പി.എഫ്.ഐ കേസ്; അഭിഭാഷകനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു
text_fieldsRepresentative image
കൊച്ചി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേസിൽ അറസ്റ്റിലായ ഹൈകോടതി അഭിഭാഷകനെ അഞ്ച് ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. എറണാകുളം എടവനക്കാട് മായാബസാർ അഴിവേലിക്കകത്ത് ഐ.എ. മുഹമ്മദ് മുബാറക്കിനെയാണ് (32) എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്.
ഇയാൾ പോപുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകനാണെന്ന് കോടതിയിൽ എൻ.ഐ.എ ആരോപിച്ചു. എന്നാൽ, മുബാറക് ആയോധന പരിശീലന സ്ഥാപനം നടത്തുന്നുണ്ടെങ്കിലും പോപുലർ ഫ്രണ്ടുമായി ഒരു ബന്ധവുമില്ലെന്ന് പ്രതിഭാഗം വാദിച്ചു.
സംസ്ഥാനത്ത് 56 ഇടങ്ങളിലായി പി.എഫ്.ഐ നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിൽ വ്യാഴാഴ്ച നടത്തിയ റെയ്ഡിന് പിന്നാലെയാണ് മുബാറക്കിനെ കസ്റ്റഡിയിലെടുത്തത്. പി.എഫ്.ഐയുടെ കീഴിൽ ആയോധനകലയും ഹിറ്റ് സ്ക്വാഡ് പരിശീലനവും നൽകിയിരുന്ന ആളാണ് മുബാറക്കെന്നാണ് എൻ.ഐ.എയുടെ ആരോപണം.
മുബാറക്കിന്റെ വീട്ടിൽനിന്ന് ബാഡ്മിന്റൺ റാക്കറ്റ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയുധങ്ങൾ പിടിച്ചെടുത്തെന്നും മറ്റ് സമുദായങ്ങളിലെ നേതാക്കളെയും അംഗങ്ങളെയും ലക്ഷ്യമിട്ട് പി.എഫ്.ഐ ഹിറ്റ് സ്ക്വാഡുകളെ വളർത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അന്വേഷണസംഘം കോടതിയിൽ ബോധിപ്പിച്ചിരുന്നു.
ചോദ്യം ചെയ്യലിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂവെന്ന് എൻ.ഐ.എ അറിയിച്ചതിനെത്തുടർന്നാണ് കസ്റ്റഡി അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

