
കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷ സമരങ്ങളുടെ നേതൃതലത്തിലേക്ക് പിണറായി
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷ സമരങ്ങളുടെ നേതൃത്വത്തിലേക്ക് പിണറായി വിജയൻ എത്തുന്നു. കോവിഡ് വാക്സിൻ ലഭ്യമാക്കുന്ന ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കുമേൽ കെട്ടിവെച്ച കേന്ദ്ര തീരുമാനത്തിനെതിരായി പശ്ചിചിമബംഗാൾ ഉൾപ്പെടെ 11 സംസ്ഥാനങ്ങളുമായി യോജിച്ച നടപടികൾക്ക് തുടക്കം കുറിച്ച് കത്തയച്ചത് പുതിയ രാഷ്ട്രീയ തുടക്കമാണ്.
ഭരണത്തുടർച്ചയുടെ രണ്ടാം വരവിൽ ഫെഡറൽ അവകാശവും സംസ്ഥാനത്തിെൻറ പൊതു ആവശ്യവും മുൻനിർത്തിയാണ് രാഷ്ട്രീയ എതിരാളികളോട് കൈകോർക്കാൻ പിണറായി സർക്കാർ തയാറാകുന്നത്. 11 സംസ്ഥാനങ്ങളിൽ തമിഴ്നാടിൽ മാത്രമാണ് സഖ്യകക്ഷി ഭരിക്കുന്നത്.
ബാക്കി മൂന്നിൽ കോൺഗ്രസും മറ്റ് കക്ഷികളുമാണ്. ദേശീയതലത്തിൽ കോൺഗ്രസും അവർ ഭരണത്തിലുള്ള രാജസ്ഥാൻ, പഞ്ചാബ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളും മുൻകൈയെടുക്കാതിരുന്ന സാഹചര്യത്തിൽകൂടിയാണ് എല്ലാ സംസ്ഥാനങ്ങൾക്കും ഗുണകരമാകുന്ന ആവശ്യമുന്നയിച്ച് കേരളം രംഗത്തുവന്നത്. എല്ലാ തരത്തിലുള്ള രാഷ്ട്രീയ സമരങ്ങളിലും സി.പി.എം തൃണമൂൽ കോൺഗ്രസിനെ (ടി.എം.സി) അകറ്റിനിർത്തുകയാണ് പതിവ്. എന്നാൽ, രണ്ടാം പിണറായി സർക്കാറിെൻറ സത്യപ്രതിജ്ഞാ ചടങ്ങിൽ പശ്ചിമബംഗാൾ സർക്കാറിനെ പ്രതിനിധീകരിച്ച് ടി.എം.സി എം.പി ഡോ. കഗോലി ഘോഷ് ദസ്തിദർ എത്തിയിരുന്നു.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കേന്ദ്ര ബി.ജെ.പി സർക്കാറിനെതിരെ വിവിധ വിഷയങ്ങളിൽ മൃദുസ്വരമാണ് പിണറായി വിജയനെന്നായിരുന്നു പ്രതിപക്ഷ ആേക്ഷപം. എന്നാൽ, രണ്ടാം വരവിൽ ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര സർക്കാറിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ചതിന് പിന്നാലെയാണ് വാക്സിൻ വിഷയത്തിൽ പ്രതിപക്ഷ സഹകരണത്തിനായി പിണറായി മുന്നിട്ടിറങ്ങുന്നത്.
കോവിഡ് മഹാമാരിയിൽ നടുവൊടിഞ്ഞ സംസ്ഥാനങ്ങളുടെ സമ്പദ്വ്യവസ്ഥക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതാണ് കേന്ദ്ര തീരുമാനം. ഇൗ ഘട്ടത്തിലാണ് സംസ്ഥാനങ്ങളുമായി സഹകരണാത്മക ഫെഡറലിസം എന്ന ആവശ്യമുയർത്തി ദേശീയ രാഷ്ട്രീയത്തിലേക്ക് പിണറായി എത്തുന്നത്.
വാക്സിൻ പ്രശ്നം: യോജിച്ച നീക്കം ലക്ഷ്യമിട്ട് മുഖ്യമന്ത്രി
വാക്സിൻ പ്രശ്നം പരിഹരിക്കാൻ യോജിച്ച നീക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ പൂർണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം സംസ്ഥാനങ്ങൾ സംയുക്തമായി മുന്നോട്ടുവെക്കണമെന്ന അഭ്യർഥനയാണ് കത്തിലുള്ളത്. തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, ഛത്തിസ്ഗഢ്, ഒഡിഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്ത്.
കോവിഡ് രണ്ടാം തരംഗത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തിൽനിന്ന് കൈകഴുകുന്ന ദൗർഭാഗ്യകരമായ സമീപനമാണ് കേന്ദ്രത്തിെൻറതെന്ന് കത്തിൽ പറയുന്നു. പരിമിത അളവിൽ മാത്രമേ വാക്സിൻ ലഭിക്കുന്നുള്ളൂ. വിദേശ മരുന്ന് കമ്പനികളാകട്ടെ വാക്സിൻ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാറുകളുമായി ധാരണയിൽ ഏർപ്പെടാൻ താൽപര്യപ്പെടുന്നുമില്ല. അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാനങ്ങളുടെയും ആവശ്യകത കണക്കിലെടുത്ത് കേന്ദ്രം ഒരു ഗ്ലോബൽ ടെൻഡർ വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
രണ്ടാം തരംഗത്തിനുശേഷം മൂന്നാം തരംഗസാധ്യത വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതിനെ അഭിമുഖീകരിക്കാൻ തയാറെടുക്കുക അനിവാര്യമാണ്. പണമില്ലാത്തതിെൻറ പേരിൽ ആർക്കും വാക്സിൻ നിഷേധിക്കപ്പെട്ടുകൂടാ. വാക്സിൻ സംഭരണത്തിെൻറ പൂർണ ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാകയാൽ സാമ്പത്തികനില പരുങ്ങലിലാകും. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തൽ പ്രധാനമാണ്.
രാജ്യത്ത് 3.1 ശതമാനത്തിന് മാത്രമേ ഇതുവരെ വാക്സിെൻറ രണ്ടു ഡോസും ലഭിച്ചിട്ടുള്ളൂ. വാക്സിൻ കമ്പനികളാകട്ടെ വാക്സിൻ ലഭ്യതയുടെ ദൗർലഭ്യം കണക്കിലെടുത്ത് പരമാവധി ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. പൊതുനന്മക്കായി ലഭ്യമാക്കേണ്ട വാക്സിെൻറ നിർമാണത്തിന് ബൗദ്ധിക സ്വത്തവകാശമോ പേറ്റൻറ് നിയമങ്ങളോ ഉടമ്പടികളോ തടസ്സമാകുന്നിെല്ലന്ന് കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണം. നിർബന്ധിത ലൈസൻസിങ് ഉൾപ്പെടെ സാധ്യതകൾ കേന്ദ്ര സർക്കാർ ആരായണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.