ഒരുമനയൂരിൽനിന്ന് മോഷ്ടിച്ച പിക്ക് അപ്പ് വാൻ പൊള്ളാച്ചിയിൽ കണ്ടെത്തി
text_fieldsഅൽത്താഫ്, വിനീത്, അനിൽകുമാർ, അബ്ദുൽ നജീബ്, മനാഫ്
ചാവക്കാട്: ഒരുമനയൂർ ഒറ്റത്തെങ്ങിൽനിന്ന് മോഷ്ടിച്ച പിക്ക് അപ്പ് വാൻ തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ കണ്ടെത്തി. കവർച്ച സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ. ചാവക്കാട് മുളവട്ടൂർ ചെട്ട്യാലക്കൽ അമ്പലത്തിന് സമീപം കുരിക്കളകത്ത് അൽത്താഫ് (33), ഗുരുവായൂർ കോട്ടപ്പടി മൂത്താണ്ടശ്ശേരി വിനീത് (35), തിരുവത്ര അരുവല്ലി വീട്ടിൽ അനിൽകുമാർ (53), പെരിന്തൽമണ്ണ മുതിരമണ്ണ കപ്പൂർ വീട്ടിൽ അബ്ദുൽ നജീബ് (45) എന്നിവരെയാണ് ചാവക്കാട് പൊലീസ് പിടികൂടിയത്. സംഘത്തിലെ ഗുരുവായൂർ മല്ലാട് പുതുവീട്ടിൽ മനാഫ് (45) മറ്റൊരു കേസിൽ റിമാൻഡിലാണ്.
കഴിഞ്ഞ 22ന് പുലർച്ചയാണ് ഒരുമനയൂർ ഒറ്റത്തെങ്ങിൽ എടക്കളത്തൂർ വീട്ടിൽ അഗസ്റ്റിൻ വാടകക്കെടുത്ത് ഓടിക്കുന്ന പിക്കപ്പ് വാൻ മോഷണം പോയത്. ഗുരുവായൂർ എ.സി.പിയുടെ നിർദേശപ്രകാരം ചാവക്കാട് സി.ഐ വിപിൻ വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള സാഗോക്ക് ടീമും ചാവക്കാട് പൊലീസ് സംഘവും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വാഹനം പൊള്ളാച്ചി ഭാഗത്ത് പോയതായി മനസ്സിലാക്കി. തുടർന്ന് പൊള്ളാച്ചിയിൽ നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്.
മനാഫ്, അൽത്താഫ് എന്നിവരാണ് ഒരുമനയൂരിൽനിന്ന് വാഹനം മോഷ്ടിച്ചത്. പിന്നീട് വിനീത്, അനിൽകുമാർ, അബ്ദുൽ നജീബ് എന്നിവരുടെ സഹായത്തോടെ വാഹനം പൊള്ളാച്ചി മാർക്കറ്റിൽ പൊളിക്കാനായി എത്തിച്ചു. മോഷ്ടിച്ച വാഹനങ്ങൾ പൊള്ളാച്ചിയിലെത്തിച്ച് ഉടനെ പൊളിക്കുകയാണ് സംഘത്തിന്റെ രീതി. പൊലീസ് കൃത്യസമയത്ത് എത്തിയതിനാൽ വാഹനം പിടികൂടാനായി. 70,000 രൂപക്കാണ് ലക്ഷങ്ങൾ വിലവരുന്ന പിക്കപ്പ് വാൻ സംഘം വിറ്റത്.
എസ്.ഐ സജീവൻ, എ.എസ്.ഐ മണികണ്ഠൻ, സി.പി.ഒമാരായ ഇ.കെ. ഹംദ്, വിനോദ്, നൗഫൽ, സാഗോക്ക് ടീം അംഗങ്ങളായ പ്രദീപ്, സജി ചന്ദ്രൻ, സിംസൺ, അരുൺ, സുനീപ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അറസ്റ്റിലായവർ നിരവധി കേസുകളിലെ പ്രതികൾ
ചാവക്കാട്: ഒരുമനയൂർ വാഹന മോഷണ കേസിൽ അറസ്റ്റിലായവരിൽ മുതുവട്ടൂർ ചെട്ട്യാലക്കൽ അമ്പലത്തിനു സമീപം കുരിക്കലകത്ത് അൽത്താഫ് (34), പെരിന്തൽമണ്ണ മുതിരമണ്ണ താഴേക്കോട് കപൂർ വീട്ടിൽ അബ്ദുൽ നജീബ് (45) എന്നിവർ മയക്ക് മരുന്ന് കടത്ത് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ്.
അൽത്താഫ് ലഹരി മരുന്ന്, മോഷണം, ക്രിമിനൽ കേസുകൾ അടക്കം പത്തോളം കേസിലെ പ്രതിയാണ്. നജീബ് നിരവധി ചെക്ക്, വിസ തട്ടിപ്പ്, സ്വർണക്കടത്ത് അടക്കം ഇരുപതോളം കേസുകളിലെ പ്രതിയാണ്. കേസിലെ പ്രതിയായ ഗുരുവായൂർ മല്ലാട് പുതുവീട്ടിൽ മനാഫ് (45) മറ്റൊരു മോഷണ കേസിൽ റിമാൻഡിലാണ്. കഴിഞ്ഞ 23ന് മതിലകം പൊലീസ് പിടികൂടിയ മനാഫ് കൊടുങ്ങല്ലൂർ കോതപറമ്പിലാണ് താമസിക്കുന്നത്.
കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇരിങ്ങാലക്കുട സബ് ജയിലിലാണ് റിമാൻഡിൽ കഴിയുന്നത്. കഴിഞ്ഞ 22ന് ഒരുമനയൂരിൽ എത്തിയ അൽത്താഫും മനാഫും നിരവധി ശ്രമങ്ങൾക്കൊടുവിലാണ് പിക്ക് അപ്പ് വാൻ കൈക്കലാക്കിയത്. അതിനു മുമ്പ് തൊട്ടടുത്ത് കാറുകൾ വിൽക്കുന്ന സ്ഥാപനത്തിലേക്ക് കയറിയെങ്കിലും ഒന്നും മോഷ്ടിക്കാനായില്ല.
ഒരു കടയിൽ കയറാൻ ജനൽ ചില്ലുകൾ അടച്ചു തകർക്കുകയും ചെയ്തു. മറ്റൊരു സ്ഥാപനത്തിൽ കയറിയെങ്കിലും വാഹനമെടുത്ത പുറത്തിറക്കാനാകാതെ മതിലിലിടിച്ച് നിന്നതിനാൽ ആ ശ്രമവും ഉപേക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

