പരിശോധിച്ചപ്പോൾ പണമിടപാടുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
യാത്ര ചെയ്ത സമയവും ആ സമയത്തുണ്ടായ വാട്സ് ആപ് സന്ദേശങ്ങളും അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധിപ്പിക്കാൻ ഉതകുന്നവയാണ്. മൊബൈൽ ഫോണിലൂടെ ആശയ വിനിമയം നടത്തിയതിന്റേയും സംശയിക്കുന്ന ഓരോരുത്തരുടേയും യാത്രകളുടേയും വിശദാംശങ്ങൾ ഇ.ഡി പൊലീസ് മേധാവിക്ക് മൈാറിയിട്ടുണ്ട്. റിയാസിനും ഹവാല ഇടപാടുകാർക്കും പരസ്പരമുണ്ടായിരുന്ന അടുപ്പം അവർ നൽകിയ മൊഴികളിലടക്കം വ്യക്തമാണെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്.
സി.എം.ആർ.എല്ലും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള കരാർ ലഭിക്കാത്ത സേവനത്തിന് പ്രതിഫലം നൽകാനുള്ള മറ മാത്രമായിരുന്നുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഐ.ടി സേവനങ്ങളൊന്നും നൽകാതെ തന്നെ 2.78 കോടി രൂപയാണ് വീണക്കും കമ്പനിക്കും ലഭിച്ചത്. ഇതിനുപുറമെ, എംപവർ ഇന്ത്യ ക്യാപിറ്റൽസ് വഴി 50 ലക്ഷം രൂപയും ലഭിച്ചു. ഇ.ഡി റിപ്പോർട്ട് പരിശോധിച്ച കോടതി ഇക്കാര്യങ്ങളെല്ലാം വിധിന്യായത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

