ഇന്ധനവില: കേരളത്തിൽ കൂടിയത് രണ്ടര രൂപ
text_fieldsതിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ രണ്ടുരൂപ ഇന്ധനനികുതി വർധന പ്രാബല്യത്തിലായതോടെ തിരുവനന്തപുരത്തും കൊച്ചി യിലും പെേട്രാളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് 2.48 രൂപയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 76.22 രൂപയും ഡീസലിന് 71.64 രൂപയുമായിരുന്നു ശനിയാഴ്ചയിലെ വില. കൊച്ചിയിൽ ഇത് യഥാക്രമം 74.80, 70.31 എന്നിങ്ങനെയായിരുന്നു. കോഴിക്കോട്ട് പെട്രോൾ ലിറ്ററിന് 72.64 ഉണ്ടായിരുന്നത് 75.15 ആയി. 2.51 രൂപയുടെ വർധന. ഡീസൽ വിലയിൽ രണ്ടര രൂപയുടെ വർധനവാണുള്ളത്. 68.16 രൂപ ഉണ്ടായിരുന്നത് 70.66 ആയി. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 72.96 ഉം മുംബൈയിൽ 78.57 ഉം രൂപയാണ് ശനിയാഴ്ചയിലെ വില.
വെള്ളിയാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ലിറ്ററിന് അധിക എക്സൈസ് തീരുവ, റോഡ്-അടിസ്ഥാന സൗകര്യ വികസനം എന്നീ ഇനങ്ങളിൽ ഒാരോ രൂപ വീതമാണ് വർധിപ്പിച്ചത്. സംസ്ഥാന നികുതി ഉൾപ്പെടെയുള്ള അനുബന്ധ നികുതികൾ കൂടി ചേരുന്നതോടെ ഫലത്തിൽ രണ്ടര രൂപയാണ് വർധിക്കുക. അന്താരഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുേമ്പാൾ നികുതി കൂട്ടുകയും വില കൂടുേമ്പാൾ വില കുറക്കാതിരിക്കുകയും ചെയ്യുന്നതിന് പുറമെയാണ് ഇപ്പോഴത്തെ അധികനികുതി ഭാരം.
