യുവതികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: യുവാവിനെ സൈബർ പൊലീസ് പിടികൂടി
text_fieldsകാസർകോട്: യുവതികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തിൽ കാസർകോട് സ്റ്റുഡിയോ ആൽബം ഡിസൈനർ പിടിയിൽ. ഇരിയണ്ണി സ്വദേശി അനൂപിനെയാണ് സൈബർ പൊലീസ് പിടികൂടിയത്. പ്രദേശത്തെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇയാൾ ദുരുപയോഗം ചെയ്തത്. പരാതിയുമായി നിരവധി പെൺകുട്ടികൾ രംഗത്ത് എത്തിയിട്ടുണ്ട്. കൂടുതൽ പേരുടെ ചിത്രങ്ങൾ മോർഫ് ചെയ്തിട്ടുണ്ടെന്ന് പൊലീസിന് സംശയമുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. 32 പേരുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് സൈബർ സെൽ പൊലീസിന്റെ കണ്ടെത്തൽ. ചില പുരുഷന്മാരുടെ ഫോട്ടോകളും യുവതിയുടെ ചിത്രങ്ങളോടൊപ്പം ചേർത്ത് നഗ്നചിത്രങ്ങൾ ഉണ്ടാക്കിയെന്ന തരത്തിലുള്ള പരാതികളും ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെത്തിയത്. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അനൂപ് താമസിക്കുന്നത്. പ്രതിയിൽനിന്ന് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, രണ്ട് മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഇവ കൂടുതൽ സാങ്കേതിക പരിശോധനക്കായി അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ടെലിഗ്രാമിൽ നഗ്നചിത്രം കണ്ടതോടെയാണ് യുവതികൾ പരാതി നൽകിയത്. നിലവിൽ ആറു പേരാണ് പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയത്. എന്നാൽ, ഇതിൽ ഇരകളായവരുടെ എണ്ണം കൂടുതലായിരിക്കുമെന്നും പൊലീസ് പറയുന്നു. പ്രതി ഉപയോഗിച്ചിരുന്ന ടെലിഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ അക്കൗണ്ടിന്റെ സാങ്കേതിക വിവരങ്ങളും ഡിജിറ്റൽ തെളിവുകളും തേടി ടെലിഗ്രാം അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

