കൊല്ലം പൂരം കുടമാറ്റത്തിൽ ആര്‍.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം; കേസെടുത്ത് പൊലീസ്
text_fieldsകൊല്ലം: കൊല്ലം പൂരത്തിലെ കുടമാറ്റ ചടങ്ങിൽ ആര്‍.എസ്.എസ് നേതാവിന്‍റെ ചിത്രം ഉയര്‍ത്തിയത് വിവാദത്തിൽ. സംഭവത്തിൽ തിരുവിതാംകൂർ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരം കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്. സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്നും നിജസ്ഥിതി ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് പി എസ് പ്രശാന്ത് പറഞ്ഞു.
ഇരുപതോളം ആനകൾ രണ്ട് ഭാഗത്തായി നിരന്ന് പൂരത്തിന്‍റെ ഭാഗമായ കുടയും ചമയവും മാറുന്ന ചടങ്ങിലാണ് ആര്‍.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയര്‍ത്തിയത്. കൊല്ലം പൂരത്തോടനുബന്ധിച്ച് താമരക്കുളം മഹാഗണപതി ക്ഷേത്രവും പുതിയകാവ് ഭഗവതിക്ഷേത്രവുമാണ് ഇരുഭാഗത്തുനിന്ന് കുടമാറ്റം നടത്തുന്നത്. ഇതിൽ പുതിയകാവ് ക്ഷേത്രം ഉയർത്തിയ ചമയത്തിലാണ് നവോത്ഥാന നായകരായ അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, വിവേകാനന്ദൻ , ശ്രീനാരായണ ഗുരു എന്നിവരുടെ ചിത്രത്തിനൊപ്പം ഹെഡ്ഗേവാറിന്‍റെ ചിത്രവും ഉയർത്തിയത്.
ദേവസ്വം ബോർഡിന്‍റെ നിയന്ത്രണമില്ലാത്ത ഈ ക്ഷേത്രം പരിപാലിക്കുന്നവരിൽ അധികവും സംഘ് പരിവാർ ആശയക്കാരാണ്. ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈകോടതി നിർദേശം മറികടന്നാണ് കഴിഞ്ഞദിവസത്തെ സംഭവം. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് പൂരം നടക്കാറുള്ളത്. ചൊവ്വാഴ്ച രാത്രിയായിരുന്നു പൂരം.
സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്. വിശ്വാസികൾക്കിടയിൽ ഭിന്നിപ്പും സംഘർഷവുമുണ്ടാക്കാനുള്ള നീക്കമെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്. സംഭവത്തിൽ ഡി.വൈ.എഫ്.ഐയും ഹൈകോടതി രജിസ്ട്രാര്‍ക്ക് പരാതി നൽകി. കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകി.
കൊല്ലത്ത് ഉത്സവങ്ങൾ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ താല്പര്യങ്ങൾക്ക് ഉപയോഗിച്ചത് വിവാദമാകുന്നത് ഇക്കുറി ഇത് മൂന്നാമത്തേതാണ്. കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ, അലോഷി സേവ്യര്‍ വിപ്ലവ ഗാനങ്ങള്‍ പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു. കോടതി ഇടപെട്ടതിന് പിന്നാലെയായിരുന്നു നടപടി. അതിനുപിന്നാലെ കൊല്ലം കോട്ടുങ്കൽ ദേവീക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയിൽ ആര്‍.എസ്.എസ് ഗണഗീതം പാടിയ സംഭവവുമുണ്ടായി. അവിടെയും ക്ഷേത്രോപദേശക സമിതി പിരിച്ചുവിടാൻ ദേവസ്വം ബോർഡ് നിർദേശിച്ചിരുന്നു. കൊല്ലം പൂരത്തിൽ ഇത്തരമൊരു നടപടിയും അതേ തുടർന്ന് ചിത്രമടക്കം പുറത്തുവിട്ടതിന്‍റെയും പിന്നിൽ വിവാദം ഉദ്ദേശിച്ച് സംഘാടകർ തന്നെ ചെയ്തതാണെന്ന് ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.