താനൂരിൽ ടാങ്കർ ലോറി അപകടം; പെട്രോൾ ഒഴുകുന്നു, ആളുകളെ മാറ്റുന്നു- വിഡിയോ
text_fieldsതാനൂർ: താനൂർ ജംഗ്ഷനിൽ പോസ്റ്റിലിടിച്ച് ടാങ്കറിൽ നിന്നും പെട്രോൾ ചേർന്നത് ഭീതി പരത്തി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം. ദേവധാർ മേൽപാലത്തിൽ അപകടം നടന്നതിനാൽ ഉണ്യാൽ വഴി താനൂർ ജംഗ്ഷൻ വഴിയാണ് കോഴിക്കോട്ടേക്ക് വാഹനം തിരിച്ച് വിട്ടത്.
ഇത് വഴി വന്ന 12000 ലിറ്റർ പെട്രോൾ ടാങ്കർ ബീച്ച് റോഡിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് തിരിയുന്നതിനിടയിലാണ് അപകടം. ലോറി ഇരുമ്പി ഇലക്ട്രിക് തൂണിൽ തട്ടി ടാങ്കറിന്‍റെ മധ്യഭാഗം ലീക്കാവുകയായിരുന്നു. തൂണിൽ തട്ടിയപ്പോൾ തീ പിടിക്കാത്തത് വലിയ അപകടം ഒഴിവാക്കി. അപകടത്തെ തുടർന്ന് സമീപ കടകളെല്ലാം പൂർണമായും അടച്ചു. സമീപ കടയിലെ തൊഴിലാളികളുടെ സമയോജിത ഇടപെടൽ മൂലം കെ.എസ്.ഇ.ബി വൈദ്യതിയും ഓഫ് ചെയ്തു.
നാലായിരം ലിറ്റർ പെട്രോൾ റോഡിലും ഓടയിലേക്കുമായി ഒഴുകി.സംഭവസ്ഥലത്ത് താനൂർ പൊലീസും രണ്ട് യൂണിറ്റ് ഫയർഫോഴ്സും ട്രോമകെയർ അടക്കമുള്ളവർ രക്ഷാപ്രവർത്തനം നടത്തി. റോഡിൽ പൂർണമായും വെള്ളം ഒഴിച്ച് വൃത്തിയാക്കി എംസാൻ്റ് പാകി. ടാങ്കർ സ്ഥലത്ത് നിന്നും മാറ്റാൻ സാധിച്ചിട്ടില്ല. താനൂർ ജംഗ്ഷൻ വഴിയുള്ള ഗതാഗതം നിരോധിച്ച് വട്ടത്താണി വഴി ദേശീയപാത 66 ലേക്ക് വാഹനം പൊലീസ് തിരിച്ച് വിട്ട് നിയന്ത്രിച്ചു.