തിരുവനന്തപുരം: മൂന്നര മണിക്കൂറിലേറെ നീണ്ട നിയമസഭാ പ്രസംഗത്തോടെ മുഖ്യമന്ത്രി പിണറായി വിജയന് പുതിയ റെക്കോര്‍ഡ്. നിയമസഭയിലെ ഒരംഗത്തിെൻറ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം എന്ന റെക്കോര്‍ഡാണ് പിണറായി വിജയന്‍ സ്വന്തമാക്കിയത്. മൂന്നു മണിക്കൂർ 45 മിനിറ്റിലധികമാണ് പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കിയത്. ഭരണനേട്ടങ്ങളിലൂന്നിയും പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ഇതിന് മുമ്പ് നിയമസഭയിലെ ദൈർഘ്യമേറിയ പ്രസംഗം 2016 ൽ ഉമ്മൻചാണ്ടി നടത്തിയ ബജറ്റ് അവതരണം ആയിരുന്നു. രണ്ടുമണിക്കൂർ 54 മിനിറ്റ് ആയിരുന്നു അന്ന് ഉമ്മന്‍ ചാണ്ടി പ്രസംഗിച്ചത്. 2005 ൽ അവിശ്വാസത്തിന് മറുപടി പറഞ്ഞപ്പോൾ ഉമ്മൻചാണ്ടിയും മന്ത്രിമാരും ചേർന്ന് അഞ്ചുമണിക്കൂർ പ്രസംഗിച്ചിരുന്നു. അന്ന് മൂന്നു ദിവസം ആയിരുന്നു അവിശ്വാസ പ്രമേയ ചർച്ച. പതിനാല് മന്ത്രിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ ഇന്നത്തെ മറുപടിയില്‍ പ്രതിപക്ഷത്തിന്‍റെ പല ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. സ്വർണക്കടത്ത്, ലൈഫ് മിഷൻ, യു.എ.ഇയില്‍ നിന്ന് മതഗ്രന്ഥം എത്തിച്ച സംഭവം അടക്കം പല വിവാദങ്ങളിലും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല.