മൂന്നാർ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച നടന്ന തിരച്ചിലില്‍ മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു. കൗശിക (15) ശിവരഞ്ജിനി (15), മുത്തുലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണിത്. ഇതില്‍ മുത്തു ലക്ഷ്മി ഗര്‍ഭിണിയായിരുന്നു.
ഇതോടെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. ദുരന്തത്തില്‍ അകപ്പെട്ട അഞ്ചു പേരെ കൂടിയാണ് ഇനി കണ്ടുകിട്ടാനുള്ളത്. ദുരന്തഭൂമിയിൽനിന്ന് കിലോമീറ്ററുകളോളം ദൂരെ ഭൂതക്കുഴി ഭാഗത്തുനിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തുടര്‍ച്ചയായ പതിനാലാം ദിവസമാണ് പെട്ടിമുടിയില്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്തിയത്.
ദുര്‍ഘടമായ ഭൂതക്കുഴി ഭാഗത്തെ തിരച്ചില്‍ ജോലികള്‍ക്ക് പഞ്ചായത്തിെൻറ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിെൻറ സാന്നിധ്യം ഏറെ സഹായകരമായി. പുലിയുടേതടക്കം വന്യജീവി സാന്നിധ്യം ഈ മേഖലയിലെ തിരച്ചില്‍ ജോലികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
കാണാതായവര്‍ക്കായി തിരച്ചില്‍ ജോലികള്‍ ഊര്‍ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് എസ്. രാജേന്ദ്രന് എം.എല്‍.എ പറഞ്ഞു. എന്‍.ഡി.ആർ.എഫ്, ഫയര്‍ഫോഴ്സ്, പൊലീസ്, വനംവകുപ്പ് തുടങ്ങിയ സേനകളാണ് തിരച്ചില്‍ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം.