നിയന്ത്രണംവിട്ട ലോറി നിർത്തിയിട്ട പിക്കപ്പ് വാനിലിടിച്ച് ഡ്രൈവർ മരിച്ചു
text_fieldsഏറ്റുമാനൂർ: നിയന്ത്രണംവിട്ട തടിലോറി റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാനിലിടിച്ച് വാൻ ഡ്രൈവർ മരിച്ചു. തമിഴ്നാട് തിരുനൽവേലി അംബാസമുദ്രം ആൾവർക്കുറിച്ചി സുന്ദരപാണ്ട്യ വിനായകർ തെരുവിൽ ശിവനുവിന്‍റെ മകൻ മുരുകൻ (23) ആണ് മരിച്ചത്. എം.സി റോഡിൽ തെള്ളകത്തിനും ഏറ്റുമാനൂരിനുമിടയിൽ 101 കവല ഭാഗത്ത് ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.
തമിഴ്നാട്ടിൽനിന്നും എത്തിച്ച വാഴക്കുലകൾ കോട്ടയം പച്ചക്കറി മാർക്കറ്റിൽ ഇറക്കിയശേഷം മടങ്ങുന്നതിനിടയിൽ തകരാറിലായ പിക്കപ്പ് വാൻ റോഡരികിൽ നിർത്തിയതായിരുന്നു. ഡ്രൈവർ മുരുകൻ വാനിന്റെ ബോണറ്റ് ഉയർത്തി പരിശോധിക്കുന്നതിനിടയിൽ ലോറി വാനിനു പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും തെന്നി മാറിയ പിക്കപ്പ് വാൻ തൊട്ടടുത്ത മതിലിൽ ഇടിച്ചു മറിഞ്ഞു.
മതിലിനും വാനിനുമിടയിൽ ഞെരിഞ്ഞമർന്ന് ഗുരുതരമായി പരിക്കേറ്റ മുരുകനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ഏറ്റുമാനൂർ പൊലീസ് കേസ് എടുത്തു.