
വിജയത്തിനായി സാമൂഹിക മാധ്യമങ്ങളിൽ അഹോരാത്രം പരിശ്രമിച്ചവർക്ക് അഭിനന്ദനവുമായി പിണറായി
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫിന്‍റെ വിജയത്തിനായി സാമൂഹിക മാധ്യമങ്ങളിൽ അഹോരാത്രം പരിശ്രമിച്ചവർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ഘട്ടത്തിലും അതിന് മുമ്പുള്ള സമയത്തും വലിയ തോതിലുള്ള പ്രചാരണങ്ങളാണ് എൽ.ഡി.എഫിനെതിരെയും സർക്കാറിനെതിരെയും ഉയർന്നുവന്നത്. അതിനെ പ്രതിരോധിക്കാൻ വലിയ ഇടപെടലാണ് സാമൂഹിക മാധ്യമ രംഗത്തുള്ളവർ നടത്തിയത്. അത് വളരെ ഫലപ്രദവും കൂട്ടായ ഇടപെടലുമായിരുന്നു.
മുഖ്യധാര മാധ്യമങ്ങളുടെ ബോധപൂർവമായ തെറ്റായ പ്രചാരണ വേലയെ തുറന്നുകാണിക്കാൻ അത് വലിയ സഹായകരമായി. അത്തരത്തിൽ ഇടപെട്ട് ഈ കാലഘട്ടത്തിന്‍റെ ആവശ്യത്തിനനുസരിച്ച് പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ സാധിച്ച സാമൂഹിക മാധ്യമങ്ങളിലെ എല്ലാവരെയും അഭിനന്ദിക്കുന്നു. ഇനിയങ്ങോട്ടും ഇതേരീതിയിൽ നല്ല രീതിയിലുള്ള ഇടപെടൽ ഉണ്ടാകണമെന്നും പിണറായി വിജയൻ അഭ്യർഥിച്ചു.
ഞായറാഴ്ച വൈകീട്ട് നടത്തിയ വാർത്തസമ്മേളനത്തിലും പിണറായി വിജയൻ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ചിരുന്നു. എത്ര മര്യാദയില്ലാതെയാണ് ചില മാധ്യമങ്ങൾ എൽ.ഡി.എഫിനെയും സർക്കാറിനെയും അക്രമിച്ചത്. മാധ്യമ മേലാളന്മാർ പറഞ്ഞാൽ മാറുന്നവരല്ല ജനങ്ങൾ. അവർക്ക് വിവേചന ബുദ്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
