പെട്രോള്‍പമ്പില്‍ യുവാവിനെ തീ കൊളുത്തിയ സംഭവം: കരിമണി വിനീതിനെ കോയമ്പത്തൂരിൽ പിടികൂടി
text_fieldsചാലക്കുടി: വെള്ളിക്കുളങ്ങര മൂന്നുമുറിയിലെ പെട്രോള്‍പമ്പില്‍ യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് ഒളിവിൽ പോയ കരിമണി എന്ന മൂന്നുമുറി ഒമ്പതുങ്ങല്‍ സ്വദേശി വട്ടപ്പറമ്പില്‍ വിനീതി(29)നെ കോയമ്പത്തൂര്‍ ജനറല്‍ ആശുപത്രിക്കടുത്ത് വെച്ച് കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. മേയ് 19ന് ആണ് പമ്പില്‍ പെട്രോൾ അടിക്കാന്‍ എത്തിയ വിനീതും രണ്ട് യുവാക്കളും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിനൊടുവിൽ സംഭവം ഉണ്ടായത്.
യുവാക്കളുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം സ്വന്തം സ്കൂട്ടറില്‍ രക്ഷപ്പെട്ട വിനീത് നേരെ വീട്ടിലെത്തി വസ്ത്രം മാറി തൃശൂരിലേക്ക് വിട്ടു. പെട്രോൾ ബങ്കിൽ വെച്ച് ഇയാളുടെ തലക്ക് മുറിവേറ്റിരുന്നു. ഒരു സ്വകാര്യ ആശുപത്രിയിൽ കയറി മുറിവ് ഡ്രസ് ചെയ്ത് സ്കൂട്ടറില്‍തന്നെ കോയമ്പത്തൂരിലേക്ക് പോയി. കോയമ്പത്തൂരിലെത്തി സ്കൂട്ടര്‍ അവിടെ ഉപേക്ഷിച്ച് രാത്രി സമയങ്ങളില്‍ ദീര്‍ഘദൂര ബസുകളില്‍ കയറി സമയം ചെലവഴിച്ചു.
ഇയാൾ കോയമ്പത്തൂരിലേക്കാണ് പോയതെന്ന് മനസ്സിലാക്കിയ പൊലീസ് തിരൂപ്പൂരിലെയും കോയമ്പത്തൂരിലെയും ആശുപത്രികള്‍ കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തി വരുന്നതിനിടയിലാണ് ഇയാൾ കോയമ്പത്തൂർ മെഡിക്കല്‍ കോളജില്‍ ചികിത്സക്ക് വരുന്നതായും ചില ദിവസങ്ങളില്‍ പകല്‍ സമയം ആശുപത്രിയില്‍ ചെലവഴിക്കുന്നതായും മനസ്സിലായത്. ആശുപത്രി പരിസരത്ത് നിരീക്ഷണം നടത്തിക്കൊണ്ടിരിക്കേ തിങ്കളാഴ്ച പുലര്‍ച്ച ചെന്നൈയില്‍നിന്ന് എത്തി മെഡിക്കൽ കോളജിലേക്ക് പോകുന്നതിനിടെ വിനീതിനെ പിടികൂടുകയായിരുന്നു.
ഐസ് ക്രീം വില്പനക്കാരനെ ആക്രമിച്ച് പണം തട്ടിയതിനും പൊലീസിന് ഇയാളെ പറ്റി വിവരം നല്‍കിയതിന് വാസുപുരത്തെ ഒരു യുവാവിനെ ഹോട്ടലിലേക്ക് ഓടിച്ച് കയറ്റി വടിവാളുകൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും അറസ്റ്റ് ചെയ്യാന്‍ ചെന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഇയാളുടെ പേരിൽ കേസുണ്ട്. സുഹൃത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ആളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി, വടിവാള്‍ കൈവശം െവച്ചു, വരന്തരപ്പിള്ളിയില്‍ ആയുധങ്ങളുമായി വീട്ടില്‍ കയറി വീട് തല്ലിപ്പൊളിച്ചു, ചാലക്കുടി നാടുകുന്നില് വീട് വാടകക്കെടുത്ത് ചാരായം വാറ്റി വില്പന നടത്തി, ഒല്ലൂരില്‍ ഇന്നോവ കാറുകള്‍ വാടകക്കെടുത്ത് തിരിച്ചു കൊടുക്കാതെ മറിച്ചു വിറ്റു, കോയമ്പത്തൂരില്‍ സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു എന്നിങ്ങനെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
ഇയാള്‍ക്കെതിരെ കാപ്പ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ചാലക്കുടി ഡിവൈ.എസ്.പി സി.എസ്. ഷാഹുല്‍ ഹമീദ്, ക്രൈം സ്ക്വാഡ് എസ്.ഐ വി.എസ്. വത്സകുമാര്‍, സതീശന് മടപ്പാട്ടില്‍, പി.എം. മൂസ, വി.യു. സില്‍ജോ, ഷിജോ തോമസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
