പിണറായിക്കും ഗോവിന്ദനുമെതിരെ ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റിലും കടുത്ത വിമർശനം
text_fieldsആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറി പ്രതിപക്ഷ നേതാവായി ചുമതലയേറ്റ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ യോഗത്തിൽ അംഗങ്ങൾ പരസ്യമായി രംഗത്തെത്തി. ഇരുവരുടെയും പ്രവർത്തന ശൈലിയും ഏകപക്ഷീയമായ തീരുമാനങ്ങളുമാണ് പാർട്ടിയെ തകർച്ചയിലേക്ക് നയിച്ചതെന്നാണ് ജില്ല നേതൃത്വത്തിന്റെ കടുത്ത വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിയോഗിച്ച ഔദ്യോഗിക തീരുമാനം പൂർണ്ണമായും തെറ്റാണെന്ന് യോഗത്തിൽ വിമർശനമുയർന്നു. ജനവികാരം മാനിച്ച് അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം അടിയന്തരമായി ഒഴിയണമെന്ന ആവശ്യവും യോഗത്തിൽ ശക്തമായി. പാർട്ടി നേതാക്കളുടെ അഹന്ത നിറഞ്ഞ ശരീരഭാഷ ജനങ്ങളെ ശത്രുക്കളായി കാണുന്ന രീതിയിലായിരുന്നുവെന്ന് യോഗം വിലയിരുത്തി. ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പലപ്പോഴും സംസാരിക്കുന്നതെന്ന ഗുരുതരമായ ആക്ഷേപവും യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ചു.
സ്വാധീനമുറപ്പിക്കാൻ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തിരക്കിട്ട് മത്സരരംഗത്തിറക്കിയത് വോട്ടർമാർക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായി. ഇതിന് പുറമെ മുതിർന്ന നേതാവ് എ.കെ. ബാലൻ നടത്തിയ വിവാദ പരാമർശങ്ങൾ ന്യൂനപക്ഷ വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാക്കിയതായും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. സംസ്ഥാന നേതൃത്വത്തിന് പുറമെ ജില്ല സെക്രട്ടറി ആർ. നാസറിനെതിരെയും കായംകുളം മുൻ എം.എൽ.എ യു. പ്രതിഭയ്ക്കെതിരെയും യോഗത്തിൽ കടുത്ത വിമർശനമുയർന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ജില്ല സെക്രട്ടറി നടത്തിയ പ്രതികരണങ്ങൾ അനുചിതമായിരുന്നു. എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ എന്നിവരുടെ പരാജയവുമായി ബന്ധപ്പെട്ട് ഇല്ലാത്ത കാര്യങ്ങളാണ് ജില്ല സെക്രട്ടറി പറഞ്ഞുണ്ടാക്കിയതെന്ന് യോഗം കുറ്റപ്പെടുത്തി. അതേസമയം, യു. പ്രതിഭയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങൾ പാർട്ടിയെ മൊത്തത്തിൽ സംശയനിഴലിലാക്കുന്ന രീതിയിലായിരുന്നുവെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
ജില്ലയിലെ കനത്ത പരാജയത്തിന് പ്രധാന കാരണം സ്ഥാനാർഥി നിർണയത്തിൽ സംഭവിച്ച ഗുരുതരമായ പാളിച്ചകളാണെന്ന് ജില്ല സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. മുതിർന്ന നേതാവ് ജി. സുധാകരനെ മത്സരരംഗത്ത് ഇറക്കിയിരുന്നെങ്കിൽ ജില്ലയിലുണ്ടായ കനത്ത പരാജയം പൂർണമായും ഒഴിവാക്കാമായിരുന്നു. മണ്ഡലങ്ങൾ തിരിച്ച് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും യോഗം നിരീക്ഷിച്ചു. മുതിർന്ന നേതാവ് ജി. സുധാകരനെ തഴഞ്ഞതിനെതിരെയും കായംകുളത്ത് സി.എസ്. സുജാത, ആലപ്പുഴയിൽ ആർ. നാസർ, അരൂരിൽ തോമസ് ഐസക് എന്നിവരായിരെ മത്സരിപ്പിക്കാത്തതും ജില്ല സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നു. ഈ രീതിയിൽ ജനകീയരായ സ്ഥാനാർഥികളെ നിശ്ചയിച്ചിരുന്നെങ്കിൽ ജില്ലയിൽ പാർട്ടിക്ക് വലിയ മുന്നേറ്റം നടത്താൻ സാധിക്കുമായിരുന്നുവെന്നും, നിലവിലെ നേതൃത്വത്തിന്റെ പിടിവാശിയാണ് പാർട്ടിയെ തകർത്തതെന്നുമാണ് ആലപ്പുഴയിലെ സി.പി.എമ്മിൽ നിന്ന് ഉയരുന്ന പൊതുവികാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

