Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതലയെടുപ്പുള്ള പിള്ള,...

തലയെടുപ്പുള്ള പിള്ള, യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം...

text_fields
bookmark_border
R.balakrishna pillai
cancel
camera_alt

ആർ. ബാലകൃഷ്​ണപിള്ള

എന്നാലും പറയാതിരിക്കാനാവില്ല, ആർ. ബാലകൃഷ്​ണ പിള്ള കേരള രാഷ​്ട്രീയത്തിലെ ഒരു യുഗംതന്നെയായിരുന്നു. ആക്​ഷനും കോമഡിയും പ്രതികാരവും വൈകാരികതയുമെല്ലാമടങ്ങിയ ഒരു ഉജ്ജ്വല ചലച്ചിത്രംപോലെയും തോന്നും പിള്ളയുടെ ജീവിതം. അപൂർവതകളും വിവാദങ്ങളുമെല്ലാം ചേരുംപടി ചേർന്നൊരു ജീവിതം. മുന്നണി രാഷ്​ട്രീയത്തി​െൻറ കളരിയിൽ പയറ്റിത്തെളിഞ്ഞ ചേകവർ. അവസരങ്ങളെ അനായാസം വശത്താക്കാൻ മിടുക്കനായ തായംകളിക്കാരൻ... കേരള രാഷ്​ട്രീയത്തിൽ വിശേഷണങ്ങൾ തികയാതെവരും പിള്ളയെ വിശദീകരിക്കാൻ.

കമ്യൂണിസ്​റ്റുകാരനായാണ്​ താൻ തുടങ്ങിയതെന്ന്​ പിള്ള പറയും. അങ്ങനെ നോക്കുമ്പോൾ ആ യുഗം അവസാനിച്ചതും കമ്യൂണിസ്​റ്റ്​ പാളയത്തിലാണെന്ന്​ പറയേണ്ടിവരും. നേതാക്കന്മാരുടെ പേരുകൾക്കൊപ്പമെല്ലാം പാർട്ടിയുള്ള കേരള കോൺഗ്രസുകളിൽ പിള്ളയോളം തലയെടുപ്പ്​ സാക്ഷാൽ കെ.എം. മാണിക്കുപോലുമുണ്ടായിരുന്നോ എന്ന്​ സംശയമാണ്​. എൽ.ഡി.എഫി​െൻറയും യു.ഡി.എഫി​െൻറയും രൂപവത്​കരണ സമയത്ത്​ മുന്നണികൾക്കൊപ്പമുണ്ടാകാൻ കഴിഞ്ഞ അപൂർവതയും പിള്ളക്ക്​ മാത്രം ചേർന്നതാണ്​. ഒരുഘട്ടത്തിൽ യു.ഡി.എഫുമായി ഇടഞ്ഞ്​ ബി.ജെ.പിയുമായിപോലും സഖ്യമുണ്ടാക്കാൻ ശ്രമിച്ച ചരിത്രവുമുണ്ട്​ പിള്ളക്ക്​.

ചുവന്ന വഴിയിൽനിന്ന്​...

തെക്കൻ തിരുവിതാംകൂറിലെ അതിസമ്പന്നമായ കുടുംബമായിരുന്നു ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന കീഴൂട്ട്​ രാമൻ പിള്ളയുടെത്​. ഭാര്യ കാർത്യായനി അമ്മ. ഏഴു​ പെൺമക്കൾക്കുശേഷം പിറന്ന ആൺതരിക്ക്​ ബാലകൃഷ്​ണൻ എന്ന്​ അവർ പേരിട്ടു. ഒരുപാട്​ ആനകളും ഒത്തിരി കന്നുകാലികളും ധാരാളം ജോലിക്കാരും കണ്ണെത്താ ദൂരത്തോളം കൃഷിയിടങ്ങളുമുള്ള തറവാട്. വാളകം ഹൈസ്​കൂളിൽ നാലാം ഫോറത്തിൽ പഠിക്കുമ്പോൾ 1947ൽ അന്നത്തെ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ വിദ്യാർഥിവിഭാഗമായ സ്​റ്റുഡൻറ്​സ്​ ഫെഡറേഷ​െൻറ നാലണ മെംബർഷിപ്​ കൈയിലേക്ക്​ വെച്ചുകൊടുത്തത്​ പിൽക്കാലത്ത്​ കേരളത്തി​െൻറ മുഖ്യമന്ത്രിയായ പി.കെ. വാസുദേവൻ നായരായിരുന്നു.

21വയസ്സുവരെ താൻ കമ്യൂണിസ്​റ്റുകാരനായിരുന്നുവെന്നും 1957​ൽ ഇ.എം.എസ്​ മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ മുതൽ കമ്യൂണിസ്​റ്റുകൾ ജനാധിപത്യവിരുദ്ധരും അക്രമികളും സുഖലോലുപരുമായതാണ്​ താൻ രാഷ്​ട്രീയം വിടാൻ കാരണമായതെന്ന്​ ആത്​മകഥയിൽ പിള്ള പറഞ്ഞിട്ടുണ്ട്​.

രാഷ്​ട്രീയം മതിയാക്കി അച്ഛൻ മാനേജരായ വാളകം സ്​കൂളിൽ ഹെഡ്​മാസ്​റ്ററായി ഒതുങ്ങിക്കൂടിയ തന്നെ രാഷ്​ട്രീയത്തിലേക്ക്​ തിരിച്ചുകൊണ്ടുവന്നത്​ ഗൗരിയമ്മയാണെന്ന്​ പിള്ള എഴുതിയിട്ടുണ്ട്​. വാളകം പുലിക്കോട്ടിലെ പിള്ളയുടെ കുടുംബസ്​ഥലത്ത്​ നടത്തിയ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ യോഗമായിരുന്നുവത്രെ അതിന്​ നിമിത്തമായത്​. വെളിയം ഭാർഗവൻ അധ്യക്ഷനായ യോഗത്തിൽ മന്ത്രി ഗൗരിയമ്മയായിരുന്നു മുഖ്യാതിഥി.

'കീഴൂട്ട്​ ഒരു കുഞ്ഞ്​ മരിച്ചാൽ അതിനെ അടക്കണമെങ്കിൽ ഞങ്ങളുടെ അനുവാദം വേണം..' എന്നായിരുന്നു ഗൗരിയമ്മ പ്രസംഗിച്ചത്​. തങ്ങളുടെ സ്വത്തിനുമേൽ കമ്യൂണിസ്​റ്റ്​ പാർട്ടി അധികാരം സ്​ഥാപിച്ചിരിക്കുന്നു എന്ന ആ വാക്കുകളിലെ ധാർഷ്​ട്യമായിരുന്നു തന്നെ രാഷ്​ട്രീയത്തിലേക്ക്​ തിരികെ കൊണ്ടുവന്നത്​ എന്നായിരുന്നു ബാലകൃഷ്​ണ പിള്ള വ്യക്​തമാക്കിയത്​. ആ ഗൗരിയമ്മയുമൊത്ത്​ പിൽക്കാലത്ത്​ യു.ഡി.എഫ്​ മന്ത്രിസഭയിൽ ഇരുന്നു എന്നത്​ വിചിത്രമായ സംഗതി.

കോൺഗ്രസ്​ കൊടിക്കീഴിൽ

തിരുവനന്തപുരത്ത്​ ഇൻറർമീഡിയറ്റ്​ വിദ്യാർഥിയായിരിക്കുമ്പോഴും പിള്ള കമ്യൂണിസ്​റ്റുകാരനായിരുന്നു. അക്കാരണത്താൽ ഇൻറർമീഡിയറ്റ്​ കോളജായിരുന്ന ഇന്നത്തെ ആർട്​സ്​ കോളജിൽ പ്രവേശനവും നി​ഷേധിക്കപ്പെട്ടതാണ്​. തുടർന്ന്​ എം.ജി കോളജിൽ ചേർന്നു. സ്​റ്റുഡൻറ്​സ്​​ ഫെഡറേഷൻ പ്രവർത്തനത്തി​െൻറ പേരിൽ എൻ.എസ്​.എസ്​ ഉടമസ്​ഥതയിലുള്ള കോളജിൽനിന്ന്​ രണ്ടു തവണ സസ്​പെൻഷനും വാങ്ങി. ഡിഗ്രി പഠിച്ചത്​ ഇന്നത്തെ യൂനിവേഴ്​സിറ്റി കോളജിൽ. 57​ലെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്​റ്റ്​ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച പിള്ള 58ൽ കോൺഗ്രസുകാരനായി. 21 അംഗ കെ.പി.സി.സി നിർവാഹക സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായി. ഒപ്പം എ.ഐ.സി.സി അംഗവുമായി.

60ൽ കോൺഗ്രസുകാരനായി പത്തനാപുരത്ത്​ മത്സരത്തിനിറങ്ങുമ്പോൾ 25 വയസ്സ്​ തികഞ്ഞോ ഇല്ലേ എന്ന കാര്യത്തിൽ സംശയമായിരുന്നു. കന്നിയങ്കത്തിൽ സ്വന്തം അധ്യാപകനായിരുന്ന എൻ. രാജഗോപാലൻ നായരെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ്​ രാഷ്​​ട്രീയത്തിലേക്ക്​ പിള്ള പ്രവേശിച്ചത്​.

കേരള കോൺഗ്രസുകാരൻ

ആദ്യ ഇ.എം.എസ്​ മന്ത്രിസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു പി.ടി. ചാക്കോ എന്ന അതികായൻ. വിവാദമായ കാർ അപകടത്തെ തുടർന്ന്​ ആർ. ശങ്കർ മന്ത്രിസഭയിൽനിന്ന്​ രാജിവെക്കുകയും വൈകാതെ മരിക്കുകയും ചെയ്​ത സംഭവമായിരുന്നല്ലോ കേരള കോൺഗ്രസ്​ രൂപവത്​കരണത്തിന്​ നിമിത്തമായത്​. പി.എസ്​.പി നേതാവായ പി.കെ. കുഞ്ഞ്​ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ച്​ കെ.എം. ജോർജി​െൻറ നേതൃത്വത്തിൽ 15 കോൺഗ്രസ്​ എം.എൽ.എമാർ ചേർന്ന്​ വോട്ടു​ചെയ്യുകയും അവർ ചേർന്ന്​ 1964ൽ കേരള കോൺഗ്രസ്​ രൂപവത്​കരിക്കുകയും ചെയ്​തപ്പോൾ ആ കൂട്ടത്തിലെ പ്രധാനി ബാലകൃഷ്​ണ പിള്ളയായിരുന്നു. പാർട്ടിയുടെ സ്​ഥാപക ജനറൽ സെക്രട്ടറിയായതും പിള്ളയായിരുന്നു. പിൽക്കാലത്ത്​ കേരള കോൺഗ്രസ്​ എന്നാൽ കെ.എം. മാണി എന്നറിയപ്പെട്ടപ്പോൾ പാർട്ടി രൂപവത്​കരണത്തിൽ മാണിക്ക്​ ഒരു പങ്കുമില്ലായിരുന്നു​ എന്ന്​ ബാലകൃഷ്​ണ പിള്ള ആവർത്തിക്കുമായിരുന്നു.

1965ൽ പത്തനാപുരം വിട്ട്​ കൊട്ടാരക്കരയിൽ ത​െൻറ പഴയ നേതാവ്​ ചന്ദ്രശേഖരൻ നായരെ തറപറ്റിച്ചെങ്കിലും ആർക്കും ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനാൽ സഭ കൂടിയില്ല. 1967ൽ ചന്ദ്രശേഖരൻ നായരോട്​ കൊട്ടാരക്കരയിൽ തോൽവി അറിഞ്ഞു. ജീവിതത്തിലെ ആദ്യ തോൽവി. 70 ലും തോൽവിയനുഭവിക്കേണ്ടിവന്നു. 1971ൽ മാവേലിക്കരയിൽനിന്ന്​ പാർലമെൻറിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. അക്കുറി പാർല​മെൻറിൽ എത്തിയ മൂന്ന്​ കേരള കോൺഗ്രസുകാരുടെ നേതാവായി. അതിനിടയിലാണ്​ ഇന്ദിര ഗാന്ധി അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചത്​. പിള്ളയടക്കമുള്ള നേതാക്കൾ ജയിലിലായി. ഏതാനും മാസങ്ങൾക്കുശേഷം പിള്ള ജയിൽ മോചിതനായി.

അപ്പോഴാണ്​ മന്ത്രിസഭയിൽ ചേരാൻ കേരള കോൺഗ്രസ്​ തീരുമാനിക്കുന്നത്​. എം.പി സ്​ഥാനം രാജിവെക്കാതെതന്നെ അച്യുതമേനോൻ മന്ത്രിസഭയിൽ പിള്ള അംഗമായി. ഗതാഗത മ​ന്ത്രിയായി. അടിയന്തരാവസ്​ഥയെ എതിർത്ത പിള്ള കോൺഗ്രസുമായി ഒത്തുതീർപ്പിലെത്തിയതുകൊണ്ടാണ്​ ജയിൽ മോചിതനായി മന്ത്രിയായതെന്ന്​ ആക്ഷേപമുണ്ടായിരുന്നു. എന്നാൽ, അടിയന്തരാവസ്​ഥ കാരണം തെരഞ്ഞെടുപ്പിന്​ സാഹചര്യമില്ലാതിരുന്നതിനാലും മന്ത്രിസഭയുടെ കാലാവധി ദീർഘിപ്പിച്ചതിനാലും നിയമസഭാംഗത്വം നേടാൻ കഴിയാതെ 1976 ജൂൺ 25 ന് മന്ത്രിസ്​ഥാനം രാജിവെച്ച്​ പാർലമെൻറിലേക്കു​തന്നെ പിള്ളക്ക്​ മടങ്ങിപ്പോകേണ്ടിവന്നു. ആ സ്​ഥാനത്ത്​ കെ.എം. ജോർജ്​ ഗതാഗത മന്ത്രിയായി.

ഇരു മുന്നണിയിൽ ഒരു പിള്ള

1977ൽ സി.പി.എമ്മി​െൻറ സഹായത്തോടെ കൊട്ടാരക്കരയിൽനിന്ന്​ പിള്ള ജയിച്ചുകയറി. 1980ൽ ഇടതുമുന്നണി രൂപംകൊണ്ടപ്പോൾ സി.പി.എം, സി.പി.ഐ, ആർ.എസ്​.പി, അഖിലേന്ത്യ ലീഗ്​, കോൺഗ്രസ്​ (എ), പാർട്ടിക​ളോ​ടൊപ്പം പിള്ളയും ചേർന്നു. ആദ്യ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. രണ്ടു വർഷം പൂർത്തിയാകും മുമ്പ്​ എ കോൺഗ്രസും കേരള കോൺഗ്രസും മുന്നണി വിട്ട​പ്പോൾ മന്ത്രിസഭ വീണു.

ഈ ഘട്ടത്തിലായിരുന്നു യു.ഡി.എഫ്​ രൂപവത്​കരിച്ചത്​. 'കേരളപത്രിക' പത്രത്തി​െൻറ ഉടമയും കശുവണ്ടി മുതലാളിയുമായ ജനാർദനൻ പിള്ളയുടെ തിരുവനന്തപുരത്തെ വസതിയിൽ യു.ഡി.എഫ്​ രൂപവത്​കരണ യോഗത്തിൽ കെ. കരുണാകരനൊപ്പം താൻ പ​​​ങ്കെടുക്കുമ്പോൾ എ.കെ. ആൻറണിയോ കെ.എം. മാണിയോ മുസ്​ലിം ലീഗോ ഉണ്ടായിരുന്നില്ലെന്ന്​ ആത്മകഥയിൽ പിള്ള എഴുതിയിട്ടുണ്ട്​.

ആറാം നിയമസഭയിൽ ഇരു മുന്നണികളും ഭരിച്ചപ്പോഴും പിള്ള മന്ത്രിയായി ഉണ്ടായിരുന്നു. 82 മുതൽ 87 വരെ ഏഴാം നിയമസഭയിൽ പിള്ള കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. വിവാദമായ 'പഞ്ചാബ്​ ​മോഡൽ' പ്രസംഗം അപ്പോഴായിരുന്നു. ഒമ്പതാം നിയമസഭയിൽ കരുണാകരനും എ.കെ. ആൻറണിക്കും കീഴിൽ മന്ത്രിയായി. കരുണാകര യുഗത്തിനുശേഷം ആൻറണി വീണ്ടും മുഖ്യമന്ത്രിയായ 11ാം നിയമസഭയിൽ മകൻ ​ഗണേഷ്​ കുമാറും ബാലകൃഷ്​ണപിള്ളയും ഗതാഗത വകുപ്പ്​ മന്ത്രിമാരായി. രണ്ടുവർഷം മകൻ മന്ത്രിയായിരുന്നപ്പോൾ രാജിവെപ്പിച്ചായിരുന്നു പിള്ള ശിഷ്​ടകാലം മ​ന്ത്രിയായത്​. ഒരുകാലത്ത്​ കൊടിയ ശത്രുവായിരുന്ന ഗൗരിയമ്മയുമൊത്ത്​ പിള്ള മന്ത്രിസഭയിലിരുന്നു. ​അതായിരുന്നു പിള്ളയുടെ ഒടുവിലത്തെ മന്ത്രിക്കാലം.

വി.എസ്​ തരംഗത്തിൽ ഇടതുമുന്നണി അധികാരംപിടിച്ച 2006ലെ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ അപ്രതീക്ഷിത തോൽവിയാണ്​ പിള്ളക്ക്​ ഏറ്റുവാങ്ങേണ്ടിവന്നത്​. പി. ആയിഷ പോറ്റി എന്ന പുതുമുഖത്തിനു മുന്നിൽ 12087 വോട്ടി​െൻറ വൻ മാർജിനിലായിരുന്നു പരാജയം. അതോടെ പിള്ള തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയത്തോട്​ ഗുഡ്​ബൈ പറഞ്ഞു.

2011ൽ ഡോ. എൻ.എൻ. മുരളിയെ കൊട്ടാരക്കരയിൽ നിർത്തി തെരഞ്ഞെടുപ്പിൽനിന്ന്​ വിട്ടുനിന്നെങ്കിലും തിരിച്ചടി കനത്തതായി. 20592 വോട്ടിന്​ ആയിഷ പോറ്റി മണ്ഡലം നിലനിർത്തി. അപ്പോഴും മകൻ കെ.ബി ഗണേഷ്​ കുമാർ പത്തനാപുരത്തുനിന്ന്​ 20402 വോട്ടിന്​ ജയിച്ചുകയറിയത്​ മാത്രമായിരുന്നു പിള്ളക്ക്​ ആശ്വാസം. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഗണേഷ് കുമാർ വനംവകുപ്പി​െൻറ ചുമതലക്കാരനായെങ്കിലും 2013 ഏപ്രിലിൽ രാജിവെച്ചു.

മുന്നാക്ക വികസന കോർപറേഷൻ ചെയർമാനായി പിള്ളയെ കാബിനറ്റ്​ പദവി നൽകി ഒപ്പം നിർത്തി. അതിനെതിരെ ഏറ്റവും ശക്​തമായ പ്രതിഷേധമായിരുന്നു സി.പി.എമ്മും വി.എസ്​ അച്യുതാനന്ദനും ഉയർത്തിയത്​. ബാർ കോഴ കേസി​െൻറ കാലത്ത്​ ബാറുടമ ബിജു രമേശുമായി നടത്തിയ ഫോൺ സന്ദേശം ചോർന്നതിനെത്തുടർന്ന്​ ആ പദവിയും രാജിവെച്ചു. വൈകാതെ 2015ൽ പിള്ള യു.ഡി.എഫ്​ മുന്നണി വിട്ടു.

2016ൽ പിള്ളയുടെ പാർട്ടി ഇടതു മുന്നണിക്കൊപ്പമായിരുന്നു. കൊട്ടാരക്കരയിൽ സി.പി.എം സ്​ഥാനാർഥി ആയിഷ പോറ്റി 24062 വോട്ടി​െൻറ ഭൂരിപക്ഷത്തിൽ ഹാട്രിക്​ തികച്ചപ്പോൾ തൊട്ടടുത്ത പത്തനാപുരം മണ്ഡലത്തിൽ ഗണേഷ്​ കുമാർ എൽ.ഡി.എഫ്​ സ്​ഥാനാർഥിയായി യു.ഡി.എഫിലെ സിനിമാ താരം ജഗദീഷിനെ പരാജയപ്പെടുത്തി.

മുന്നണിയുടെ ഭാഗമായ​തോടെ ഒരിക്കൽ എതിർത്ത മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ പദവി എൽ.ഡി.എഫ്​ പിള്ളക്ക്​ കാബിനറ്റ്​ റാ​ങ്കോടെ താലത്തിൽ വെച്ചു നൽകി.

ഗ്രാഫൈറ്റും ഇടമലയാറും

വിവാദങ്ങൾ നിരന്തരം വട്ടംചുറ്റിയ ജീവിതത്തിൽ പിള്ളയെ വിടാതെ പിന്തുടർന്ന രണ്ടു കേസുകളായിരുന്നു ഗ്രാഫൈറ്റ്​ കേസും ഇടമലയാർ കേസും. കുറഞ്ഞ കാലത്തേക്കാണെങ്കിലും രണ്ട്​ കേസിലും പിള്ളക്ക്​ ജയിലിൽ കിടക്കേണ്ടിവന്നു.

വൈദ്യുതി മന്ത്രിയായിരിക്കെ കർണാടകയിലെ ഗ്രാഫൈറ്റ്​ കമ്പനിക്ക്​ വൈദ്യുതി മറിച്ചുവിറ്റ്​ കമ്പനിക്ക്​ വൻ ലാഭമുണ്ടാക്കാൻ അവസരമൊരുക്കുകയും സംസ്​ഥാന സർക്കാറിന്​ ഭീമമായ നഷ്​ടം വരുത്തിവെക്കുകയും ചെയ്​തുവെന്ന കേസിലായിരുന്നു 2001ൽ ജയിലിൽ കിടന്നത്​. ഏതാനും നാളുകൾക്കുശേഷം ജയിൽ മോചിതനായി.

കാൽ നൂറ്റാണ്ട്​ നീണ്ട നിയമയുദ്ധത്തിനൊടുവിൽ 2011ൽ ഇടമലയാർ കേസിൽ വീണ്ടും ജയിലിലായി. ഒരു വർഷത്തേക്കാണ്​ ശിക്ഷിക്കപ്പെട്ടതെങ്കിലും 69 ദിവസം മാത്രമേ ജയിലിൽ കിടന്നുള്ളൂ. 251 ദിവസത്തിൽ 75 ദിവസം പരോളിലും 87ദിവസം ആശുപത്രിയിലുമായിരുന്നു. ജീവിതം മുഴുവൻ വിവാദങ്ങളിൽകൊരുത്ത പിള്ളയുടെ ജയിൽവാസ കാലാവധിയിലെ ഇളവും വിവാദമായി. ഈ രണ്ടു കേസിലും താൻ തികച്ചും നിരപരാധിയായിരുന്നുവെന്നും രാഷ്​​ട്രീയമായി തന്നെ വേട്ടയാടുകയായിരുന്നുവെന്നും 'മാധ്യമം' ആഴ്​ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ആത്മകഥയിൽ പിള്ള നിരന്തരം ഉന്നയിച്ചിരുന്നു.

ഒറ്റയാൻ പിള്ള

ശരിക്കും കേരള രാഷ്​ട്രീയത്തിലെ ഒറ്റയാനായിരുന്നു ബാലകൃഷ്​ണപിള്ള. അനുനയിച്ചും ഇടഞ്ഞും കുത്തിയും വിവാദങ്ങളുടെ കൊടുങ്കാടിൽ മസ്​തകം കുലുക്കിയിളക്കിയും തലങ്ങും വിലങ്ങും പാഞ്ഞുനടന്ന ഒരൊറ്റയാൻ. പിളരുന്തോറും വളരുന്ന കേരള കോൺഗ്രസിൽ സ്വന്തം പാർട്ടിയുണ്ടാക്കി താനും മകനുമായി പടവെട്ടി നിന്നൊരാൾ.

ചാട്ടുളിപോലെ പാഞ്ഞുകയറുന്ന വാക്​ശരങ്ങളാൽ എതിരാളികളെ കീറിമുറിച്ച പിള്ളക്ക്​ വിവാദങ്ങൾ പലപ്പോഴും മുഖ്യവിനോദോപാധി കൂടിയായിരുന്നു. മന്ത്രിസ്​ഥാനം വരെ രാജിവെക്കേണ്ടിവന്ന 'പഞ്ചാബ്​ മോഡൽ പ്രസംഗം' പോലും അതിനുദാഹരണമാണ്​. സ്വന്തം മകനെ രാജിവെപ്പിച്ച്​ മന്ത്രിക്കസേരയിലിരിക്കാനും മകനുമായി കലഹിക്കാനും പരസ്യമായി വെല്ലുവിളിക്കാൻ പോലും മടിയില്ലാത്ത കാരണവർ കൂടിയായിരുന്നു ആർ. ബാലകൃഷ്​ണപിള്ള.

ആറു​ പതിറ്റാണ്ടിലേറെ നീണ്ട രാഷ്​ട്രീയ ജീവിതത്തിൽനിന്ന്​ പിള്ള ഓർമയാകുമ്പോൾ രാഷ്​ട്രീയത്തിലെ ചടുലമായ ഒരധ്യായത്തിനു കൂടി തിരശ്ശീല വീഴുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congres mPolitcsR balakrishana pillai
News Summary - pillai , you can agree or disagree ...
Next Story