Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ആക്രമിച്ചാൽ...

‘ആക്രമിച്ചാൽ മാരകമുറിവുണ്ടാകണം. അതുണ്ടായിട്ടില്ല; പിന്നെ എന്തിനാണ്​ വധശ്രമം ചുമത്തിയത്​?’ -ഇ.ഡിയെ ആക്രമിച്ച സംഭവത്തിൽ പ്രതിഭാഗം

text_fields
bookmark_border
‘ആക്രമിച്ചാൽ മാരകമുറിവുണ്ടാകണം. അതുണ്ടായിട്ടില്ല; പിന്നെ എന്തിനാണ്​ വധശ്രമം ചുമത്തിയത്​?’ -ഇ.ഡിയെ ആക്രമിച്ച സംഭവത്തിൽ പ്രതിഭാഗം
cancel

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെയോ വാഹനത്തെയോ ആക്രമിച്ചിട്ടില്ലെന്ന്​ അറസ്റ്റിലായ സി.പി.എം പ്രവർത്തകർ. പ്രതിഷേധം മാത്രമാണ്​ നടത്തിയതെന്നും കഴിഞ്ഞദിവസം അറസ്റ്റിലായി ജാമ്യാപേക്ഷ സമർപ്പിച്ച അഞ്ച്​ സി.പി.എം പ്രവർത്തകർ കോടതിയിൽചോദിച്ചു.

‘ആക്രമണം നടന്നുവെങ്കിൽ മാരകമുറിവ് സംഭവിക്കണം. അതൊന്നുമുണ്ടായിട്ടില്ല. പിന്നെ എന്തിനാണ്​ വധശ്രമം ചുമത്തിയത്​? ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം സർക്കാർ വാഹനമല്ല. പിന്നെ എങ്ങനെ പി.ഡി.പി.പി ആക്ട്​ നിലനിൽക്കും’ -പ്രതിഭാഗം ചോദിച്ചു. അറസ്റ്റ് വിവരങ്ങളും കാരണങ്ങളും ഒന്ന്​ മുതൽ അഞ്ച്​ വരെ പ്രതികളെ റിമാൻഡ് ചെയ്യുന്നതിന് മുമ്പ്​ നൽകിയില്ല. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഡ്യൂട്ടി ചെയ്യുമ്പോൾ ആയിരുന്നില്ല, ഡ്യൂട്ടി കഴിഞ്ഞ്​ മടങ്ങുമ്പോഴാണ്​ പ്രതിഷേധമുണ്ടായതെന്നും പ്രതിഭാഗം വാദിച്ചു. റിമാൻഡിൽ കഴിയുന്ന ഒന്നു മുതൽ അഞ്ച് വരെ പ്രതികളായ നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷഹീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്.

ഇ.ഡി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും അവരെ ആക്രമിക്കുകയും മൂന്ന്​ ലക്ഷം രൂപയുടെ നഷ്ടംവരുത്തുകയുമാണ്​ പ്രതികൾ ചെയ്തതെന്ന്​ പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അറസ്റ്റ് നടപടികൾ പോലും നേരെ നടത്താതെ കാട്ടിക്കൂട്ടിയ ഒരു നാടകമാണിതെന്ന വാദമാണ്​ പ്രതിഭാഗം ഉന്നയിച്ചത്​. വധശ്രമം, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, ജോലി തടസപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്ക്​ പുറമെ പൊതുമുതൽ നശിപ്പിച്ചതിനുള്ള കുറ്റവും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്​. ഇവരു​ടെ വാദം പൂർത്തിയായി. ശനിയാഴ്ച വിധി പറയും.

പ്രതിപക്ഷ നേതാവ്​ പിണറായി വിജയന്‍റെ വസതിക്ക്​ മുന്നിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 16 പേരെയാണ് കോടതി റിമാൻഡ് ചെയ്തത്. സംഭവദിവസം അറസ്റ്റിലായ സി.പി.എം പ്രവർത്തകർ നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവർക്ക്​ പുറമെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു, ഷഫീക്ക്​, ഹരീഷ് കുമാർ, ദിനീത് വി. നായർ, രേവന്ത്, ലെനിൻ രാജ്, നന്ദു, രാഹുൽ എ. രാജൻ, രാഹുൽ, വൈശാഖ്, അമൽ എന്നിവരെയാണ്​ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തത്​.

അതിനിടെ കേസിൽ 19 പേരെ കസ്റ്റഡിയിലെടുത്തതായാണ്​ വിവരം. ഇതിൽ 16 പേരുടെ അറസ്റ്റാണ്​ രേഖപ്പെടുത്തിയത്​. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി ബിനു ഉള്‍പ്പെടയുള്ള ആറു പേര്‍ കീഴടങ്ങിയതാണ്. ഒരാൾക്ക് നോട്ടീസ് നൽകി വിട്ടയച്ചിട്ടുണ്ട്​. കൂടുതൽ പ്രതികളെ പിടികൂടാനുണ്ടെന്നാണ്​ വിവരം. 300ഓളം പേർ ചേർന്ന്​ ആക്രമണം നടത്തിയെന്നാണ്​ എഫ്​.ഐ.ആറിൽ പറയുന്നത്​. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. അന്വേഷണം മ്യൂസിയം പൊലീസിൽ നിന്ന് പ്രത്യേക സംഘത്തിലേക്ക്​ മാറ്റുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM ProtestCPMPinarayi VijayanED attack
News Summary - Pinarayi ED Attack: Defense Comes Forward with Explanation
Next Story